വിവാഹ സ്വപ്നങ്ങൾ കണ്ട് കാത്തിരിക്കുന്ന യുവാവിനെത്തേടി ഹരിയാന സ്വദേശിനിയായ പെൺകുട്ടിയുടെ ഫോൺകോൾ എത്തി. എത്രയും വേഗം മാതാപിതാക്കളെയും കൂട്ടി തന്റെ വീട്ടിലെത്തണം. വിവാഹം നിശ്ചയിച്ച ശേഷം വിവാഹപ്പന്തലിലേ വധൂവരന്മാർ പരസ്പരം കാണാവൂ എന്ന കർശന നിയമമുള്ള ഗ്രാമത്തിൽ നിന്നാണ് അവളുടെ വിളി.
നിയമം ലംഘിച്ച് അവൾ വിളിക്കണമെങ്കിൽ കാര്യം അത്രത്തോളം ഗൗരവമുള്ളതാവാം എന്ന ശക്തമായ തോന്നലിൽ യുവാവും വീട്ടുകാരും അവളുടെ വീട്ടിലെത്തി. താൻ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും എട്ടുപേർ ചേർന്ന് തന്നെ മാനഭംഗപ്പെടുത്തിയെന്നും അതുകൊണ്ട് വിവാഹത്തിൽ നിന്നു പിന്മാറണമെന്ന് വരനോടും വീട്ടുകാരോടും അവൾ അഭ്യർഥിച്ചു. എന്നാൽ ഈ ഒരു കാരണം കൊണ്ട് നിസ്സഹായയായ ആ പെൺകുട്ടിയെ ഉപേക്ഷിക്കാൻ ആ യുവാവിന് സാധിച്ചില്ല.
വധുവിനും വീട്ടുകാർക്കും 2 വാഗ്ദാനങ്ങൾ നൽകിയാണ് അന്ന് വരനും കൂട്ടരും ആ വീടുവിട്ടിറങ്ങിയത്. ഒന്ന്. അവളെ താൻ തന്നെ വിവാഹം കഴിക്കും. രണ്ട്. എന്തു വിലകൊടുത്തും അവൾക്ക് നീതി വാങ്ങിക്കൊടുക്കും. അങ്ങനെ 2015ൽ അവർ വിവാഹിതരായി. അവൾക്കു കൊടുത്ത വാക്കു പാലിക്കാനായി ആദ്യം അയാൾ ചെയ്തത് പെൺകുട്ടിയെ കൂട്ടമാനഭംഗം ചെയ്തവർക്കെതിരെ കേസ് കൊടുത്ത് എഫ്ഐആർ ഫയൽ ചെയ്യുകയായിരുന്നു.
അംഗബലംകൊണ്ടും സമ്പത്തുകൊണ്ടും രാഷ്ട്രീയ ബന്ധം കൊണ്ടും ഉന്നതരായിരുന്ന എതിരാളികൾ യുവതിയെയും ഭർത്താവിനെയും വേട്ടയാടിത്തുടങ്ങി. പക്ഷേ ഒരനുഗ്രഹം പോലെ എന്തിനും ഏതിനും ഭർത്താവിന്റെ വീട്ടുകാരും അവൾക്കൊപ്പം നിന്നു. ഇതിനിടയിൽ ശത്രുപക്ഷത്തുള്ളവർ അവളുടെ ഭർത്താവിനെതിരെ നാലു വ്യാജ എഫ്ഐആറുകൾ തയാറാക്കി. ദുസ്വപ്നങ്ങൾ അവളെ വിട്ടൊഴിയാതെയായി. എന്നിട്ടും പിൻമാറാതെ ആ യുവാവ് പോരാട്ടം തുടർന്നു.
കേസ് നടത്താനും അഭിഭാഷകർക്ക് ഫീസ് കൊടുക്കാനുമൊക്കെ പണം തികയാതെ വന്നപ്പോൾ അയാൾ തന്റെ പേരിലുള്ള സ്ഥലം വിറ്റു. കേസിനും കൂട്ടത്തിനുമായി 14 ലക്ഷത്തോളം രൂപ ചിലവായി. ജില്ലാക്കോടതിയിൽ നിന്നും നീതി കിട്ടാതായപ്പോൾ തളരാതെ ഹൈക്കോടതിയിൽ കേസ് നടത്തി. ഇതിനിടയിൽ പണം കൊടുത്ത് കേസ് ഒതുക്കാനും ശത്രു പക്ഷത്തു നിന്ന് ശ്രമങ്ങളുണ്ടായി.
അഭിഭാഷകരോടുള്ള വിശ്വാസം നഷ്ടപ്പെട്ട ഒരു ഘട്ടത്തിൽ അയാൾ ഒരു തീരുമാനമെടുത്തു. നിയമം പഠിക്കണം. അങ്ങനെ ഭാര്യയ്ക്ക് നീതിനേടിക്കൊടുക്കണം. ഭാര്യയ്ക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം നേടിക്കൊടുക്കാൻ അവളുടെ മാതാപിതാക്കൾ താമസിക്കുന്ന വീടിനടുത്ത് വീടെടുത്ത് ഇരുവരും താമസം തുടങ്ങി. വൈകാതെ ഭാര്യയെയും നിയമം പഠിപ്പിക്കാൻ അയാൾ തീരുമാനിച്ചു. ഇപ്പോൾ രണ്ടു വയസ്സുള്ള ഒരു കുഞ്ഞിന്റെ മാതാപിതാക്കളാണിവർ.
ഭാര്യയ്ക്കു മാത്രമല്ല, പുരുഷാധിപത്യ സമൂഹത്തിൽ നീതി നിഷേധിക്കപ്പെടുകയും പീഡനത്തിന് ഇരയാവുകയും ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് നിയമം പഠിക്കുന്നതെന്ന് അയാൾ ഉറപ്പിച്ചു പറയുന്നു. ചെറുപ്പകാലത്തും മറ്റും ആണുങ്ങൾ കൂട്ടം ചേർന്ന് സ്ത്രീകളെയും വിദ്യാർഥിനികളെയുമൊക്കെ ശല്യം ചെയ്യുന്ന ദൃശ്യങ്ങൾക്ക് താൻ സാക്ഷിയായിട്ടുണ്ടെന്നും അന്നൊക്കെ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അയാൾ പറയുന്നു. പക്ഷേ ആരുംതന്നെ അതിനെതിരെ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അയാൾ പറയുന്നു. ഇത്തരം ശല്യങ്ങളെക്കുറിച്ച് വീട്ടിൽ പറഞ്ഞാൽ പെൺകുട്ടികളുടെ പഠിപ്പ് നിർത്തുകയാണ് ആ ഗ്രാമങ്ങളിലെ പതിവെന്നും അയാൾ പറയുന്നു. തികച്ചും നിസ്സഹായരായ അത്തരക്കാർക്കുവേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്നാണ് ആ ഭാര്യാഭർത്താക്കന്മാർ പറയുന്നത്.