പുൽവാമ ആക്രമണവും ഇന്ത്യയുടെ പ്രത്യാക്രമണവുമെല്ലാം വാർത്തകളിൽ നിറയുമ്പോഴാണ് ഗൗരി മാഹാദിക്ക് എന്ന യുവതിയുടെ പേര് ചർച്ചയായത്. മേജറിന്റെ വിധവ സൈന്യത്തിന്റെ ഭാഗമാകുന്നു എന്ന വാർത്തയെത്തുടർന്നായിരുന്നു അത്. മേജർ പ്രസാദിന്റെ ഭാര്യ മഹാരാഷ്ട്ര സ്വദേശിനിയായ ഗൗരി മഹാദിക്കാണ് ഭർത്താവിന്റെ മരണശേഷം രണ്ടു വർഷത്തിനു ശേഷം സൈന്യത്തിന്റെ ഭാഗമായി രാജ്യസേവനത്തിനായി ഇറങ്ങുന്നത്.

മേജർ പ്രസാദിനെ കണ്ടുമുട്ടിയതിനെക്കുറിച്ചും അദ്ദേഹത്തോടൊപ്പമുള്ള സ്വപ്ന തുല്യമായ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മരണം നൽകിയ നഷ്ടബോധത്തെ അതിജീവിക്കാൻ താൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് കുറിപ്പിലൂടെ തുറന്നു പറയുകയാണ് ഗൗരി. ഏറെ അഭിമാനത്തോടു കൂടിയാണ് ഗൗരിയുടെ ആ കുറിപ്പ് രാജ്യസ്നേഹികൾ നെ‍ഞ്ചേറ്റിയത്.

ഗൗരിയുടെ ഫെയ്സ്ബുക്ക് കുറിപ്പിങ്ങനെ :-

'' ഒരു മാട്രിമോണിയൽ സൈറ്റിലൂടെയാണ് ഞാൻ ആദ്യമായി പ്രസാദിനെ പരിചയപ്പെടുന്നത്. 2014 ഫെബ്രുവരി 22നാണ് ഞങ്ങൾ ആദ്യമായി സംസാരിച്ചത്. ആദ്യ കാഴ്ചയിൽത്തന്നെ ഇന്ത്യൻ ആർമിയിലെ ക്യാപ്റ്റനാണ് താനെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതെന്നിൽ ചെറിയൊരു ഞെട്ടലുളവാക്കിയെങ്കിലും അദ്ദേഹത്തിന്റെ സത്യസന്ധതയും വിനയവും എനിക്കേറെയിഷ്ടമായി. കൂടിക്കാഴ്ചകൾ തുടർന്നുകൊണ്ടിരുന്നു. ഒരിക്കൽ മറൈൻ ഡ്രൈവിൽ വച്ചാണ് അദ്ദേഹമെന്നോട് ആ കാര്യം ചോദിച്ചത്. 'തീർച്ചയായും ക്യാപ്റ്റൻ' എന്നായിരുന്നു എന്റെ മറുപടി. 

പക്ഷേ, നന്നായി ചിന്തിച്ചിട്ട് മറുപടി പറയാനാണ് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത്. ഒരു ആർമി ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുക എന്നത് അത്രയെളുപ്പമല്ലയെന്നും പറഞ്ഞു. പക്ഷേ, എനിക്കുറപ്പായിരുന്നു. ' ഏതു നിമിഷവും എന്തു വേണമെങ്കിലും സംഭവിക്കാം' എന്റെ അമ്മായി അച്ഛനും എനിക്ക് മുന്നറിയിപ്പു തന്നു. ഒരു സാധാരണക്കാരനും ഏതു നിമിഷവും എന്തും സംഭവിക്കാം, അപ്പോൾ സാധാരണക്കാരനെ സംരക്ഷിക്കുന്ന ഒരാളെ വിവാഹം കഴിക്കാൻ സാധിക്കുന്നതിൽ ഞാൻ അഭിമാനിക്കുകയല്ലേ വേണ്ടത്'.  അതുകൊണ്ട് അതൊന്നും പ്രശ്നമല്ല എന്നായിരുന്നു ഞാൻ അദ്ദേഹത്തിനു നൽകിയ മറുപടി.

പക്ഷേ, അദ്ദേഹത്തിന്റെ ജോലിത്തിരക്കുകൾ മൂലം മൂന്നു തവണ വിവാഹനിശ്ചയച്ചടങ്ങ് മാറ്റിവയ്ക്കേണ്ടി വന്നു. ഒടുവിൽ 2015 ൽ ഞങ്ങൾ വിവാഹിതരായി. ഒരുപാട് കാര്യങ്ങളിൽ ഞങ്ങൾ വ്യത്യസ്തരായിരുന്നു. ഞാൻ ഒരുപാട് സംസാരിക്കുന്ന ഒരാളും അദ്ദേഹം വളരെ ഒതുങ്ങിയ പ്രകൃതക്കാരനുമായിരുന്നു. എങ്കിലും കൃത്യമായ ചേർത്തുവയ്ക്കുന്ന പസിലുകൾ പോലെ സുന്ദരമായിരുന്നു ഞങ്ങളുടെ ബന്ധം. ജോലിസംബന്ധമായി അദ്ദേഹം ദൂരെ സ്ഥലങ്ങളിൽ ആയിരിക്കുമ്പോൾ വല്ലാതെ ബുദ്ധിമുട്ടു തോന്നിയിരുന്നു. ഫോൺ വിളിക്കുമ്പോഴൊക്കെ ഇവിടെയൊരു കുഴപ്പവുമില്ലെന്ന് അദ്ദേഹം പറയും. കാര്യങ്ങൾ അങ്ങനെയല്ലയെന്ന് നമുക്ക് അറിയാമെങ്കിൽപ്പോലും. 

ഒരിക്കൽ ഒരാഴ്ചയായി അദ്ദേഹത്തിന്റെ ഒരു കോൾ പോലും വന്നില്ല. ഞാനാകെ ഭയന്നു പോയി. ഒടുവിൽ 7–ാം ദിവസമാണ് അദ്ദേഹത്തിന്റെ ഫോൺകോളെത്തുന്നത്. അദ്ദേഹത്തിന്റെ ശബ്ദമൊന്നു കേൾക്കാൻ ‍ഞാൻ കൊതിച്ചിരുന്ന ദിവസങ്ങളാണത്. അദ്ദേഹം വീട്ടിലുള്ളപ്പോഴുള്ള ഓരോ നിമിഷവും പരമാവധി ആഘോഷിക്കാൻ ഞാൻ‌ ശ്രമിച്ചിരുന്നു. അദ്ദേഹം കൂടെയുള്ള നിമിഷങ്ങളുടെ ചിത്രങ്ങൾ ‍ഞാൻ പകർത്തുമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ 36000 ചിത്രങ്ങൾ എന്റെ കൈയിലുണ്ട്. അദ്ദേഹത്തിന്റെ ഫോൺവിളികളും ‍ഞാൻ റെക്കോർഡ് ചെയ്യാറുണ്ടായിരുന്നു. അദ്ദേഹത്തെ മിസ് ചെയ്യുമ്പോൾ, അദ്ദേഹത്തെക്കുറിച്ച് ആശങ്ക തോന്നുമ്പോൾ, നിന്നെ സ്നേഹിക്കുന്നുവെന്ന് അദ്ദേഹം പറയുന്നത് കേൾക്കണമെന്ന് തോന്നുമ്പോഴൊക്കെ ഞാൻ റെക്കോർഡ് ചെയ്തുവച്ച ഫോൺകോളുകൾ കേൾക്കും.

2017 ഡിസംബറിലാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചുകൊണ്ട് ആ ഫോൺസന്ദേശമെത്തുന്നത്. അദ്ദേഹം രക്തസാക്ഷിയായെന്ന്. ഇപ്പോഴും എനിക്കത് ഓർമയുണ്ട്. ഞാൻ അപ്പോൾ പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. തലേന്ന് വരെ ഞങ്ങൾ തമ്മിൽ സംസാരിക്കുകയും, ചെറിയൊരു തർക്കം ഞങ്ങൾക്കിടയിലുണ്ടാവുകയും ചെയ്തിരുന്നു. എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അതിനു ശേഷമുള്ള മൂന്നുദിവസം ഞാൻ കാത്തിരുന്നു. അദ്ദേഹം വാതിൽ കടന്നു വരുന്ന കാഴ്ചക്കായി. അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഒരു കാര്യം ചെയ്തുകൊണ്ടാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത് എന്നോർത്ത് ഞാൻ മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. രാജ്യത്തെ സേവിക്കുന്നതിനിടയിൽ ഒരു തവണ പോലും അദ്ദേഹം പരാതി പറയുന്നത് ഞാൻ കേട്ടിട്ടില്ല. മൈനസ് 15 ഡിഗ്രി സെൽഷ്യസ് കാലാവസ്ഥയുള്ള സ്ഥലങ്ങളിലോ, ആശയവിനിമയത്തിന് യാതൊരു സാധ്യതയുമില്ലാത്ത സ്ഥലങ്ങളിലോ ജോലി ചെയ്യുമ്പോൾ പോലും അദ്ദേഹം സന്തോഷവാനായിരുന്നു. എന്റെ അഭിപ്രായത്തിൽ സൈനികരുടെ ഭാര്യമാർ അംഗീകരിക്കേണ്ട ഒരു കാര്യമുണ്ട്. ഓരോ സൈനികന്റെയും ആദ്യത്തേയും സത്യസന്ധവുമായ പ്രണയം അവരുടെ രാജ്യത്തോടായിരിക്കുമെന്ന്. ആ തിരിച്ചറിവാണ് ഇപ്പോൾ എന്നെ മുന്നോട്ടു നയിക്കുന്നത്.

സമയം കടന്നു പോയി. ജീവിതം കരഞ്ഞു തീർക്കുന്നത് അദ്ദേഹത്തിന്റെ ഓർമകളെ അവഹേളിക്കുന്നതിനു സമാനമാണെന്ന് എനിക്കു തോന്നി. അങ്ങനെയാണ് ആർമിയുടെ ഭാഗമാകണമെന്നും അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്ക് ജീവൻ നൽകണമെന്നും ഉറപ്പിച്ചത്. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ എന്റേതു കൂടിയായപ്പോൾ എസ്എസ്ബി പരീക്ഷയ്ക്ക് തയാറെടുത്തു. ആദ്യത്തെ തവണ ഞാൻ പരീക്ഷയിൽ പരാജയപ്പെട്ടു. ‍ഞങ്ങൾ ആദ്യമായി പരസ്പരം സംസാരിച്ചതിന്റെ അഞ്ചാമത്തെ വാർഷികത്തിൽ വിജയിച്ചു. 2020 മുതൽ ഇന്ത്യൻ ആർമിയുടെ ഭാഗമായി ഞാൻ ജോലി ചെയ്തു തുടങ്ങും.

എനിക്കിപ്പോൾ ഭയമില്ല, ‍അദ്ദേഹത്തെപ്പോലെ ഞാനും കരുത്തയായതു പോലെയാണ് എനിക്ക് തോന്നുന്നത്. എന്റെ ജീവിതം രാജ്യത്തിനു വേണ്ടിയാണ്. എന്റെ മരണദിവസം വരെ ഞാൻ രാജ്യത്തെ സംരക്ഷിക്കും''.- ഗൗരി കുറിപ്പവസാനിപ്പിക്കുന്നതിങ്ങനെ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT