Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം ഒറ്റപ്പെടുത്തിക്കൊള്ളൂ, ആന്റോനെല്ലയുടെ പ്രണയമുള്ളിടത്തോളം മെസ്സി തനിച്ചാവില്ല

messi-with-his-wife

കരിയറിയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു ഘട്ടത്തിലാണ് ലയണൽ മെസ്സിയുടെ ജീവിതമിപ്പോൾ. ആർജന്റീന ഏറ്റുവാങ്ങിയ പരാജയത്തിന്റെ ഭീമൻ ഭാരവും ചുമലിലേറ്റി തളർന്നിരിക്കുമ്പോൾ ഇത്രയുംകാലം മെസ്സിയെ നെഞ്ചേറ്റിയ ആരാധകർ മറന്നുപോയ ഒരുകാര്യമുണ്ട്. പ്രീക്വാർട്ടറിൽ ആർജന്റീന കടക്കുമോ എന്ന് ആധിപിടിക്കുന്നവർ മനപൂർവ്വം മറന്നുപോയ ഒരുകാര്യം.

കളിക്കളത്തിലെ പ്രകടനത്തിലൂടെ ആരാധകരുടെ പ്രിയപ്പെട്ടവനായ മെസ്സി എത്രപെട്ടന്നാണ് അവരുടെ പഴികേൾക്കാൻ മാത്രം വിധിക്കപ്പെട്ടവനായി മാറിയത്. ആർജന്റീന തോറ്റപ്പോൾ ആത്മഹത്യ ചെയ്ത്, അപക്വമായ തീരുമാനം കൊണ്ട് സ്വന്തം മാതാപിതാക്കളെ കണ്ണീരിലാഴ്ത്തിയവർ വരെ ഈ മനുഷ്യനെ വല്ലാതങ്ങു ഒറ്റപ്പെടുത്തിയ ദിവസമാണ് കഴിഞ്ഞു പോയത്.

കഴിഞ്ഞ ദിവസം ലയണൽ മെസ്സിയുടെ 31–ാം ജന്മദിനമായിരുന്നു. പിറന്നാൾ ഗംഭീരമായി കൊണ്ടാടാൻ പറ്റിയ ഒരു സാഹചര്യമല്ല എന്ന് മറ്റാരേക്കാളും നന്നായറിയാവുന്നത് മെസ്സിക്ക് തന്നെയാവും. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരം കഴിഞ്ഞ ദിവസങ്ങളിൽ തീർത്തും ഒറ്റയ്ക്കായിരുന്നു. പക്ഷേ 

ഈ ലോകം തന്നെ വെറുത്താലും ഒറ്റപ്പെടുത്തിയാലും പ്രണയം നൽകി ചേർത്തുപിടിക്കാൻ താനുള്ളപ്പോൾ മെസ്സി ഒരിയ്ക്കലും തനിച്ചാവില്ലെന്ന് തെളിയിക്കുകയായിരുന്നു ഭാര്യ ആന്റോനെല്ല.

കരിയറിലെ വലിയൊരു പ്രതിസന്ധിയിൽ പതറി നിൽക്കുന്ന മെസ്സിക്ക് നൽകാവുന്ന സകല ഊർജ്ജവും വാക്കിൽ നിറച്ചാണ് ആന്റോനെല്ല ഭർത്താവിന് പിറന്നാൾ ആശംസകൾ നേർന്നത്. ഇൻസ്റ്റഗ്രാമിലാണ് ആന്റോനെല്ല ഹൃദയം കൊണ്ട് ആ സന്ദേശമെഴുതിയത്. ആന്റോനെല്ലയും മെസ്സിയും വേർപിരിയാൻ പോകുന്നു എന്നു പറഞ്ഞു പരത്തിയവരുടെ മുഖത്തേനേൽക്കുന്ന കനത്ത പ്രഹരമായി ആന്റോനെല്ല കുറിച്ചതിങ്ങനെ:-

' ഈ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീയായി എന്നെ മാറ്റിയതിന് നന്ദി. ഏറ്റവും വലിയ സമ്പാദ്യമായി നമ്മുടെ കുടുംബം നൽകിയതിനും  നന്ദി. എന്റെ പ്രിയനേ ഇന്നും എന്നും നിനക്ക് സന്തോഷം നേരുന്നു'.

ജയിച്ചു നിൽക്കുമ്പോൾ കൂടെയുള്ളവരാരും തന്നെ തോൽവിയിൽ ഒപ്പമുണ്ടാവില്ലെന്ന ജീവിത പാഠം പഠിക്കുന്നതിനോടൊപ്പം ആന്റോനെല്ലയുടെ പ്രണയം നൽകുന്ന ആത്മവിശ്വാസത്താൽ മെസ്സി കളിക്കളത്തിൽ മാന്ത്രികത തീർക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ആത്മാർഥതയോടെ മെസ്സിയെ സ്നേഹിക്കുന്ന ആരാധകർ.