അർജുൻ കപൂറുമായി ചർച്ച് വെഡിങ്: മനസ്സു തുറന്ന് മലൈക
ബോളിവുഡ് താരം അർജ്ജുൻ കപൂറും ടെലിവിഷൻ താരം മലൈക അറോറയും ഏപ്രിലിൽ വിവാഹിതരാകും, അവരുടെ ചർച്ച് വെഡ്ഡിങ് കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്തകളൊക്കെ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. പാപ്പരാസികൾ ക്യാമറകളുമായി പിന്നാലെയുണ്ടെങ്കിലും ഇരുവരുടെയും റിലേഷൻഷിപ് സ്റ്റാറ്റസിനെക്കുറിച്ച് ചൂടുപിടിച്ച ചർച്ച നടക്കുന്നുണ്ടെങ്കിലും ഒട്ടും ചമ്മലില്ലാതെയാണ് പൊതുവേദികളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത്.
ലാക്മേ ഫാഷൻ വീക്കിലും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടതോടെ ഉടൻ വിവാഹിതരാകും എന്ന് താരങ്ങൾ തന്നെ തുറന്നു പറയുന്നതു കേൾക്കാൻ കൊതിയോടെ കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ തങ്ങളെക്കുറിച്ച് പ്രചരിക്കുന്ന കഥകളിൽ എന്തെങ്കിലും സത്യമുണ്ടോയെന്നു തുറന്നു പറയാൻ ഇരുവരും തയാറായിരുന്നില്ല. ഒടുവിൽ അനുപമ ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അർജുനെയും തന്നെയും ചുറ്റിപ്പറ്റിയുള്ള കഥകൾക്ക് വ്യക്തമായ ഒരുത്തരം മലൈക നൽകിയത്. അർജ്ജുനും മലൈകയും തമ്മിലുള്ള ചർച്ച് വെഡ്ഡിങ്ങിനെപ്പറ്റിയുള്ള ചോദ്യത്തിന് മലൈക പ്രതികരിച്ചതിങ്ങനെ :- '' എന്റെ ദൈവമേ, ഇല്ല, ഇല്ല. ഇതെല്ലാം മാധ്യമ സൃഷ്ടിയാണ്. ഇതിന്റെയെല്ലാം ഉത്തരവാദിത്തം മാധ്യമങ്ങൾക്കുള്ളതാണ്''.
പ്രണയത്തിന് രണ്ടാമതൊരവസരം നൽകുമോയെന്ന ചോദ്യത്തിനും മലൈകയ്ക്ക് കൃത്യമായ മറുപടിയുണ്ട്. ' നമുക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന ആളുകളെ കണ്ടെത്താനും പ്രണയിക്കാനും അങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും എന്നാണ് എനിക്കു തോന്നുന്നത്. അങ്ങനെ നിങ്ങൾ ചെയ്തെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ്. ഇനി നിങ്ങൾ അങ്ങനെ ചെയ്യാൻ പോവുകയാണെങ്കിൽ ആ സെക്കൻഡ് ചാൻസിൽ സന്തോഷത്തോടെയിരിക്കാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടാകട്ടെ'.
19 വർഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിക്കേണ്ടി വന്നതിനെക്കുറിച്ച് മലൈക വിശദീകരിച്ചതിങ്ങനെ :-
'അതൊരു വലിയ ചുവടുവയ്പ്പായിരുന്നു. എന്റെ നിലപാടുകൾക്കനുയോജ്യമായ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യം എനിക്കു ലഭിച്ചു. തീർച്ചയായും മറ്റുള്ളവരുടെ പക്കൽ നിന്നും അഭിനന്ദനം ലഭിക്കത്തക്ക ഒരു തിരഞ്ഞെടുപ്പല്ലായിരുന്നു അത്. പക്ഷേ അത് നമ്മൾക്ക് മുന്നോട്ടു പോകാനുള്ള സ്വാതന്ത്ര്യം തന്നു, പുതിയ തെരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യം തന്നു, ഭൂതകലത്തെക്കുറിച്ചോർക്കാതെ തലയുയർത്തിപ്പിടിച്ച് ലോകത്തിനു മുന്നിൽ നിൽക്കാനുള്ള സ്വാതന്ത്ര്യം തന്നു'.
സ്വന്തമായി ഇങ്ങനെയൊരു തീരുമാനമെടുക്കാനായതിൽ താൻ സന്തോഷവതിയാണെന്നും മലൈക പറയുന്നു. '' 'ചുറ്റുമുള്ളവർ എന്നോട് പറയുന്നത് ഇനിയും പ്രണയം കണ്ടെത്താനാണ്. അനുയോജ്യമായ ഒരു ബന്ധം കണ്ടെത്തണമെന്നും അവർ പറയുന്നു. മുന്നോട്ടുള്ള ജീവിതത്തിൽ ഒറ്റയ്ക്കു കഴിയണമെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. ചുറ്റുമുള്ളവർ പറയുന്നതിനപ്പുറം എനിക്ക് സ്വന്തമായി ഇങ്ങനെയൊരു തെരഞ്ഞെടുപ്പു നടത്താനായതിൽ എനിക്കു വളരെ സന്തോഷമുണ്ട്'.
മുൻപ് കരീന കപൂർ അവതരിപ്പിച്ച ചാറ്റ്ഷോയിൽ വിവാഹമോചനത്തോട് മകന്റെ പ്രതികരണമെന്തെന്ന് ആരാഞ്ഞപ്പോൾ മലൈക നൽകിയ മറുപടിയിങ്ങനെ :-
'ആകെ അസ്വസ്ഥമായ അന്തരീക്ഷത്തിൽ അവൻ വളരുന്നത് ഞങ്ങൾക്കിഷ്ടമല്ലായിരുന്നു. അവന് സന്തോഷകരമായി ജീവിക്കാനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയായിരുന്നു പ്രധാനം. സമയമായപ്പോൾ അവൻ ആ സത്യത്തെ തുറന്ന മനസ്സോടെ അംഗീകരിച്ചു കഴിഞ്ഞു. സന്തോഷമുള്ള, സ്വതന്ത്രരായ വ്യക്തികളായി ഞങ്ങളെ കാണുന്നതിൽ അവൻ സന്തുഷ്ടനാണ്'.
1998 ലാണ് മലൈകയും അർബാസും വിവാഹിതരാകുന്നത്. 2016 മാർച്ചിലാണ് ഇരുവരും വേർപിരിയുകയും കഴിഞ്ഞ വർഷം മെയിൽ നിയമപരമായി വിവാഹമോചനം നേടുകയും ചെയ്തു. അർബാസ് ജോർജിയ ആൻഡ്രിയാനി എന്ന യുവതിയുമായി പ്രണയത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.