ചരിത്രത്തിന്റെ ഗതി തന്നെ മാറ്റിമറിച്ച യുദ്ധങ്ങളുടെയും  തർക്കങ്ങളുടെയും  പ്രതികാരങ്ങളുടെയും തുടക്കം അന്തപുരങ്ങളിൽനിന്നായിരുന്നുവെന്ന് കഥകളുണ്ട്. കഥകളിൽ പറഞ്ഞതെല്ലാം സത്യമാണെങ്കിലും അല്ലെങ്കിലും രണ്ടു വഴികളിലൂടെ പോകുന്ന രണ്ടു യുവതികൾ എത്തിയതോടെ ബ്രിട്ടിഷ് രാജകുടുംബത്തിലും ഒരു വേർപിരിയലിന്റെ അരങ്ങൊരുങ്ങുന്നു. പുതിയൊരു കൊട്ടാരം, വിപ്ലവം. വില്ലത്തിയുടെ റോളിൽ എത്തുന്നത് മേഗൻ മാർക്കിളും. 

ഹാരി രാജകുമാരൻ, മേഗൻ മാർക്കിൾ, കേറ്റ് മിഡിൽടൺ, വില്യം രാജകുമാരൻ

വില്യം, ഹാരി രാജകുമാരൻമാർ വേർപിരിയലിന്റെ വക്കിലാണെന്നു പറയുന്നു ബ്രിട്ടിഷ് മാധ്യമങ്ങൾ. കാരണമായി പറയുന്നത് അവരുടെ ഭാര്യമാരായ കെയ്റ്റ് മിഡിൽടണിന്റെയും മേഗൻ മാർക്കിളിന്റെയും വ്യത്യസ്ത അഭിരുചികളും. അന്യോന്യം വലിയ അടുപ്പത്തിലായിരുന്നു വില്യം, ഹാരി രാജകുമാരൻമാർ. പക്ഷേ, ഇനി സന്നദ്ധ പ്രവർത്തനങ്ങളും കൊട്ടാരവുമായി ബന്ധപ്പെട്ട ചുമതലകളും തങ്ങളുടെ വ്യത്യസ്ത രീതികളിൽ ചെയ്യാനാണ് ഇരുവരും താൽപര്യപ്പെടുന്നതെന്നാണ് പുതിയ റിപോർട്ടുകൾ. രണ്ടുപേർക്കുമായി കൊട്ടാരം ജീവനക്കാരെയും വീതം വയ്ക്കേണ്ടതുണ്ട്. 

കെയ്റ്റും മേഗൻ മാർക്കിളും ഭാര്യമാരായി എത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള അകൽച്ച തുടങ്ങിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹാരി രാജകുമാരന്റെ ആദ്യകുട്ടിയുടെ ജനനം ഏപ്രിലിലോ മേയ് മാസത്തിലോ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനുമുമ്പുതന്നെ രണ്ടുപേരും തങ്ങളുടേതായ വ്യത്യസ്ത സാമ്രാജ്യങ്ങൾ‌ രൂപീകരിച്ച് പ്രവർത്തനം തുടങ്ങുമെന്നാണ് ഇപ്പോഴത്തെ അഭ്യൂഹങ്ങൾ. രാജകൊട്ടാരത്തിൽ കൂട്ടുകുടുംബവ്യവസ്ഥയിലാണ് ഇപ്പോൾ എലിസബത്ത് രാജ്ഞിയുടെ കൊച്ചുമക്കളായ വില്യവും ഹാരിയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 

രണ്ടിടത്തേക്ക് മാറുന്നതോടെ രണ്ടുപേർക്കും പ്രത്യേകം താമസസ്ഥലവും ജീവനക്കാരും വിവരങ്ങൾ കൈമാറാൻ വ്യത്യസ്ത മാർഗങ്ങളും ഉണ്ടാകും. ചാൾസിനുശേഷം പ്രധാനചുമതലകൾ ഏറ്റെടുക്കേണ്ടയാളാണ് വില്യം. ഒരുദശകത്തോളം നീണ്ടുനിന്ന ഒരുമിച്ചുള്ള ജീവിതത്തിനുശേഷമാണ് ഇരുവരും വേർപിരിയുന്നതെന്ന പ്രത്യകതയുമുണ്ട്. ഹാരിയും ഗർഭിണിയായ മേഗനും ഇപ്പോൾ താമസിക്കുന്ന കെനിങ്സ്റ്റൺ കൊട്ടാരത്തിൽനിന്ന് ഫ്രോഗ്മോർ കോട്ടേജിലേക്കു മാറുമെന്നാണ് ഇപ്പോഴത്തെ അഭ്യൂഹം. ഓഫിസും ജീവനക്കാരും കെനിങ്സ്റ്റൺ കൊട്ടാരത്തിൽത്തന്നെ തുടർന്നും പ്രവർത്തനം തുടരുമെന്നും പറയപ്പെടുന്നു. 

ഹാരി രാജകുമാരൻ, മേഗൻ മാർക്കിൾ, വില്യം രാജകുമാരൻ, കേറ്റ് മിഡിൽടൺ.

ഹാരിയും മേഗനും കൊട്ടാരത്തിൽനിന്ന് പുറത്ത് താമസിക്കാൻ ഇടം നോക്കുകയാണെന്ന റിപോർട്ടുകൾ ആദ്യം പുറത്തുവരുന്നത് കഴിഞ്ഞ നവംബറിൽ. രണ്ടു കിടപ്പുമുറികളുള്ള കെനിങ്സറ്റണിൽനിന്ന് 10 കിടപ്പുമുറികളുള്ള വിൻഡ്‍സർ കൊട്ടാരത്തിലേക്ക് മാറുന്നുവെന്നായിരുന്നു അന്നത്തെ റിപോർട്ടുകൾ. രണ്ടു രാജകുമാരൻമാരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കാരണമെന്നും പറയപ്പെട്ടിരുന്നു. കാരണം അവരുടെ ഭാര്യമാരുടെ വ്യത്യസ്ത രീതികളും. 

യഥാർഥ കാരണം എന്തായാലും  വേർപിരിഞ്ഞു പ്രവർത്തിക്കാനുള്ള രാജകുമാരൻമാരുടെ ഇപ്പോഴത്തെ തീരുമാനത്തിനു പ്രധാനകാരണം മേഗന്റെ സാന്നിധ്യമാണെന്നാണ് പറയുന്നത്. തന്റെ ഭർത്താവിന് കൂടുതൽ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും അവർ ആഗ്രഹിക്കുന്നുണ്ടത്രേ. സ്വന്തമായി ഹാരി മുന്നോട്ടുപോകണമെന്നും അവർ തീവ്രമായി ആഗ്രഹിക്കുന്നുണ്ടത്രേ. 

സ്വന്തമായി തീരുമാനങ്ങളെടുക്കാനും അവർ നിരന്തരമായി ഹാരിയെ പ്രേരിപ്പിക്കുകയാണെന്നും പറയപ്പെടുന്നു. മേഗന്റെ അഭിപ്രായങ്ങളെ ആശ്രയിച്ചാണ് ഹാരി പ്രധാനമായും പ്രവർത്തിക്കുന്നതെന്ന പരിമിതിയുമുണ്ട്. ഇതാണത്രേ ഇപ്പോഴത്തെ കൊട്ടാരം വിപ്ലവത്തിന്റെ അടിസ്ഥാന കാരണവും. 

സാധാരണലോകത്തുനിന്നുള്ള രണ്ടു യുവതികളെ കൊട്ടാരത്തിൽ എത്തിച്ചാൽ സ്വാഭാവികമായും രണ്ടു വഴികൾ തുറക്കപ്പെടും എന്നാണ് ബ്രിട്ടിഷ് രാജകുടുംബവുമായി അടുപ്പമുള്ള പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരാൾ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടത്.