മുടിയാണ് സൗന്ദര്യത്തിന്റെ മാനദണ്ഡം എന്നുറച്ചു വിശ്വസിച്ച ഒരാൾക്ക് കാൻസർ ബാധിച്ചാൽ?. കീമോതെറാപ്പിക്കു ശേഷം തലയിൽ ഒരു മുടിനാരു പോലും ശേഷിക്കാതിരുന്നാൽ?. എന്നാൽ ശരിക്കും അത്തരമൊരു അവസ്ഥയിലൂടെ കടന്നു പോയ ഒരാളുണ്ട്. ഹൃദയത്തിൽത്തൊടുന്ന ഭാഷയിൽ കാൻസറിനെ അതിജീവിച്ച കഥ പങ്കുവച്ച വ്യക്തിയുടെ പേര് താഹിറ കശ്യപ്. ഫിലിംമേക്കറും ആയുഷ്മാൻ ഖുറാനയുടെ  ഭാര്യയുമായ താഹിറയുടെ ജീവിതമിങ്ങനെ :-

2018 ലാണ് താഹിറയ്ക്ക് സ്തനാർബുദം സ്ഥിരീകരിച്ചത്. ചികിൽസയും കീമോതെറാപ്പിയുമൊക്കെയായി കാൻസർ വേരിനെ ജീവിതത്തിൽ നിന്ന് അടർത്തി മാറ്റാനുള്ള ശ്രമങ്ങളെയും തന്റെ അതിജീവനത്തെയും ചില ചിത്രങ്ങളായി താഹിറ പകർത്തി. ആ ചിത്രങ്ങളും ഹൃദയസ്പർശിയായ കുറിപ്പും ചേർത്ത് താഹിറ പങ്കുവച്ച വിഡിയോയിലൂടെയാണ് അവരുടെ അതിജീവന കഥ ലോകമറിഞ്ഞത്.

കാൻസറിനെതിരെ പോരാടി വിജയിക്കാൻ സാധിച്ചത് ഒരേയൊരു കാരണം കൊണ്ടാണ്. ഈ രോഗത്തെക്കുറിച്ച് തന്റെ ഏഴുവയസ്സുകാരനായ മകനുണ്ടായിരുന്ന തെറ്റിധാരണ മാറ്റാൻ കഴിഞ്ഞതാണ് ആ കാരണമെന്നും അവർ പറയുന്നു. തലയിൽ നിന്നു മുടി കൊഴിഞ്ഞു തുടങ്ങുന്നതും ഒടുവിൽ പൂർണ്ണമായും കൊഴിഞ്ഞ് മൊട്ടത്തലയായി മാറുന്നതും ഏറ്റവും ഒടുവിലായി മുടി ക്രോപ് ചെയ്ത ചിത്രവുമാണ് അവർ പങ്കുവച്ചത്.

മുന്നോട്ടു കാണാൻ പോകുന്ന ചിത്രങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകിക്കൊണ്ടാണ് താഹിറ തന്റെ അതിജീവനത്തെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നത്. തന്റെ ഭൂതകാലത്തെ ഒരു ചിത്രശലഭത്തിന്റെ പിറവിയോടാണ് അവർ ഉപമിക്കുന്നത്. ശലഭപ്പുഴുവിൽ നിന്ന് പൂർണ വളർച്ചയെത്തിയ ശലഭമായി മാറിയോ അതോ നേരെ തിരിച്ചാണോ തന്റെ ജീവിതത്തിൽ സംഭവിച്ചത് എന്നതിനെക്കുറിച്ചു മാത്രം തനിക്ക് തീരെ ധാരണയില്ലെന്നും അവർ പറയുന്നു.

''അസുഖത്തിന്റെ ഓരോ ഘട്ടവും വ്യത്യസ്തമായിരുന്നു. ലാർവയാണോ പ്യൂപ്പയാണോ അതോ മറ്റുവല്ല അവസ്ഥയിലുമാണോ എന്ന് വ്യക്തമാകാത്ത നാളുകൾ. ഏതവസ്ഥയിലാണോ അങ്ങനെ തന്നെ ജീവിതത്തെ സ്വീകരിക്കാൻ ഒരുക്കമായിരുന്ന നാളുകൾ. ശലഭപ്പുഴുവിനെപ്പോലെ ജീവിച്ച ദിവസങ്ങളിൽ നിന്ന് ജീവിതത്തിന്റെ ഒരു താൾ മറിച്ചാൽ മാനസികമായും ശാരീരികമായും ഒരുപാടു മാറ്റങ്ങളിലൂടെയാണ് ഞാൻ കടന്നു പോയത് എന്നു പറയേണ്ടി വരും.

നീളൻ മുടിയോടുള്ള ഭ്രാന്തമായ ആവേശം, എന്റെ ശരീരത്തിലെ കുറവുകളെ മറയ്ക്കാൻ അതിവിദഗ്ധമായി ഞാനെന്റെ തലമുടിയെ ഉപയോഗിച്ച വിധം, മുടിയുണ്ടായിരുന്നപ്പോൾ ഞാനനുഭവിച്ച സുരക്ഷിതത്വം അതിൽ നിന്നെല്ലാം ഇപ്പോൾ ഒരുപാട് മാറി. മൊട്ടത്തലയെ മറയ്ക്കാൻ ഇപ്പോൾ തൊപ്പിയുപയോഗിക്കാറുണ്ട്, മുടി വളരുമ്പോൾ വൃത്തിയായി ക്രോപ് ചെയ്യാറുണ്ട്. ജീവിതത്തിലുണ്ടായ ഈ മാറ്റങ്ങളെല്ലാം വ്യത്യസ്തമായിരുന്നു. ഇവയെയെല്ലാം ഏറെ ആസ്വദിക്കുന്നുണ്ട്. കാരണം മുടിയില്ലാതെ വന്നപ്പോൾ ഞാൻ അനുഭവിച്ച അരക്ഷിതാവസ്ഥയും, സൗന്ദര്യത്തെക്കുറിച്ചുള്ള എന്റെ വികലമായ ധാരണകളും കോംപ്ലക്സുകളുമൊക്കെ ഇപ്പോൾ മാറിയിരിക്കുന്നു.

എനിക്കിനിയും പഴയപോലെ നീളമുള്ള മുടിയുണ്ടാകുമോയെന്നറിയില്ല. ഇനിയിപ്പോൾ ഉണ്ടായാൽത്തന്നെ മുടിയാൽ എന്റെ മുഖം മറയ്ക്കാൻ പഴയപോലെ ഞാൻ ശ്രമിക്കില്ല. സൗന്ദര്യത്തെ സ്ഫുടം ചെയ്തെടുത്തു എന്നൊന്നുമല്ല ഞാൻ പറയുന്നത്. മറിച്ച് എന്റെ മനസ്സിലെ ചിന്തകളും എന്റെ കുഞ്ഞിന്റെ മനസ്സിലെ ചിന്തകളും മാറിയെന്നാണ്. എന്റെ തലയിലെ മുടിയിഴകൾ ഓരോന്നായി കൊഴിഞ്ഞു വീഴുമ്പോഴും, മൊട്ടത്തലയുമായി ഞാനിരിക്കുമ്പോഴും ഓടിപ്പോയി തൊപ്പിയെടുത്തു കൊണ്ടു വന്ന് എന്റെ തലയിൽ വച്ചു തരുന്ന ഒരു മകനുണ്ട്. യാതൊരു മടിയുമില്ലാതെ അഭിമാനത്തോടെ അവന്റെ കൂട്ടുകാർക്ക് അവനെന്നെ പരിചയപ്പെടുത്താറുണ്ട്.

ഇപ്പോൾ എനിക്കറിയാം. ഞാൻ മാറ്റത്തിന്റെ ഭാഗമാകുകയാണ്. ഈ കുറിപ്പ് ഞ‍ാൻ സമർപ്പിക്കുന്നത് കീമോതെറാപ്പിക്ക് വിധേയരായ സ്ത്രീകൾക്കു വേണ്ടിയാണ്. പല രൂപത്തിലും പല ഭാവത്തിലുമുള്ള സ്ത്രീകൾക്കു വേണ്ടി. കീമോതെറാപ്പിക്കു ശേഷം നിങ്ങളുടെ മുടി കൊഴിഞ്ഞെങ്കിലും വിഷമിക്കണ്ട. നിങ്ങൾ ഇപ്പോഴും എപ്പോഴും സുന്ദരികളാണ്''.