ഇംഗ്ലിഷിൽ ആ ഒറ്റവാക്കേ നിനക്കറിയൂ; ആൾക്കൂട്ടത്തിൽ ക്ഷുഭിതയായി ജയാബച്ചൻ
പൊതുവിടങ്ങളിൽ മര്യാദയില്ലാതെ പെരുമാറുന്നത് ആരായാലും ജയാബച്ചൻ മുഖം നോക്കാതെ പ്രതികരിക്കാറുണ്ട്. അനുവാദമില്ലാത്ത തന്റെ ചിത്രം പകർത്തിയയാളെ പരസ്യമായി ശകാരിച്ചുകൊണ്ടാണ് ഇക്കുറി ജയാബച്ചൻ വാർത്തകളിൽ നിറയുന്നത്.
മുംബൈയിൽ നടന്ന ഒരു പിറന്നാൾ ആഘോഷപ്പാർട്ടിയിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് ജയാ ബച്ചന്റെ അനുവാദമില്ലാതെ ഒരാൾ മൊബൈൽ ഫോണിൽ അവരുടെ ചിത്രം പകർത്തിയത്. തന്റെ അനിഷ്ടം രേഖപ്പെടുത്തിയിട്ടും പുഞ്ചിരിയോടെ മടങ്ങാൻ ശ്രമിച്ച യുവാവിനെ ദേഷ്യത്തോടെ അരികിൽ വിളിച്ചുകൊണ്ട് ജയ പറഞ്ഞതിങ്ങനെ:-
''നീ എന്തിനാണ് എന്റെ ചിത്രങ്ങൾ മൊബൈലിൽ പകർത്തിയത്. ആദ്യം പോയി മര്യാദയെന്തെന്ന് പഠിക്കൂ'. ഈ സംഭവമുണ്ടായി കുറച്ചു സമയം കഴിഞ്ഞപ്പോൾ ഇതേ വിഷയത്തിന്റെ പേരിൽ ജയാബച്ചന് മറ്റൊരാളെയും ശകാരിക്കേണ്ടി വന്നു. ജയയുടെ ശകാരം കേട്ട് അയാൾ ക്ഷമ പറഞ്ഞപ്പോൾ. സോറി എന്നൊരൊറ്റ വാക്കേ നിനക്ക് ഇംഗ്ലിഷിൽ അറിയുകയുള്ളോ? എന്നാണ് ജയ ബച്ചൻ ദേഷ്യത്തോടെ അയാളോട് ചോദിച്ചത്.
ചിത്രങ്ങൾക്കായി പിന്നാലെ കൂടുന്ന പാപ്പരാസികൾക്കു മുൻപിൽ ക്ഷമ നശിക്കുന്ന ജയാബച്ചന്റെ ദൃശ്യങ്ങൾ മുൻപും പുറത്തു വന്നിട്ടുണ്ട്. 2017 ലും ഇത്തരത്തിൽ ഒരു വിഡിയോ പുറത്തു വന്നിരുന്നു. പാപ്പരാസികളോടുള്ള അമ്മയുടെ ക്ഷിപ്ര കോപത്തെക്കുറിച്ച് മക്കളായ അഭിഷേകും ശ്വേതയും പറയുന്നതിങ്ങനെ:-
''ചുറ്റും ഒരുപാടാളുകളുള്ളപ്പോൾ അമ്മയ്ക്ക് ഭയമാണ്. പിന്നെ അനുവാദമില്ലാതെ അമ്മയുടെ ചിത്രം പകർത്തുന്നതും ഇഷ്ടമല്ല. അമ്മയുടെ മനസ്സിലെ ചിന്താഗതി അങ്ങനെയാണ്''. പരിപാടി കഴിഞ്ഞ് ജയാ ബച്ചൻ കാറിലേക്ക് മടങ്ങുമ്പോൾ അവരെ പിന്തുടരണോ വേണ്ടയോ എന്ന് ഫൊട്ടോഗ്രാഫർമാരിൽ ഒരാൾ ചോദിക്കുമ്പോൾ അതു വിട്ടേയ്ക്ക് എന്നാണ് മറ്റൊരാളുടെ മറുപടി.
നാക്കിന്റെ മൂർച്ചകൊണ്ട് പൊതുവിടങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഒരു മടിയുമില്ല ജയാബച്ചനെന്ന് തെളിയിക്കുന്ന തരത്തിലാണ് 2017 ൽ ചില വാർത്തകൾ പുറത്തുവന്നത്. മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും മുന്നിൽ ഒരിക്കലും മുഖം കറുപ്പിക്കാത്ത അമിതാബ് ബച്ചനും മകൻ അഭിഷേക് ബച്ചനും മരുമകൾ ഐശ്വര്യയ്ക്കും ചെറുതല്ലാത്ത തലവേദനകൾ സൃഷ്ടിക്കാറുണ്ട് ജയയുടെ ഈ എടുത്തു ചാട്ടം.
എത്ര പ്രകോപനപരമായ ചോദ്യങ്ങൾ മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായാലും വളരെ ശാന്തമായ മറുപടിയാണ് ബിഗ്ബിയുടെയും മകന്റെയും മരുമകളുടെയും ഭാഗത്തു നിന്നുണ്ടാവാറുള്ളത്. 2017 ൽ ഇഷ ഡിയോളിന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ പങ്കെടുക്കാൻ ഐശ്വര്യയും ജയാബച്ചനുമെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഐശ്വര്യയെക്കണ്ട ഫൊട്ടോഗ്രാഫർ ആവേശത്തോടെ ഐശ്യര്യയോടു ഫോട്ടോയ്ക്കു പോസ് ചെയ്യാനാവശ്യപ്പെട്ട് ആഷ് എന്ന് അഭിസംബോധന ചെയ്തു. അതു ജയാബച്ച്ന് തീരെ ഇഷ്ടപ്പെട്ടില്ല.
ഐശ്വര്യയെ ആഷ് എന്ന് അഭിസംബോധന ചെയ്യാൻ അവൾ നിന്റെ സഹപാഠിയാണോയെന്നായിരുന്നു ജയയുടെ ചോദ്യം. മാധ്യമപ്രവർത്തകരോടുള്ള അമ്മായിയമ്മയുടെ പെരുമാറ്റം കണ്ട് അമ്പരന്നു പോയെങ്കിലും നിർവികാരമായ ഒരു ഭാവം മുഖത്തു നിലനിർത്തി ആ സാഹചര്യത്തിൽ നിന്ന് എത്രയും പെട്ടന്ന് മാറിനിൽക്കാനാണ് ഐശ്വര്യ ശ്രമിച്ചതെന്നാണ് സംഭവത്തിനു ദൃക്സാക്ഷികളായവർ പറഞ്ഞത്.