ജീവിതത്തിന്റെ തുലാസിന്റെ ഒരു വശത്ത് അച്ഛന്റെ ജീവൻ മറുവശത്ത് ശസ്ത്രക്രിയ സമ്മാനിക്കുന്ന വികൃതമായ മുറിപ്പാടുകളും തീവ്ര വേദനയും. ഇതിൽ ഏതു തിരഞ്ഞെടുക്കണമെന്ന് ആ 19കാരിക്ക് തെല്ലും സംശയമില്ലായിരുന്നു. തന്റെ കരളിന്റെ 65 ശതമാനം അച്ഛനു പകുത്തു നൽകി അവൾ ജീവിതത്തെ ധീരതയോടെ നേരിട്ടു. ആ മകളുടെ പേര് രാഖി ദത്ത.

പെൺകുഞ്ഞുങ്ങൾ‌ ശാപമാണെന്നും ഭാരമാണെന്നും ചിന്തിച്ചിരുന്ന ആളുകളിൽ പലരും ഒരു നിമിഷത്തേക്കെങ്കിലും പ്രാർഥിച്ചിട്ടുണ്ടാവും ഇതുപൊലൊരു പൊൻമകൾ തങ്ങൾക്ക് പിറന്നിരുന്നെങ്കിലെന്ന് പറഞ്ഞുകൊണ്ടാണ് പലരും ധീരയായ ഈ പെൺകുട്ടിയുടെ കഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.

രണ്ട് പെൺമക്കളാണ് രാഖിയുടെ അച്ഛന്.  അച്ഛന്റെ ആരോഗ്യസ്ഥിതി മോശമായപ്പോൾ ഇരുവരും ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. രോഗം നിർണയിക്കാനും ഫലപ്രദമായ രീതിയിൽ ചികിൽസ നൽകാനും കൊൽക്കത്തയിലെ പ്രമുഖ ഡോക്ടർമാർക്ക് പോലും കഴിയാതെ വന്നതോടെയാണ് അച്ഛനെയും കൊണ്ട് ഇരുവരും ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോ എൻഡ്രോളജിയിൽ എത്തിയത്. അച്ഛന്റെ അവസ്ഥയെക്കുറിച്ചും കരൾമാറ്റ ശസ്ത്രക്രിയയെക്കുറിച്ചും ഒക്കെ അവിടുത്തെ ഡോക്ടർമാർ പെൺമക്കളോട് വിശദീകരിച്ചു. എത്ര തേടിയിട്ടും അച്ഛന് അനുയോജ്യമായ ഒരു കരൾ ദാതാവിനെ കണ്ടെത്താൻ അവർക്കായില്ല. സമയം മുന്നോട്ടു പോകുന്തോറും അച്ഛന് ജീവനു തന്നെ ആപത്തു സംഭവിച്ചേക്കാം എന്ന തിരിച്ചറിവിലാണ് കൗമാരക്കാരിയായ ആ പെൺകുട്ടി മറ്റു പലർക്കും കഠിനമെന്നു തോന്നാവുന്ന ഒരു തീരുമാനമെടുത്തത്.

തന്റെ കരളിന്റെ 65 ശതമാനം അച്ഛന് നൽകാൻ തയാറാണെന്ന് അവൾ ഡോക്ടർമാരെ അറിയിച്ചു. കൗമാരം കടന്നിട്ടില്ലാത്ത ഒരു പെൺകുട്ടി ശസ്ത്രക്രിയ തന്റെ ശരീരത്തിലുണ്ടാക്കിയേക്കാവുന്ന വികൃതമായ വടുക്കളെപ്പറ്റിയോ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടാവുന്ന കഠിന വേദനകളെക്കുറിച്ചോ സങ്കടപ്പെടാതെ ധീരമായ തീരുമാനമെടുത്തു. അവളുടെ തീരുമാനത്തെ ഡോക്ടർമാർ അഭിനന്ദിച്ചു. അവളുടെ കഥയറിഞ്ഞ ലോകം നിറഞ്ഞ കണ്ണുകളോടെ കൂപ്പിയ കൈകളോടെ ഇത് ഞങ്ങളുടെ ഹീറോ എന്നു പറഞ്ഞുകൊണ്ട് അവളുടെയും അച്ഛന്റെയും ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നു.

അസാധ്യം എന്നൊരു വാക്ക് തന്റെ നിഘണ്ടുവില്ലെന്നും ഭയം എന്ന വാക്കിന് ജീവിതത്തിൽ സ്ഥാനമില്ലെന്നുമാണ് അവൾ ജീവിതംകൊണ്ട് തെളിച്ചതെന്നും. പെൺകുഞ്ഞുങ്ങളുടെ പിറവിയെ വെറുക്കുന്നവർക്കുള്ള കുറിക്കു കൊള്ളുന്ന മറുപടിയാണവൾ എന്നും പറഞ്ഞുകൊണ്ടാണ് ലോകത്തിനു മുഴുവൻ അഭിമാനിക്കാനായി അവളുടെ ചിത്രം പങ്കുവയ്ക്കപ്പെടുന്നത്.