ഹൃദയം കവരും ലക്‌ഷ്മിയുടെ നൃത്തം; തരംഗമായി ദൃശ്യങ്ങൾ
ഒരുപാടൊരുപാടിഷ്ടത്തോടെയാണ് ആ നൃത്ത വിഡിയോ ആളുകൾ ഹൃദയത്തോടു ചേർത്തു വയ്ക്കുന്നത്. കാരണം ആ വിഡിയോയിലുള്ളത് ലക്‌ഷ്മിയാണ്. ആസിഡ് ആക്രമണത്തിന്റെ ഇരയായിട്ടും തളരാതെ, പതറാതെ ജീവിതത്തെ തിരികെപ്പിടിച്ച പെൺകുട്ടി. പിന്നീട് അവളുടെ ജീവിതത്തിലെ ഒരേയൊരു ലക്ഷ്യം ആസിഡ് ആക്രമണത്തിനെതിരെ പോരാടുക എന്നതായിരുന്നു.
ലക്‌ഷ്മി വീണ്ടും വാർത്തകളിൽ നിറഞ്ഞത് ഒരു ബോളിവുഡ് ചിത്രവുമായി ബന്ധപ്പെട്ടിട്ടായിരുന്നു. ദീപിക പദുക്കോൺ ആസിഡ് ആക്രമണത്തിന്റെ ഇരയായി വേഷമിടുന്ന ചിത്രത്തിന്റെ പേര് ഛാപാക്. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ഛാപാകിന്റെ പ്രമേയം ലക്‌ഷ്മിയുടെ ജീവിതമാണ്. 2020 ജനുവരി 10 നാണ് ചിത്രം റിലീസ് ചെയ്യുക.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പങ്കുവച്ചുകൊണ്ട് ദീപിക പോസ്റ്റ് ചെയ്ത ചിത്രത്തെ അഭിനന്ദനത്തോടെയാണ് ബോളിവുഡിലെ വൻതാരനിര സ്വാഗതം ചെയ്തത്. അതിനു പിന്നാലെയാണ് ലക്‌ഷിമിയുടെ നൃത്ത വിഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
ടൈഗർ ഷെറോഫും ശ്രദ്ധാകപൂറും അഭിനയിച്ച ബാഗി എന്ന ചിത്രത്തിലെ ഛം ഛം എന്ന ഗാനരംഗത്തിനാണ് ലക്‌ഷ്മി ചുവടു വച്ചത്. ആസിഡ് ആക്രമണത്തിന് ഇരയായ ആയിരക്കണക്കിന് പെൺകുട്ടികളുടെ ശബ്ദമായാണ് ലോകം ലക്‌ഷ്മിയെ കാണുന്നത്.
2005 ൽ കേവലം 15 വയസ്സുള്ളപ്പോഴായിരുന്നു ലക്‌ഷ്മി ആസിഡ് ആക്രമണത്തിന് ഇരയായത്. 32കാരന്റെ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പ്രതികാരമായാണ് ലക്‌ഷ്മിക്ക് ഈ ദുർവിധി അനുഭവിക്കേണ്ടി വന്നത്. ലക്‌ഷ്മിയുടെ നോ എന്ന മറുപടിയെ സ്വീകരിക്കാൻ മടിച്ച അയാൾ അവളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
ആസിഡ് ആക്രമണങ്ങൾക്കെതിരെ പോരാടുന്ന ലക്‌ഷ്മി ഇതിനകം തന്നെ ഏറെ പുരസ്കാരങ്ങൾ നേടിക്കഴിഞ്ഞു. മിഷേൽ ഒബാമയുൾപ്പടെയുള്ളവർ ലക്‌ഷ്മിയെ ആദരിച്ചിട്ടുണ്ട്. ആസിഡ് വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ലക്‌ഷ്മിക്കായി എന്നതാണ് ലക്‌ഷ്മിയുടെ എടുത്തു പറയത്തക്കനേട്ടം.