ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ചുള്ള ചർച്ച വെർച്വൽ ലോകത്ത് പൊടിപൊടിക്കുകയാണ്. അടുത്തിടെ പ്രിയങ്ക പങ്കെടുത്ത ഡിസൈനേഴ്സ് ഷോയിലെ ചിത്രങ്ങൾ പുറത്തു വന്നപ്പോൾ മുതലാണ് പാപ്പരാസികൾക്കും ആരാധകർക്കും ആ സംശയം ബലപ്പെട്ടത്. മൈക്കിൾ കോർസ് ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ചാണ് പ്രിയങ്ക ഷോയിൽ പങ്കെടുത്തത്. വസ്ത്രത്തിൽ താരത്തിന് അൽപ്പം വയർ തോന്നിക്കുന്നുണ്ടെന്നും അത് ബേബി ബംപ് ആണെന്നും വരെ ചിലർ സ്ഥാപിച്ചു കളഞ്ഞു.

മകളെക്കുറിച്ച് പരക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി പ്രിയങ്കയുടെ അമ്മ മധു ചോപ്ര രംഗത്തു വരുന്നതുവരെയേ ആ അഭ്യൂഹങ്ങൾക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ. '' ആ വസ്ത്രത്തിൽ മകൾ അതിസുന്ദരിയായിരുന്നെന്നും ചില ചിത്രങ്ങളിൽ മാത്രമേ കുഴപ്പം തോന്നുന്നുള്ളൂവെന്നും അതു പക്ഷേ മകൾ ഗർഭിണിയായതുകൊണ്ടല്ല, ക്യാമറയുടെ ആംഗിൾ ശരിയല്ലാത്തതുകൊണ്ടാണ്. ആ ഔട്ട്ഫിറ്റിൽ വേറെയും ചിത്രങ്ങളുണ്ടെന്നും അവയൊക്കെ നല്ല ഒന്നാന്തരമായാണ് പകർത്തിയിരിക്കുന്നത്'.- മധുചോപ്ര പറയുന്നു.

ഗർഭവാർത്ത പരക്കുന്നതിനെക്കുറിച്ച് മകളോട് താൻ ഫോണിലൂടെ പറഞ്ഞിരുന്നുവെന്നും, 'അമ്മേ, എനിക്കൊരു ഇടവേള തരൂ' എന്നാണ് അവൾ മറുപടി പറഞ്ഞതെന്നും മധുചോപ്ര വിശദീകരിച്ചു. ആ ചിത്രമെടുത്ത സന്ദർഭത്തെക്കുറിച്ചും അവൾ എന്നോട് പറഞ്ഞു. ആ ഫൊട്ടോഷൂട്ട് നടക്കുമ്പോൾ അവൾ വളരെ ക്ഷീണിതയായിരുന്നു. അതുകൊണ്ടാണ് അത്രയും മോശമായ ഒരു പോസിൽ ഒരു ചിത്രം എടുക്കപ്പെട്ടതും... ആ ചിത്രം ഇത്തരത്തിൽ പ്രചരിക്കപ്പെട്ടതും.

2018 ഡിസംബറിലാണ് അമേരിക്കൻ പോപ് ഗായകൻ നിക്ക് ജൊനാസ് പ്രിയങ്കയെ വിവാഹം കഴിച്ചത്. വിവാഹത്തിനു മുൻപ് നടന്ന ഒരു അഭിമുഖത്തിൽ പ്രിയങ്കയുടെ സുഹൃത്തും ഹാരി രാജകുമാരന്റെ ഭാര്യയുമായ മേഗൻമാർക്കിളിന്റെ ഗർഭത്തെ പരാമർശിച്ച് അവതാരകർ പ്രിയങ്കയോട് ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു.  അതിനു പ്രിയങ്ക നൽകിയ മറുപടിയിങ്ങനെ :- 'ഞാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്റെ സുഹൃത്തുക്കളിൽ പലരും അമ്മമാരായി. എനിക്കും അതിനുള്ള സമയമായെന്നു തോന്നിത്തുടങ്ങി. പ്രിയങ്കയുടെ ആ മറുപടിയുടെ ചുവടുപിടിച്ചാണ് പാപ്പരാസികൾ ഇപ്പോൾ താരത്തിന്റെ പിന്നാലെ കൂടിയിരിക്കുന്നത്.