ഒരേ വിമാനത്തിൽ അമ്മ പൈലറ്റ്, മകൾ സഹപൈലറ്റ്; പക്ഷേ, ഈ ആകാശയാത്ര അവർക്ക് കുടുംബകാര്യമല്ല
പൈലറ്റ്സിന്റെ യൂണിഫോമിൽ ഒരമ്മയെയും മകളെയും കണ്ട കൗതുകത്തിന്റെ പുറത്താണ് വെർച്വൽ ലോകം ആ ചിത്രത്തിനു പിന്നിലെ കഥതേടി പോയത്. ആ അന്വേഷണം പുറത്തു കൊണ്ടുവന്നത് അതിസുന്ദരമായ ഒരു കുടുംബ കഥയും. യുഎസ്എയിലെ ഡെൽറ്റാ എയർലൈൻസിന്റെ വിമാനത്തിലെ പൈലറ്റ്സ് ആണ് ഇരുവരും. അമ്മ പൈലറ്റും മകൾ സഹ പൈലറ്റും. അമ്മയും മകളും ഒരേ വിമാനത്തിൽ പൈലറ്റ്സ് ആയി ജോലിചെയ്യുന്നു എന്ന വാർത്തയും ഇവരുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കുറച്ചയായി.
പൈലറ്റും എബ്രി റിഡിൽ എയറോനോട്ടിക്കൽ യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസിലറുമായ ജോൺ. ആർ വാട്രറ്റിന്റെ ട്വീറ്റിലൂടെയാണ് ഈ അമ്മയുടെയും മകളുടെയും കഥ പുറം ലോകമറിഞ്ഞത്. വിസ്മയം എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. കലിഫോർണിയയിൽ നിന്ന് അത്‌ലാന്റയിലേക്കും അവിടെ നിന്ന് ജോർജ്ജിയയിലേക്കുമുള്ള യാത്രയിലാണ് ഈ അമ്മയും മകളും വിമാനം നിയന്ത്രിച്ചത്. വിമാനത്തിനുള്ളിൽ പൈലറ്റ്സിന്റെ യൂണിഫോമിൽ ഇരുവരുമിരിക്കുന്ന ചിത്രങ്ങൾ നിറഞ്ഞ മനസ്സോടെയാണ് വെർച്വൽ ലോകം സ്വീകരിച്ചത്.
ഈ അമ്മയുടെയും മകളുടെയും ജീവിത കഥ ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പ്രചോദനമാകട്ടെ എന്നു പറഞ്ഞുകണ്ടാണ് ഇവരുടെ ചിത്രങ്ങൾ ആളുകൾ പങ്കുവയ്ക്കുന്നത്. ഫാമിലി ഫ്ലൈറ്റ് ക്രൂ ഗോൾസ് എന്നാണ് ഇവരുടെ ചിത്രങ്ങൾക്കു ഡെൽറ്റ എയർലൈൻസ് മറുപടിയായി കുറിച്ചിരിക്കുന്നത്. 41,000 ൽ അധികം പ്രാവശ്യം ഇവരുടെ പോസ്റ്റ് ലൈക്ക് ചെയ്യപ്പെടുകയും 16000 പ്രാവശ്യം റിട്വീറ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.