കല്യാണപ്പെണ്ണ് എങ്ങനെ കാണാൻ സുന്ദരിയാണോ? നല്ല നിറോം മുടിയുമൊക്കെയുണ്ടോ, ഒത്തിരി സ്വർണ്ണമൊക്കെ ധരിച്ചിട്ടുണ്ടോ? പൊതുവെ നാട്ടിൻപുറത്ത് ഒരു കല്യാണം കഴിഞ്ഞാൽ ഇത്തരം കുശലാന്വേഷണങ്ങളൊക്കെ പതിവാണ്. വിവാഹപ്പരസ്യങ്ങളിലും ഏറ്റവും കൂടുതൽ ഡിമാന്റ് സൗന്ദര്യമുള്ള വധുവിനാണ്. സൗന്ദര്യം ശരീരത്തിലല്ല മനസ്സിലാണെന്ന് എഴുതി വയ്ക്കുന്നവർ പോലും സ്വന്തം വിവാഹം വരുമ്പോൾ സൗന്ദര്യത്തിനാണ് മുൻതൂക്കം കൊടുക്കുന്നത്. എന്നാൽ പ്രണയത്തിനു മുന്നിൽ മുഖസൗന്ദര്യം അപ്രസക്തമാണെന്നും മനസ്സിന്റെ സൗന്ദര്യം നോക്കിയാണ് ജീവിത പങ്കാളിയെ തിരഞ്ഞെടുത്തതെന്നും ചങ്കൂറ്റത്തോടെ പറയുകയാണ് ഇവിടെ ഒരു യുവാവ്.
ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് ബാങ്ക് ജോലിക്കാരനായ യുവാവും അദ്ദേഹത്തിന്റെ നല്ലപാതി ലളിതയും അവരുടെ പ്രണയവും ചർച്ചയായത്. തന്റെ ജീവിതം മാറ്റിമറിച്ച പെൺകുട്ടിയെക്കുറിച്ചും അവളെ തന്നെ ഭാര്യയാക്കാനുറച്ചതിനെക്കുറിച്ചും മുംബൈ സ്വദേശിയായ ആ യുവാവ് പറയുന്നതിങ്ങനെ:-
'' ഒരു ബാങ്കിൽ ജോലി ചെയ്യുന്ന സമയത്താണ് എന്നെത്തേടി ആ ഫോൺകോളെത്തിയത്. എന്റെ അമ്മയോട് സംസാരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കോൾ എത്തിയത്. അതൊരു റോങ് നമ്പർ ആണ് എന്നു മനസ്സിലാക്കിയ ഞാൻ ശരിയായ നമ്പർ ഫോണിൽ കിട്ടാൻ സഹായിക്കണോ എന്നു ചോദിച്ചു. ഉടൻ തന്നെ ക്ഷമാപണത്തോടെ അവൾ ഫോൺവച്ചു. അവൾ ആരാണെന്നറിയാനായി ഞാൻ അവളെ തിരികെ വിളിച്ചു. ദിവസങ്ങൾ കടന്നു പോയിട്ടും എനിക്ക് ആ പെൺകുട്ടിയെ മറക്കാനായില്ല. 15 ദിവസത്തിനു ശേഷം ഞാൻ ആ നമ്പറിലേക്ക് വീണ്ടും വിളിച്ചു. അവളെക്കുറിച്ച് കൂടുതൽ അറിയാനായിരുന്നു അത്. അങ്ങനെ പതുക്കെ പതുക്കെ ഞങ്ങൾ സ്ഥിരമായി ഫോണിലൂടെ സംസാരിക്കാൻ തുടങ്ങി''.
ഫോൺവിളികൾ ഒരു മാസം പിന്നിട്ടു. 'നിങ്ങൾ ഇനി ഒരിക്കലും എന്നെ വിളിക്കുമെന്നു തോന്നുന്നില്ല' എന്നവൾ പറഞ്ഞു. അവൾ എന്താണുദ്ദേശിച്ചത് എന്ന് എനിക്കു മനസ്സിലായില്ല. പിറ്റേന്ന് വിളിച്ചപ്പോൾ അവൾ അങ്ങനെ പറയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഞാൻ ചോദിച്ചു. 'എന്റെ മുഖത്ത് പൊള്ളലുണ്ടെന്നായിരുന്നു' അവളുടെ മറുപടി. 'അതുകൊണ്ട് എന്താ?' എന്നായിരുന്നു എന്റെ ചോദ്യം. 'എന്റെ മുഖം കണ്ടാൽ നിങ്ങൾ ഭയക്കും' എന്നവൾ മുന്നറിയിപ്പു നൽകി. ഞാനങ്ങനെയൊരാളല്ല എന്ന് ഞാനവൾക്ക് ഉറപ്പു നൽകി.
അവളെ നേരിട്ടു കാണാൻ തന്നെ ഞാൻ തീരുമാനിച്ചു. ഒരു സുഹൃത്തിനെ ഒപ്പം കൂട്ടി അവളുടെ ഗ്രാമത്തിലേക്കു പോകുകയും അവളെ കാണുകയും ചെയ്തു. അവളുടെ വീട്ടിലെത്തിയപ്പോൾ മുഖംമറച്ച ദുപ്പട്ട അവൾ നീക്കി. ആദ്യമായി ഞാനവളെ കാണുകയാണ്. ഒരു ഹീറോയെപ്പോലെ അഭിനയിക്കാനെനിക്കറിയാത്തതുകൊണ്ടു തന്നെ ഞാൻ പേടിച്ചു. അവളുടെ മുഖത്തെ പുഞ്ചിരി കണ്ടപ്പോഴാണ് ഞാനൊന്നുറപ്പിച്ചത്. അവളെയല്ലാതെ വേറെയാരെയും വിവാഹം കഴിക്കാനാവില്ലെന്ന്.
പിന്നീടാണ് തന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തത്തെക്കുറിച്ച് അവളെന്നോട് പറഞ്ഞത്. അഞ്ചു വർഷം മുൻപ് ബന്ധുവായ ഒരു ആൺകുട്ടിയും അവളും തമ്മിൽ എന്തോ കാര്യത്തിന് തർക്കമുണ്ടായി. 'നീ അഹങ്കാരിയാണ്. നിന്റെ മുഖത്ത് ഞാൻ ആസിഡ് ഒഴിക്കും' എന്ന് അന്നവൻ അവളെ ഭീഷണിപ്പെടുത്തിയിരുന്നു. ആ ഭീഷണിയെ ഒരു തമാശയായാണ് അവൾ കണ്ടത്. മാസങ്ങൾക്കു ശേഷം അവൻ തിരിച്ചു വരുകയും. പുറത്തപോയ അവളെ പിന്തുടർന്ന് മുടിക്കു കുത്തിപ്പിടിച്ച് വലിച്ചിഴച്ച് അവളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു.
മുഖം പൊള്ളിപ്പോയ അവൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിൽസ നേടി. വിദഗ്ധ ചികിൽസയ്ക്കായി അവൾ മുംബൈയിൽ പോകുകയും ആസിഡ് ആക്രമണ ഇരകൾക്കുവേണ്ടിയുള്ള ഒരു ഫൗണ്ടേഷനിൽ പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് എന്നെ കണ്ടുമുട്ടുകയും ചെയ്തു. അവളെ വിവാഹം ചെയ്യാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ മുതൽ ആളുകൾ എന്നെ ഉപദേശിക്കാൻ തുടങ്ങി. 'നീ എങ്ങനെ ഇത് കൈകാര്യം ചെയ്യും?, പുതുപ്പെണ്ണിന്റെ മുഖം നീ എങ്ങനെ എല്ലാവരെയും കാട്ടിക്കൊടുക്കും? എന്നൊക്കെയുള്ള ചോദ്യങ്ങളോട് ചിരിച്ചു കൊണ്ട് ഞാൻ മറുപടി നൽകി. പ്രണയം അങ്ങനെയാണ്. ആരെന്തു പറയുന്നു എന്നതൊന്നും പ്രശ്നമല്ല. ഇത് എന്റെയും അവളുടെയും മാത്രം കാര്യമാണ്'.
നിങ്ങൾക്ക് യോജിച്ച ആ ഒരാളെ എപ്പോൾ, എവിടെവച്ച് കണ്ടുമുട്ടുമെന്ന് പറയാൻ കഴിയില്ല. അവർക്ക് മറ്റാരുടെയെങ്കിലും കണ്ണിലേക്ക് നോക്കാൻ കഴിയില്ല. നിങ്ങളുടെ ഹൃദയത്തുടുപ്പുകൾ അവരോളം അറിയുന്നവരുണ്ടാവില്ല. ഇതിനേക്കാൾ വലിയ സമ്മാനം ഒരിക്കലും കിട്ടാൻ പോകുന്നില്ല എന്ന് മാത്രം നിങ്ങൾക്കറിയാൻ സാധിക്കും. അവളും ഞങ്ങളുടെ മകനുമാണ് സ്വപ്നം കാണാവുന്നതിൽ വച്ച് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം. പ്രചോദനം നൽകുന്ന, സത്യസന്ധയായ, ദയാലുവായ ഒരു പെൺകുട്ടിയാണവൾ. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരിയായ പെൺകുട്ടി. ഞാൻ അവളുടെ ഹൃദയമാണ് കണ്ടത്. അതു മാത്രമാണ് പ്രസക്തവും. എനിക്കായി മാത്രമുള്ളവളാണ് അവൾ'- യുവാവ് കുറിയ്ക്കുന്നു.