മകളുടെ ശരീര പ്രകൃതത്തെ അപമാനിക്കുന്ന തരത്തിൽ ട്രോളുകൾ പ്രചരിച്ചപ്പോഴാണ് ബോളിവുഡ് താരം അജയ്ദേവ്ഗൺ പ്രതികരിച്ചത്. കൗമാരപ്രായക്കാരിയായ മകളെ വേദനിപ്പിക്കുന്ന തരത്തിലുള്ള ട്രോളുകൾ പ്രചരിച്ചതാണ് അജയ്ദേവ്ഗൺ എന്ന അച്ഛനെ ചൊടിപ്പിച്ചത്. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭുമുഖത്തിലാണ് ട്രോളുകളോടുള്ള തന്റെ മനോഭാവവും അത് തന്റെ കുടുംബത്തെ എത്രത്തോളം മോശമായി ബാധിക്കുന്നുണ്ടെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കിയത്.

കജോൾ– അജയ് ദേവ്‌ഗൺ ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. 15 വയസ്സുകാരിയായ നൈസയും 8 വയസ്സുകാരൻ യുഗും. ബിടൗണിലെ സെലിബ്രിറ്റി കിഡ്സിനു കിട്ടുന്ന ശ്രദ്ധയും പ്രശസ്തിയും ഇരുവർക്കും ലഭിക്കുന്നുമുണ്ട്. പക്ഷേ അടുത്തിടെയായി പ്രചരിക്കുന്ന ചില ട്രോളുകൾ കൗമാരക്കാരിയായ മകളുടെ ശരീരപ്രകൃതിയെ അപഹസിക്കുന്ന രീതിയിലാണെന്നും ഒരു അച്ഛനെന്ന നിലയിൽ അതു തന്നെ വളരെ മോശമായി ബാധിക്കുന്നുണ്ടെന്നും അജയ് ദേവ്ഗൺ പറയുന്നു.

താനും ഭാര്യ കജോളും ആർട്ടിസ്റ്റുകളായതുകൊണ്ട് തങ്ങളെ ട്രോളുന്നത് മനസ്സിലാക്കാമെന്നും എന്തിനാണ് അതിലേയ്ക്ക് മക്കളെ വലിച്ചിഴയ്ക്കുന്നതെന്നും അജയ് ചോദിക്കുന്നു. '' മുൻവിധിയോടെ എന്നെക്കുറിച്ച് സംസാരിച്ചോളൂ, പക്ഷേ എന്റെ കുട്ടികളെ വിധിക്കരുത്. ഞാനും കജോളും അഭിനേതാക്കൾ ആയി എന്നൊരൊറ്റ കാരണം കൊണ്ടാണ് ഞങ്ങളുടെ മക്കൾ എപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. ഒരാളെക്കുറിച്ച് മുൻവിധിയോടെ സംസാരിക്കുന്നത് ശരിയല്ല. ‍ഞാൻ ഒരാളെക്കുറിച്ച് മുൻവിധിയോടെ സംസാരിക്കുകയാണെങ്കിൽ തീർച്ചയായും അയാൾക്ക് അത് മോശമായിട്ടായിരിക്കും ഫീൽ ചെയ്യുക. അതുകൊണ്ട് ദയവു ചെയ്ത് ഞങ്ങളുടെ കുഞ്ഞുങ്ങളെ ഇതിൽ നിന്നൊഴിവാക്കുക.ചിലർക്ക് ഇതൊന്നും ഒരു പ്രശ്നമേയല്ലായിരിക്കാം. എന്നാൽ സത്യസന്ധമായിപ്പറയട്ടെ, എന്റെ കുഞ്ഞുങ്ങളെക്കുറിച്ച് ഇത്തരം ക്രൂരമായ കമന്റുകൾ കേൾക്കുന്നത് എനിക്ക് സഹിക്കാനാവില്ല'.

എയർപോർട്ടിൽ നിൽക്കുന്ന നൈസയുടെ ചിത്രം കണ്ടാണ് പലരും ആ പെൺകുട്ടിയെ ബോഡിഷെയ്മിങ്ങിന് ഇരയാക്കിയത്. ഇത് ആദ്യമായല്ല ആ പെൺകുട്ടി സൈബർ ആക്രമണത്തിന് ഇരയാകുന്നത്. പരിഹസിക്കുന്ന ട്രോളുകളോട് മകളുടെ പ്രതികരണം ആരാഞ്ഞവരോട് അജയ് പറഞ്ഞതിങ്ങനെ:-

''ആദ്യമൊക്കെ ട്രോളുകൾ കാണുമ്പോൾ അവൾ വല്ലാതെ സങ്കടപ്പെടുമായിരുന്നു. പിന്നീട് അതൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന് അവൾ പഠിച്ചു. നമ്മൾ‌ എന്തു തന്നെ ചെയ്താലും മുൻവിധിയോടെ സമീപിക്കാൻ കുറേ ആളുകളുണ്ടെന്നു മനസ്സിലായപ്പോൾ ഇത്തരം കാര്യങ്ങളെയോർത്ത് സങ്കടപ്പെടുന്ന ശീലം അവൾ ഉപേക്ഷിച്ചു''. 

ട്രോളുകളെ എങ്ങനെയാണ് നേരിടുകയെന്ന ചോദ്യത്തിന് അജയ് മറുപടി പറഞ്ഞതിങ്ങനെ :- 'അവഗണിക്കുക. നമ്മൾ പ്രതികരിക്കാൻ പോകുമ്പോഴാണ് അതിന്റെ ചുവടുപിടിച്ച് കൂടുതൽ ട്രോളുകളെത്തുന്നത്. ട്രോളുന്നവരോട് യുദ്ധം ചെയ്യുന്നതൊഴിവാക്കുക.'

പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചില സെലിബ്രിറ്റികൾക്കു നേരെയുണ്ടായ സൈബർ ആക്രമണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അങ്ങനെയുള്ള സന്ദർഭങ്ങളിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ വാക്കുകളുടെ കാര്യത്തിൽ നല്ല ശ്രദ്ധവേണം. ആളുകൾ വളരെ രോഷത്തോടെയിരിക്കുന്ന സാഹചര്യത്തിൽ നിങ്ങളുടെ കുറിപ്പുകളോട് ഏതുവിധത്തിലാകും അവർ പ്രതികരിക്കുക എന്ന് പറയാനാവില്ല.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT