അവളെ വെറുതേ വിടൂ, സമാധാനത്തോടെ പരീക്ഷ എഴുതിക്കോട്ടെ : കജോൾ
സെലിബ്രിറ്റി കിഡ്സുകളെ ടാർഗറ്റ് ചെയ്യുന്നതും അവരെ വിടാതെ പിന്തുടർന്ന് വാർത്തകൾ പ്രചരിപ്പിക്കുന്നതും പാപ്പരാസികളുടെ പ്രിയപ്പെട്ട വിനോദമാകുമ്പോൾ തലവേദനയേറുകയാണെന്നാണ് ബി ടൗണിലെ സെലിബ്രിറ്റികൾ പറയുന്നത്.
മകൾക്കെതിരെയുയരുന്ന ബോഡിഷെയ്മിങ്ങിനെതിരെ പലവട്ടം ശക്തമായ ഭാഷയിൽ പ്രതികരിച്ചിട്ടുണ്ട് ബോളിവുഡ് താരം അജയ് ദേവ് ഗൺ. ഇപ്പോഴിതാ മകളെ വെറുതെ വിടൂവെന്ന് അഭ്യർഥിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അജയ് ദേവ്ഗണിന്റെ ഭാര്യയും ബോളിവുഡ് താരവുമായ കജോൾ.
ദാദാസാഹിബ് ഫാൽക്കേ എക്സലൻസ് അവാർഡ് ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് തന്റെ മകളെ വെറുതെ വിടാൻ അവർ മാധ്യമങ്ങളോട് അഭ്യർഥിച്ചത്. അജയ് ദേവ്ഗണിന്റെയും കജോളിന്റെയും മകൾ നൈസയുടെ ബോളിവുഡ് പ്രവേശനം എപ്പോഴാണെന്ന ചോദ്യത്തോട് പ്രതികരിക്കവേയാണ് മകളെ വെറുതെ വിടാൻ അവർ മാധ്യമങ്ങളോട് അഭ്യർഥിച്ചത്.
മകൾക്ക് 16 വയസ്സേ ആയിട്ടുള്ളൂവെന്നും അവൾ പത്താംക്ലാസിലെ ബോർഡ് എക്സാമിനു വേണ്ടി തയാറെടുക്കുകയാണെന്നും നിങ്ങൾ ( മാധ്യമങ്ങൾ) അവൾക്കൽപ്പം സമയം കൊടുക്കൂവെന്നുമാണ് കജോൾ പറഞ്ഞത്.