ഐശ്വര്യ ഒരു 'സൂപ്പർ മോം' ആണെന്ന് ആദ്യം പറഞ്ഞത് ഭർത്താവ് അഭിഷേക് ബച്ചനാണ്. തിരിച്ചറിവായിത്തുടങ്ങിയ ഘട്ടത്തിൽ തന്റെ അമ്മയാണ് ലോകത്തിലെ ഏറ്റവും മികച്ച അമ്മയെന്ന് ആരാധ്യയും സമ്മതിച്ചു. എന്നാൽ മരുമകൾ അമിത വാൽസല്യമുള്ള ഒരമ്മയാണെന്നായിരുന്നു ജയാബച്ചന്റെ നിരീക്ഷണം. തന്റെ മാതൃത്വത്തെപ്പറ്റിയുള്ള പോസീറ്റീവും നെഗറ്റീവുമായ എല്ലാ അഭിപ്രായങ്ങളെയും ഒരേ മനസ്സോടെ സ്വീകരിക്കുന്ന ഐശ്വര്യ ഇപ്പോൾ വാർത്തകളിൽ നിറയുന്നതും അങ്ങനെയൊരു അഭിപ്രായ പ്രകടനത്തിനത്തിന്റെ പേരിലാണ്.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ അവതാരകൻ ഐശ്വര്യയെ 'സൂപ്പർ മോം' എന്നു വിളിച്ചപ്പോൾ ഐശ്വര്യയുടെ പ്രതികരണമിങ്ങനെ: "നിങ്ങൾക്ക് എനിക്കു തരാൻ കഴിയുന്ന ഏറ്റവും മികച്ച അഭിനന്ദനമാണിത്. ജീവിതത്തിലെ സ്വാഭാവികവും ഉപാധികളില്ലാത്തതുമായ അനുഭവം. സ്നേഹത്തിന്റെ യഥാർഥ നിർവചനം. അതെന്നെ കൂടുതൽ മികച്ച ഒരാളാക്കി മാറ്റുന്നു. എനിക്കത് ബ്രേക്ക് ചെയ്യാനാവില്ല. അതിനെ വിശദീകരിക്കാനോ ആ അനുഭവത്തെ വാക്കുകളിലേക്ക് ചുരുക്കാനോ എനിക്കാവില്ല. നന്ദി മാത്രം.''
ബി ടൗണിൽ തിളങ്ങി നിന്ന ഐശ്വര്യ മകൾ ആരാധ്യയുടെ ജനനശേഷം സിനിമയിൽ നിന്നു നീണ്ട ഇടവേളയെടുത്തിരുന്നു. പിന്നീട് കുഞ്ഞിന്റെ സൗകര്യം കൂടി കണക്കിലെടുത്ത് അഭിനയിക്കുന്ന സിനിമകളുടെ എണ്ണം വളരെ കുറച്ചു. കരിയറിനേക്കാൾ പ്രാധാന്യം കുഞ്ഞിന്റെ വളർച്ചയ്ക്ക് നൽകിയ താരം പരസ്യചിത്രങ്ങളിലഭിനയിക്കാനെത്തുമ്പോഴും പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോഴുമെല്ലാം മകളെയും ഒപ്പം കൂട്ടാറുണ്ട്.
കുഞ്ഞിനെ ഒറ്റയ്ക്കു വിടാനിഷ്ടപ്പെടാത്ത ഐശ്വര്യ അവളുടെ എല്ലാക്കാര്യങ്ങളും സ്വയം ചെയ്യണമെന്ന വാശിക്കാരിയാണെന്നും ഈ തലമുറയിൽപ്പെട്ട എല്ലാ അമ്മമാരെയും പോലെ ഐശ്വര്യയും അമിത വാൽസല്യമുള്ള ഒരമ്മയാണെന്നും ഒരു അഭിമുഖത്തിൽ ജയാബച്ചൻ സൂചിപ്പിച്ചിരുന്നു. ഐശ്വര്യയ്ക്ക് മുഴുവൻ സമയ സിനിമാ ജീവിതം നഷ്ടപ്പെടുന്നതായി കരുതുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ജയാബച്ചൻ ഇങ്ങനെ മറുപടി നൽകിയത്. കുഞ്ഞിന്റെ കാര്യങ്ങളെല്ലാം നോക്കിയ ശേഷം സമയം കിട്ടുന്നുണ്ടെങ്കിലേ ഐശ്വര്യ അഭിനയം തിരഞ്ഞെടുക്കൂവെന്നും അവർ പറഞ്ഞിരുന്നു.
ഭാര്യ, അമ്മ, മകൾ, മരുമകൾ എന്നീ റോളുകളെല്ലാം വളരെ പെർഫക്ട് ആയി ചെയ്യുന്നയാളാണെന്നും ഐശ്വര്യയ്ക്ക് എങ്ങനെയാണ് എല്ലാക്കാര്യങ്ങളും കൃത്യതയോടെ ചെയ്യാൻ കഴിയുന്നതെന്നോർത്ത് താൻ അദ്ഭുതപ്പെടാറുണ്ടെന്നും അഭിഷേകും പലപ്പോഴും പറയാറുണ്ട്. മകൾ ജനിച്ചതിൽ പിന്നെ എല്ലാ അമ്മമാരെയും പോലെ ഐശ്വര്യയുടെ മുൻഗണനകളും മാറിയിട്ടുണ്ടെന്നും. ഇപ്പോൾ അവൾ മറ്റെന്തിനേക്കാളും പ്രാധാന്യം നൽകുന്നത് ആരാധ്യക്കാണെന്നും ബാക്കിയെല്ലാത്തിനും അതു കഴിഞ്ഞുള്ള പ്രാധാന്യമേ നൽകുള്ളുവെന്നും അഭിഷേക് പറയുന്നു.