മുൻലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായ് പങ്കുവച്ച മനോഹരമായ ഒരു കുടുംബചിത്രം ആരാധകരുടെ മനസ്സു കീഴടക്കിയിരിക്കുകയാണ്. എപ്പോഴും സന്തോഷമാണെന്നു പറഞ്ഞുകൊണ്ടാണ് ജയാബച്ചനും ആരാധ്യയ്ക്കുമൊപ്പമുള്ള ചിത്രം ഐശ്വര്യ പങ്കുവച്ചത്. ജയാബച്ചന്റെ 71–ാം ജന്മദിനാഘോഷത്തിന്റെ പിറ്റേന്നാണ് ഐശ്വര്യ ചിത്രം പങ്കുവച്ചത്.

ബച്ചൻ കുടുംബത്തിലെ അസ്വാരസ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ മിടുക്കു കാട്ടുന്ന പാപ്പരാസികൾ അൽപ്പം അസൂയയോടെയാണ് ചിത്രത്തെ വരവേറ്റത്. അമ്മായിയമ്മ ജയാബച്ചനും  ഐശ്വര്യയും മകൾ ആരാധ്യയും  ചിത്രത്തിൽ അതീവ സുന്ദരികളാണെന്നാണ് ആരാധകരുടെ അഭിപ്രായം. മുൻപ് ഒരു അഭിമുഖത്തിൽ ജയാബച്ചൻ ഐശ്വര്യ റായിയെക്കുറിച്ചു പറഞ്ഞ ചില കാര്യങ്ങൾ അടുത്തിടെ തരംഗമായിരുന്നു. ഐശ്വര്യയുടെ ഗുണഗണങ്ങളെ അഭിനന്ദിക്കുന്ന ജയയുടെ വിഡിയോയാണ് ചർച്ചയായത്.

ജീവിതത്തിൽ താൻ കൽപ്പിക്കുന്ന മൂല്യങ്ങളെക്കുറിച്ചും തന്നിലെ അമ്മയെക്കുറിച്ചും അഭിമുഖങ്ങളിൽ ജയ വാചാലയാകാറുണ്ട്. ജയാബച്ചൻ ഏറ്റവും കൂടുതൽ വിമർശിക്കപ്പെടാറുള്ളത് അവരുടെ മുൻകോപത്തിന്റെ പേരിലാണ്. തന്റെ ഈ ദൗർബല്യത്തെക്കുറിച്ചും അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ചും മറയില്ലാതെ ജയാബച്ചൻ തുറന്നു പറയാറുമുണ്ട്. അത്തരമൊരു അഭിമുഖത്തിൽ ജയ തുറന്നു പറഞ്ഞതിങ്ങനെ :-

എന്തുകൊണ്ടാണ് ജയയ്ക്ക് പെട്ടെന്ന് ക്ഷമിക്കാനുള്ള കഴിവില്ലാത്തതെന്നുള്ള ചോദ്യത്തിനു മുന്നിലാണ് ജയാബച്ചൻ മനസ്സു തുറന്നത്.'' ഞാൻ നിങ്ങളോടു യോജിക്കുന്നു. ഒരു കാരണമുണ്ടെങ്കിൽ,‍ ഞാൻ നന്നായി ക്ഷമിക്കുന്നയാളാണ്. ഞാൻ സത്യസന്ധയാണ്. ജീവിതത്തിൽ ഒരുപാട് ആവശ്യങ്ങളില്ലാത്ത ആളായതുകൊണ്ട് എവിടെയും സന്തോഷത്തോടെയിരിക്കാൻ എനിക്ക് സാധിക്കും. നല്ല മൂല്യങ്ങൾ നൽകിയാണ് എന്റെ കുഞ്ഞുങ്ങളെ ഞാൻ വളർത്തിയത് എന്നും ഞാൻ വിശ്വസിക്കുന്നു. എല്ലാ ദിവസവും ‍ഞാൻ എന്റെ മകനോട് ഒരു കാര്യം ആവർത്തിച്ചു പറയാറുണ്ട്. നിന്റെ ഒരു ചിത്രം വിജയമോ പരാജയമോ ആയിക്കോട്ടെ, അതൊരു പ്രശ്നമേയല്ല, നിനക്കൊപ്പം ജോലിചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മുപ്പതു വർഷത്തിനു ശേഷം ഒരു ലൈറ്റ് ബോയി പറഞ്ഞാൽ അതിലാണ് കാര്യം.''

രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്ത ഫന്നീഖാൻ എന്ന ചിത്രത്തിലാണ് ഐശ്വര്യ റായ് ഒടുവിൽ അഭിനയിച്ചത്.

അനിൽ കപൂറിനും രാജ്കുമാർ റാവുവുമായിരുന്നു ആ ചിത്രത്തിലെ മറ്റു താരങ്ങൾ. ഗുലാബ് ജാമുൻ എന്ന ചിത്രത്തിൽ ഐശ്വര്യയും അഭിഷേകും നായികാനായകന്മാരായെത്തുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ചിത്രത്തിലെ റൊമാന്റിക് രംഗങ്ങൾ തങ്ങൾക്ക് യോജിക്കില്ലെന്നു പറഞ്ഞുകൊണ്ട് അവർ ആ പ്രൊജക്റ്റിൽ നിന്ന് പിന്മാറി. ഇതുവരെ ഇരുവരും പുതിയ പ്രൊജക്റ്റുകളൊന്നും ഏറ്റെടുത്തിട്ടില്ല.