കരീന അച്ഛന്റെ ഭാര്യയായപ്പോൾ ആളുകൾ പറഞ്ഞത്: സാറാ അലീഖാൻ

ബി ടൗണിലെ അരങ്ങേറ്റ ചിത്രങ്ങൾക്കു ശേഷം ബോളിവുഡ് താരം സാറാ അലീഖാൻ ഏറെ തിരക്കിലാണ്. സെയ്ഫ് അലീഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറ വെള്ളിത്തിരയിലെ അഭിനയം കൊണ്ടു മാത്രമല്ല ചടുലമായ സംഭാഷണങ്ങൾ കൊണ്ടു കൂടി മനസ്സു കവരുന്ന ആളാണെന്നാണ് ആരാധകർ പറയുന്നത്. അഭിമുഖങ്ങളിൽ പ്രകോപനപരമായ ചോദ്യങ്ങളോടു പോലും വളരെ സരസമായി സാറ പ്രതികരിക്കുന്ന രീതി കണ്ടിട്ടാണ് തങ്ങൾ അത്തരമൊരു നിഗമനത്തിലെത്തിയത് എന്നാണ് ആരാധകരുടെ വെളിപ്പെടുത്തൽ.

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ കരീന കപൂർ കുടുംബത്തിന്റെ ഭാഗമായതിനെക്കുറിച്ചുള്ള ചോദ്യത്തിന് വളരെ സത്യസന്ധമായ, മനസ്സു തുറന്നുള്ള മറുപടിയാണ് സാറ നൽകിയത്. താൻ കരീന കപൂറിന്റെ വലിയൊരു ആരാധകയായിരുന്നുവെന്നും തന്റെ ഭ്രാന്തമായ ആരാധന കണ്ട പലരും തന്റെ പിതാവ് കരീനകപൂറിനെ വിവാഹം ചെയ്ത വാർത്തയറിഞ്ഞ് പ്രതികരിച്ചത് ഒരേപോലെയായിരുന്നുവെന്നും സാറ വെളിപ്പെടുത്തുന്നു. 

കരീനയോടുള്ള  തന്റെ കടുത്ത ആരാധന കൊണ്ടാണ് കരീനയെ ഒരു കുടുംബാംഗമായിത്തന്നെ ലഭിച്ചതെന്നാണ് പലരും തന്നോടു പറഞ്ഞതെന്നും സാറ ഓർക്കുന്നു. കരീനയെ ഒരിക്കലും രണ്ടാനമ്മയായല്ല കാണുന്നതെന്നും. തന്നെ ഒരു സുഹൃത്തായി കണ്ടാൽ മതിയെന്ന് കരീനയും പറഞ്ഞിട്ടുണ്ടെന്നും സാറ മുൻപൊരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

കുടുംബത്തിൽ ആരോടൊക്കെ എങ്ങനെയൊക്കെ പെരുമാറണം എന്നതിനെക്കുറിച്ച് എല്ലാവർക്കും നല്ല ധാരണയുണ്ടെന്നാണ് തങ്ങളുടെ കുടുംബകാര്യങ്ങളെക്കുറിച്ചുള്ള സംസാരത്തിനിടയിൽ സെയ്ഫ് അലീഖാനും സാറയും വ്യക്തമാക്കിയത്. അച്ഛന്റെ വിവാഹത്തിൽ പങ്കെടുക്കാൻ തന്നെ ഒരുക്കി വിട്ടത് അമ്മ അമൃത സിങ് ആയിരുന്നുവെന്നും ഒരു അഭിമുഖത്തിൽ സാറ തുറന്നു പറഞ്ഞിരുന്നു.