രാജ്യത്തെ നടുക്കിയ ദുരഭിമാനക്കൊലയുടെ ഇര പ്രണയിയുടെ ഭാര്യ അമൃത ആൺകുഞ്ഞിന് ജന്മം നൽകി. വിവാഹവാർഷികത്തിനാണ് അമൃത കടിഞ്ഞൂൽ കൺമണിക്ക് ജന്മം നൽകിയത്. അമ്മയായ സന്തോഷം ഉള്ളിൽ നിറയുമ്പോഴും അമൃതയ്ക്ക് പക്ഷേ നിറഞ്ഞു ചിരിക്കാനാകുന്നില്ല. അവളുടെ കുഞ്ഞിന്റെ പുഞ്ചിരി കാണാൻ ഭർത്താവ് പ്രണയ് ഇല്ലായെന്ന ദുഖം ആ പെൺകുട്ടിയുടെ ഉള്ളുപൊള്ളിക്കുന്നു.
ജാതിയിൽ താണ യുവാവിനെ മകൾ വിവാഹം കഴിച്ചതിന്റെ പകയാണ് അമൃതയുടെ അച്ഛൻ മാരുതി റാവുവിനെക്കൊണ്ട് ആ കടുംകൈ ചെയ്യിച്ചത്. ഗർഭിണിയായ അമൃതയുമൊത്ത് ആശുപത്രിയിൽ പോകും വഴിയാണ് മാരുതി റാവു ഏർപ്പെടുത്തിയ ക്വട്ടേഷൻ ഗുണ്ടകൾ പ്രണയിയുടെ ജീവനെടുത്തത്. പ്രണയി ദുരഭിമാനക്കൊലക്കേസിൽ അമൃതയുടെ അച്ഛനും സഹേദരനും, അമൃതയുടെ അച്ഛനിൽ നിന്ന് ക്വട്ടേഷൻ സ്വീകരിച്ച ഗുണ്ടകളുമടക്കം 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രണയിയുടെ അകാലമരണത്തിൽ തളർന്നു പോയെങ്കിലും പ്രണയിയുടെ കുഞ്ഞിനെ താൻ പ്രസവിക്കുമെന്നും അവനെ ജാതിയില്ലാതെ വളർത്തുമെന്നും അന്ന് അമൃത പറഞ്ഞിരുന്നു. പ്രണയിയുടെ മാതാപിതാക്കളോടൊപ്പമായിരുന്നു അമൃതയുടെ താമസം. അമ്മയാകാൻ പോകുന്ന വിവരങ്ങളും ആദ്യമായി അമ്മയാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ അമ്മമാർക്ക് ഉപദേശം നൽകിയുമാണ് ഈ മാസക്കാലമത്രയും അമൃത കഴിച്ചു കൂട്ടിയത്. അമൃതയെയും കുഞ്ഞിനെയും അമൃതയുടെ വീട്ടുകാർ ഉപദ്രവിക്കുമോയെന്ന പേടിയുണ്ടെന്നും അതുകൊണ്ടു തന്നെ അമൃതയെ ഒരു രഹസ്യ സ്ഥലത്ത് പാർപ്പിച്ചിരിക്കുകയാണെന്നും പ്രണയിയുടെ അച്ഛൻ ബാലസ്വാമി പറയുന്നു.
''2018 സെപ്റ്റംബർ 14 നാണ് പ്രണയ് കൊല്ലപ്പെട്ടത്. അമൃതയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു. ഇപ്പോൾ എന്റെ മകൻ പ്രണയ് കൂടി അവരുടെ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചു പോകുകയാണ്. സ്വന്തം കുഞ്ഞിന്റെ മുഖമൊന്നു കാണാൻ പോലുമുള്ള ഭാഗ്യം അവനുണ്ടായില്ല. അവനുണ്ടായിരുന്നെങ്കിൽ കുഞ്ഞിന്റെ മുഖം കാണുമ്പോൾ അവൻ സന്തോഷിച്ചേനേം, അവർ മൂന്നുപേരും കൂടി സമാധാനത്തോടെ ജീവിച്ചേനേം.അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയുടെ കാര്യത്തിൽ എനിക്കിപ്പോഴും ആശങ്കയുണ്ട്. അവർക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ഞാൻ പൊലീസ് സൂപ്രണ്ടിന് സമർപ്പിച്ചിട്ടുണ്ട്. – ബാലസ്വാമി പറയുന്നു.
പ്രണയിയെ കൊലപ്പെടുത്തുന്നതിനു മുൻപ് മാരുതി റാവു അമൃതയെ ഫോൺ ചെയ്യുകയും ഗർഭം അലസിപ്പിച്ച് വീട്ടിലേക്ക് തിരികെച്ചെല്ലാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അമൃത ഇതിനു വിസമ്മതിച്ചതിനെത്തുടർന്നാണ് മാരുതി റാവു പ്രണയിയെ കൊലപ്പെടുത്തിയത്.