ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജൊനാസും തമ്മിലുള്ള വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടപ്പോഴാണ് നിക്കിന്റെ സഹോദരൻ കെവിൻ ജൊനാസിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നത്. നിക്കിന്റെ വിവാഹ വാർത്തയറിഞ്ഞതു മുതൽ കുടുംബത്തിലൊരാൾക്ക് സ്വസ്ഥതയില്ലായിരുന്നുവെന്നും തുടക്കത്തിലൊക്കെ പ്രിയങ്കയോടുള്ള ഇഷ്ടക്കേട് ശരിക്കും പ്രകടിപ്പിക്കാനും ആ ആൾ മടിച്ചില്ലെന്നുമാണ് കെവിൻ ജൊനാസ് തുറന്നു പറഞ്ഞത്.

ജെയിംസ് കോർഡ് അവതരിപ്പിക്കുന്ന ലേറ്റ് ലേറ്റ് ഷോയിൽ പങ്കെടുക്കുമ്പോഴാണ് നിക്ക്– പ്രിയങ്ക വിവാഹതീരുമാനത്തെത്തുടർന്ന് കുടുംബത്തിലുണ്ടായ രസകരമായ സംഭവങ്ങളെക്കുറിച്ച് കെവിൻ മനസ്സു തുറന്നത്. തന്റെ ഇളയ മകൾ വാലന്റീനയ്ക്ക് ആദ്യമൊന്നും പ്രിയങ്കയെ ഒട്ടും ഇഷ്ടമല്ലായിരുന്നുവെന്നും നിക്കുമായി അവൾ ഒരുപാട് അടുപ്പം സൂക്ഷിച്ചതുകൊണ്ടാണ് ആദ്യമൊന്നും അവൾക്ക് പ്രിയങ്കയെ അംഗീകരിക്കാൻ കഴിയാതിരുന്നതെന്നും കെവിൻ പറയുന്നു.

പ്രിയങ്കയെ അവൾ ആദ്യമായി കണ്ട നിമിഷം മുതൽ നിക്കിനെ നഷ്ടപ്പെടുമോയെന്നു ഭയന്ന് നിക്കിന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചിരിക്കുകയായിരുന്നുവെന്നും കെവിൻ പറയുന്നു. പ്രിയങ്ക സ്നേഹത്തോടെ വാലന്റീനയെ ചേർത്തു പിടിക്കുന്ന സമയത്തൊക്കെ അവൾ ഒരു ദാക്ഷണ്യവുമില്ലാതെ അവരുടെ കൈ തട്ടിമാറ്റുമായിരുന്നുവെന്നും കെവിൻ പറയുന്നു. കുടുംബത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യുന്ന തമാശയിതാണെന്നും ഇരുവരും ഇപ്പോൾ കൂളാണെന്നും കെവിൻ പറയുന്നു.

വളരെ രസകരമായിരിക്കുന്നു എന്നാണ് സഹോദരന്റെ വെളിപ്പെടുത്തലിനോട് ചിരിച്ചു കൊണ്ട് നിക്ക് പ്രതികരിച്ചത്. സക്കർ എന്ന ലേറ്റസ്റ്റ് ട്രാക്കിന്റെ പ്രമോഷൻ പരിപാടികൾക്കായി ജെയിംസ് കോർഡെൻ അവതരിപ്പിച്ച ഷോയിൽ സഹോദരങ്ങളോടൊത്ത് പങ്കെടുക്കാനെത്തിയതായിരുന്നു നിക്ക്. സക്കർ എന്ന ട്രാക്ക് ഒരു കുടുംബകാര്യം കൂടിയാണെന്നാണ് നിക്കിന്റെ കുടുംബത്തിന്റെ പക്ഷം. ഇതിൽ നിക്കിനൊപ്പം പ്രിയങ്കയും കെവിൻ ജൊനാസിനൊപ്പം ഭാര്യ ഡാനിയെലും ജോയ്ക്കൊപ്പം പ്രതിശ്രുത വധു സോഫിടർണറും സാന്നിധ്യമറിയിച്ചിട്ടുണ്ട്.