അംബാനി കുടുംബത്തെപ്പോലെ ജീവിക്കണമെന്ന് സ്വപ്നം കാണാത്തവർ ചുരുക്കമായിരുക്കും. അംബാനി കുടുംബത്തിൽ ജനിച്ചതിനെക്കുറിച്ചും ആ കുടുംബത്തിലെ ബോസ് ലേഡിയായ നിത അംബാനിയെക്കുറിച്ചും മനസ്സു തുറക്കുകയാണ് മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൾ ഇഷ അംബാനി.

വോഗിനു നൽകിയ അഭിമുഖത്തിലാണ് ഇഷ മനസ്സു തുറന്നത്. അച്ഛനമ്മമാരുടെ വിവാഹം കഴിഞ്ഞ് ഏഴുവർഷത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ  ഇരട്ടക്കുഞ്ഞുങ്ങളാണ് താനും ആകാശുമെന്നും. ഐവിഎഫ് ചികിൽസയിലൂടെയാണ് അച്ഛനമ്മമാർക്ക് തങ്ങളെ ലഭിച്ചതെന്നും ഇഷ പറയുന്നു.

അമ്മ എന്ന ബോസ് ലേഡി

ഇഷ അംബാനി, നിത അംബാനി

''ഏറെ വർഷത്തെ കാത്തിരിപ്പിനു ശേഷം എന്നെയും ആകാശിനെയും ലഭിച്ചപ്പോൾ. അമ്മ ഫുൾടൈം വീട്ടമ്മയായി മാറി. പിന്നീട് ഞങ്ങൾക്ക് അഞ്ചു വയസ്സായപ്പോഴാണ് ജോലിത്തിരക്കിലേക്ക് അമ്മ മടങ്ങിയത്. പക്ഷേ അമ്മ ഇപ്പോഴും ഒരു ടൈഗർ മോം തന്നെയാണ്. ഞാനും അമ്മയും തമ്മിൽ വഴക്കുണ്ടാകുമ്പോൾ പ്രശ്ന പരിഹാരത്തിനായി ഇരുവരും വിളിക്കുന്നത് അച്ഛനെയാണ്. അമ്മ വളരെ കർക്കശക്കാരിയാണ്. സ്കൂൾ ബങ്ക് ചെയ്യുന്ന കാര്യം പറഞ്ഞാൽ അച്ഛൻ അതിനെ വലിയൊരു കാര്യമായെടുക്കില്ല. പക്ഷേ അമ്മ അങ്ങനെയല്ല. ഞങ്ങൾ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടോ, നന്നായി പഠിക്കുന്നുണ്ടോ, വിനോദത്തിനായി ആവശ്യത്തിനു സമയം കിട്ടുന്നുണ്ടോ എന്നെല്ലാം കൃത്യമായി ശ്രദ്ധിക്കും. ഞങ്ങളെ നന്നായി വളർത്തിയതിൽ അച്ഛന്റെ മാതാപിതാക്കൾക്കും അമ്മയുടെ മാതാപിതാക്കൾക്കും ഒരുപോലെ പങ്കുണ്ട്''.- ഇഷ പറയുന്നു.

അച്ഛന്റെ കഠിനാധ്വാനവും അച്ഛൻ പകർന്ന മൂല്യങ്ങളും

ഇഷ അംബാനി വിവാഹ ദിനത്തിൽ

എല്ലാവരും ബഹുമാനിക്കുന്ന ഒരു അതിസമ്പന്ന കുടുംബത്തിൽ പിറന്നതിനെക്കുറിച്ച് അഭിമുഖത്തിൽ ചോദ്യമുയർന്നപ്പോൾ ഇഷ ഏറെ സംസാരിച്ചത് തന്റെ അച്ഛന്റെ കഠിനാധ്വാനത്തെക്കുറിച്ചും മാതാപിതാക്കൾ പകർന്നു നൽകിയ മൂല്യങ്ങളെക്കുറിച്ചും. '' അച്ഛനും അമ്മയും വളരെ തിരക്കുള്ളവരാണ് എങ്കിലും അവർ ‍ഞങ്ങളോടുള്ള ഉത്തരവാദിത്തങ്ങളിൽ ഒരിക്കലും വീഴ്ചവരുത്തിയിട്ടില്ല. 1991 ലാണ് ഞാൻ ജനിച്ചത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ കാര്യമായ മാറ്റങ്ങളുണ്ടയ സമയം. ഉദാരവൽക്കരണത്തിനു ശേഷമുള്ള സമയം. ഇന്ത്യൻ കമ്പനികൾ ഗ്ലോബൽ സ്കെയിലിനെക്കുറിച്ച് സ്വപ്നം കണ്ടു തുടങ്ങിയ സമയം. ഇന്ന് കാണുന്ന റിലയൻസ് ഗ്രൂപ്പിന്റെ പിറവിക്കു വേണ്ടി അച്ഛൻ ഒരുപാട് കഷ്ടപ്പെടുന്നത് ‍ഞാനെന്റെ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്. നീണ്ട മണിക്കൂറുകൾ കഷ്ടപ്പെടുമ്പോഴും ഞങ്ങൾക്ക് അച്ഛനെ ആവശ്യമുള്ള സമയത്തൊക്കെയും അദ്ദേഹം ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. അച്ഛനമ്മമാർ വളർന്ന സാഹചര്യം, അവർ വിസ്വസിച്ചിരുന്ന അതേ മൂല്യങ്ങൾ ഇവയൊക്കെ പകർന്നു തന്നാണ് അവർ ‍ഞങ്ങളെ വളർത്തിയത്. സമ്പത്ത്, കഠിനാധ്വാനം, വിനയം എന്നീ മൂല്യങ്ങൾ വേണ്ടവിധം ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയാണ് അവർ ഞങ്ങളെ വളർത്തിയത്.

വിവാഹത്തിനണിഞ്ഞത് അമ്മയുടെ സാരി

ആനന്ദ് പിരാമൽ, ഇഷ അംബാനി

2018 ഡിസംബർ 12നായിരുന്നു ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹം. വിവാഹത്തിന് ഇഷ ധരിച്ചത് അമ്മ നിത അംബാനിയുടെ വിവാഹ വസ്ത്രമായിരുന്നു. ബാല്യകാല സുഹൃത്തും സഹപാഠിയുമായിരുന്ന ആനന്ദ് പിരാമലിനെയാണ് ഇഷ വിവാഹം കഴിച്ചത്.  അമ്മ നിതയുടെ 35 വർഷം പഴക്കമുള്ള ചുവന്ന വിവാഹസാരിയും ദുപ്പട്ടയുമാണ് സ്റ്റൈലിസ്റ്റ് ആമിഗുപ്തയുടെ കൈവിരുതിൽ മനോഹരമാക്കി ഇഷ ധരിച്ചത്. വിവാഹ ദിനത്തിൽ തന്നെ രാജകുമാരിയെപ്പോലെ മനോഹരിയാക്കിയ സ്റ്റൈലിസ്റ്റിനെക്കുറിച്ചും മേക്കപ്പ് ആർട്ടിസ്റ്റിനെക്കുറിച്ചുമെല്ലാം ഇഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

നിത അംബാനി എന്ന സെലിബ്രിറ്റി അമ്മ

അംബാനി കുടുംബം പങ്കെടുക്കുന്ന പൊതുചടങ്ങുകളിൽ ഒന്നിൽപ്പോലും നിത അംബാനിയുടെ സാന്നിധ്യം ഇല്ലാതിരിക്കില്ല എന്ന് അൽപം അസൂയയോടെ ചിലർ അടക്കം പറയാറുണ്ട്. മകളുടെ വിവാഹത്തിന് ഉത്സാഹത്തോടെ നൃത്തം ചെയ്യുന്ന, പൊതുവേദികളിൽ മകളോടൊപ്പം സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന, അത്തരം ആഘോഷങ്ങൾക്കിടയിലും സാമൂഹ്യ പ്രതിബദ്ധത മറക്കാത്ത നിത അംബാനി എങ്ങനെയാണ് ജീവിതം ബാലൻസ് ചെയ്തു കൊണ്ടുപോകുന്നതെന്നാണ് പലരുടെയും സംശയം.  ജീവിതത്തിലെ ഏറ്റവും തിരക്കേറിയ ദിവസങ്ങളിൽപ്പോലും ജോലിത്തിരക്കും വീട്ടുകാര്യവും ഒരു പോലെ ബാലൻസ് ചെയ്യുന്ന അമ്മ എന്നും തനിക്കൊരു അദ്ഭുതമാണെന്നാണ് ഇഷ പറയുന്നത്.