ലോകത്തെ ധനികരുടെ പട്ടികയിൽ രണ്ടാംസ്ഥാനക്കാരനായ ബിൽഗേറ്റ്സ് വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്ക്കായി കുറിച്ച വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഭാര്യയ്ക്ക് ആശംസകൾ നേർന്നത്. ഒരുമിച്ചു ചിരിക്കാനായി ഇനി 25 വർഷം കൂടി കാത്തിരിക്കാനാവില്ല എന്നാണ് ഭാര്യയ്ക്ക് വിവാഹദിനാശംസകൾ നേർന്നുകൊണ്ട് അദ്ദേഹം കുറിച്ചത്. ഭാര്യ മെലിൻഡയെ ടാഗ് ചെയ്തുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ഭർത്താവിന്റെ ആശംസയ്ക്കു മറുപടിയായി ഒരുമിച്ചു പൊട്ടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് മെലിൻഡ ബിൽഗേറ്റ്സ് നൽകിയ മറുപടിയിങ്ങനെ ''
വിവാഹവാർഷികാശംസകൾ ബിൽഗേറ്റ്സ്. 25 വർഷങ്ങൾ, പിന്നെ മൂന്നു കുട്ടികൾ. നമുക്കിപ്പോഴുമിങ്ങനെ ചിരിക്കാൻ സാധിക്കുന്നുണ്ടല്ലോ''
ലോകത്തെ ഏറ്റവും വലിയ ധനികന്റെ ഭാര്യയായിരിക്കുമ്പോഴും സുഖലോലുപതയിൽ മയങ്ങിയുള്ള ജീവിതമായിരുന്നില്ല മെലിൻഡയുടേത്. കാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച മെലിൻഡ തന്റെ സമയം ദുരിതമനുഭവിക്കുന്നവർക്കുവേണ്ടിയും ചിലവഴിക്കാൻ തയാറായി. ആ തീരുമാനമാണ് ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ചാരിറ്റി സംഘടനയായ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പിറവിക്കു പിന്നിൽ. ഇരുവരും ചേർന്ന് ഗേറ്റ് ഫൗണ്ടേഷൻ തുടങ്ങുന്നത് 2000ത്തിലാണ്.
ബിരുദപഠനത്തിനു ശേഷം പുതിയതായി തുടങ്ങിയ ഒരു കമ്പനിയിലാണ് മെലിൻഡ ജോലിക്ക് പ്രവേശിച്ചത്. ആ ഓഫിസും ജോലിയും തന്റെ ഭാവി തന്നെ മാറ്റി മറിക്കുമെന്ന് അന്ന് മെലിൻഡ അറിഞ്ഞിരുന്നില്ല. അവിടെവച്ചാണ് കമ്പനി സിഇഒ ആയ ബിൽഗേറ്റ്സ് മെലിൻഡയെ കാണുന്നതും പരിചയപ്പെടുന്നതും. ന്യൂയോര്‍ക്ക് സിറ്റി സെയില്‍സ് മീറ്റിംഗില്‍ വച്ചാണ് ബിൽഗേറ്റ്‌സ് മെലിന്‍ഡയെ ആദ്യമായി കണ്ടത്. അതിനു ശേഷം ഒരാഴ്ച കഴിഞ്ഞ് പാര്‍ക്കിംഗ് ലോട്ടില്‍ വച്ച് തന്റെ കൂടെ പുറത്തേയ്ക്കു വരാന്‍ ബിൽഗേറ്റ്‌സ് ആ പെണ്‍കുട്ടിയെ ക്ഷണിച്ചത്. അതായിരുന്നു ആ പ്രണയ ബന്ധത്തിന്റെ തുടക്കം.
നീണ്ട ഏഴുവർഷത്തെ പ്രണയത്തിനൊടുവിൽ 1995ലാണ് മെലിൻഡ ബിൽഗേറ്റ്സിന് സ്വന്തമായത്. ജോലിക്കു മാത്രല്ല കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകണമെന്ന നിർബന്ധം കൊണ്ട് ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോൾത്തന്നെ മെലിന്‍ഡ ഒരു തീരുമാനമെടുത്തു. ഇനി ജോലിക്ക് പോകുന്നില്ല. കുഞ്ഞിനു മാതാപിതാക്കളുടെ പരിചരണം ആവശ്യമാണ്. രണ്ടുപേരും ജോലിക്കു പോയാല്‍ കുഞ്ഞിന് ആ പ്രയത്തിൽ ആവശ്യമായ സ്നേഹവും കരുതലും ഒരിക്കലും ലഭിക്കാതെ പോകും. രണ്ടുപേരും ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ കുഞ്ഞുങ്ങളിലേയ്ക്കു കൂടി പകര്‍ന്നു നല്‍കാന്‍ കഴിയാതെ വരും. 'ആദ്യം അത് കേട്ടപ്പോള്‍ ബിൽഗേറ്റ്‌സ് അമ്പരന്നുപോയെന്നും പിന്നീട് താൻ അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയെന്നും മെലിൻഡ പറയുന്നു.