ഒരു കാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു ബി ടൗണിലെ താര റാണിമാരായ ഐശ്വര്യ റായ് ബച്ചനും റാണി മുഖർജിയും. എന്നാൽ പിന്നീട് പൊതുവേദികളിൽ വച്ചുപോലും പരസ്പരം മുഖം കൊടുക്കാതെ ഒഴിഞ്ഞു മാറുന്ന അഭിനേത്രികളെക്കണ്ട് ആരാധകർ അമ്പരന്നിട്ടുണ്ട്. ഇരുവരുടെയും പിണക്കത്തിന് കാരണമായി പല കഥകളും പ്രചരിക്കുന്നുണ്ടെങ്കിലും ആരാധകർ വിശ്വസിക്കുന്നത് രണ്ടേ രണ്ടു കാരണങ്ങളാണ്.

ചൽതേ ചൽതേ എന്ന ചിത്രത്തിൽ നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് ഐശ്വര്യയെയായിരുന്നു. എന്നാൽ ആ സമയത്ത് ഐശ്വര്യയുമായി പ്രണയത്തിലായിരുന്ന സൽമാൻഖാൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ മദ്യപിച്ച് ബഹളമുണ്ടാക്കി. തുടർന്ന് ചിത്രത്തിൽ നിന്ന് ഐശ്വര്യയെ ഒഴിവാക്കി പകരം റാണി മുഖർജിയെ നായികയാക്കി.

താൻ കരാറായ ചിത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കി തന്റെ ഉറ്റ സുഹൃത്തിനെ തിരഞ്ഞെടുത്തതിൽ ഐശ്വര്യയ്ക്ക് വളരെയധികം മനോവിഷമമുണ്ടായെന്നും അതാണ് ഇുവരും തമ്മിലുള്ള സൗഹൃദത്തിന് വിള്ളൽ വീഴാനുണ്ടായ പ്രധാന കാരണമെന്നുമാണ് ആരാധകർ വിശ്വസിക്കുന്നത്. എന്നാൽ മറ്റൊരു കൂട്ടർ പറയുന്നത് ഐശ്വര്യ അഭിഷേകുമായി അടുത്തതു മുതലാണ് ഇവരുടെ സൗഹൃദം തകർന്നതെന്നാണ്. റാണി മുഖർജി അഭിഷേകുമായി ഡേറ്റിങ്ങിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതിനെത്തുടർന്നാണ് പാപ്പരാസികൾ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്.

തങ്ങളുടെ വിവാഹത്തിന് ഐശ്വര്യയും അഭിഷേകും റാണിയെ ക്ഷണിക്കാതിരുന്നതോടുകൂടിയാണ് ആത്മാർഥ സുഹൃത്തുക്കൾ പിരിയാൻ കാരണം അഭിഷേക് ആണെന്ന വാർത്തയ്ക്ക് ചൂടുപിടിച്ചത്. എന്തുകൊണ്ടാണ് അഭിഷേകും ഐശ്വര്യയും റാണിയെ വിവാഹത്തിന് ക്ഷണിക്കാതിരുന്നത്? എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ റാണി മറുപടി പറഞ്ഞതിങ്ങനെ –:

'' അഭിഷേകിനു മാത്രമേ ഈ കാര്യത്തിൽ മറുപടി പറയാനാകൂ. ഒരു വ്യക്തി അയാളുടെ വിവാഹത്തിന് നിങ്ങളെ ക്ഷണിച്ചില്ലായെങ്കിൽ അയാളുടെ ജീവിതത്തിൽ നിങ്ങൾക്ക് എവിടെയാണ് സ്ഥാനം നൽകിയിരിക്കുന്നതെന്ന് നിങ്ങൾക്ക് വ്യക്തമാകും. അവരുമായി നല്ല സൗഹൃദമുണ്ടെന്ന് നിങ്ങൾ മനസ്സിൽ കരുതും. പക്ഷേ ചിലപ്പോൾ സെറ്റിലെ വെറും ഒരു സഹപ്രവർത്തക എന്ന നിലയിലായിരിക്കും അവർ നിങ്ങളെ പരിഗണിക്കുക. അതെന്തായാലും ഇപ്പോൾ അതിന് പ്രസക്തിയില്ല. കാരണം ഞങ്ങൾ സുഹൃത്തുക്കളല്ല, വെറും സഹപ്രവർത്തകർ മാത്രമാണെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ. അതിലുമുപരിയായി, സ്വന്തം വിവാഹത്തിന് ആരെയൊക്കെ ക്ഷണിക്കണം എന്നു തീരുമാനിക്കുന്നത് തീർത്തും വ്യക്തിപരമായ ഒരു സംഗതിയാണ്. നാളെ എന്റെ വിവാഹം വന്നാലും എനിക്ക് അടുപ്പമുള്ള വളരെ കുറച്ചാളുകളെ മാത്രമേ ഞാനും ക്ഷണിക്കൂ'. 

പിന്നീട് സ്വന്തം വിവാഹത്തിന് അഭിഷേകിനെയും ഐശ്വര്യയെയും റാണി ക്ഷണിച്ചതുമില്ല. കാര്യങ്ങളൾ ഇങ്ങനെയൊക്കെയാണെങ്കിലും ഐശ്വര്യയുടെ അച്ഛന്റെ വിയോഗവാർത്തയറിഞ്ഞ സന്ദർഭത്തിൽ റാണി ദുഖം പങ്കിടാൻ എത്തിയിരുന്നു.