കൂടെയുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരാളെ ഒരേ തീവ്രതയോടെ പ്രണയിക്കാൻ കഴിയുക, അയാളുടെ അസാന്നിധ്യത്തിലും അയാൾക്കു വേണ്ടി എന്തെങ്കിലുമൊക്കെ നന്മകൾ ചെയ്യാൻ കഴിയുക, അയാൾ ബാക്കിവച്ചു പോയ ആഗ്രഹങ്ങളൊരോന്നായി സഫലീകരിക്കുക... ബിജിബാൽ താങ്കളതാണ് ചെയ്യുന്നത് എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം സംവിധാനം ചെയ്ത സുന്ദരി എന്ന ഹ്രസ്വചിത്രം ആരാധകർ നെഞ്ചേറ്റിയത്.
ഭാര്യ ശാന്തി ബിജിബാലിന് സ്കൂൾ കാലഘട്ടത്തിൽ ഒന്നാം സമ്മാനം ലഭിച്ച ചെറുകഥ ആധാരമാക്കിയാണ് ബിജിബാൽ സുന്ദരി എന്ന ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ബിജിബാലിന്റെയും ശാന്തിയുടെയും മകൾ ദയ ഹ്രസ്വചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നന്മയുടെ കഥ പങ്കുവയ്ക്കുന്ന ഈ കൊച്ചു ഹ്രസ്വചിത്രം ഇതിനകം തന്നെ ആരാധകരുടെ മനം കീഴടക്കി കഴിഞ്ഞു.
കടൽത്തീരത്തെത്തുന്ന ഒരു കൊച്ചുപെൺകുട്ടിയെയും അവൾ അവിടെവച്ചു പരിചയപ്പെടുന്ന നിലക്കടല വിൽക്കുന്ന പെൺകുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ ഹ്രസ്വചിത്രം പറയുന്നത്. ബാല്യത്തിന്റെ നിഷ്കളങ്കതയിലും തനിക്കു മനസ്സിലാകാത്ത എന്തോ കാര്യത്തിനുവേണ്ടി ഉള്ളു നോവുന്ന ഒരു പെൺകുട്ടിയും ആ ചെറുപ്രായത്തിലും അവളെടുത്ത പക്വതയുള്ളൊരു തീരുമാനം മറ്റൊരാൾക്ക് നന്മയായി മാറുന്നതും ഈ ഹ്രസ്വചിത്രത്തിൽ സുന്ദരമായി ആവിഷ്കരിച്ചിട്ടുണ്ട്. നല്ലതിനുവേണ്ടിയുള്ള ചില കുട്ടിശാഠ്യങ്ങൾ ചിലർക്ക് സമ്മാനിക്കുക പുതിയൊരു ജീവിതം തന്നെയാണെന്ന സന്ദേശവും ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നുണ്ട്.
കുട്ടിക്കൂട്ടം കടൽത്തീരത്തു കളിച്ചു നടക്കുന്നതിനിടയിൽ കടൽത്തീരത്ത് പേരെഴുതിക്കളിക്കുന്ന രംഗങ്ങളിൽ ശാന്തി–ബിജിബാൽ ദമ്പതികളുടെ മകളും ചിത്രത്തിലെ പ്രധാന കഥാപാത്രവുമായ ദയ ശാന്തി എന്നപേര് മണൽത്തരികളിലെഴുതുമ്പോൾ കടൽത്തിര വന്ന് ആ പേരു മായ്ച്ചു കളയുന്നൊരു രംഗം ഹ്രസ്വചിത്രത്തിലുണ്ട്. അകാലത്തിൽ പൊലിഞ്ഞു പോയ ശാന്തിയുടെ ഓർമകളിലേക്കു കൂടിയാവാം തിരകളടിച്ചെത്തിയതെന്ന് ആരാധകർ പറയുന്നു. ശാന്തി–ബിജിബാൽ പ്രണയത്തോട് അസൂയ തോന്നുന്നു എന്നാണ് ചിലർ ഈ ഹ്രസ്വചിത്രത്തെ അഭിനന്ദിച്ചുകൊണ്ടു നൽകിയ കമന്റുകളിൽ പറയുന്നത്.