ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ സഹോദരൻ സിദ്ധാർഥിന്റെ വിവാഹം മുടങ്ങി എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പ്രിയങ്കയുടെയും സിദ്ധാർ‌ഥിന്റെയും അമ്മ മധുചോപ്ര ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മകന്റെ വിവാഹം മാറ്റിവയ്ക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മധുചോപ്ര മനസ്സു തുറന്നത്. ഇഷിത കുമാർ എന്ന യുവതിയുമായാണ് സിദ്ധാർഥിന്റെ വിവാഹം തീരുമാനിച്ചത്. എന്നാൽ വിവാഹത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കവെയാണ് വിവാഹം മാറ്റിവയ്ക്കേണ്ടി വന്നത്. വിവാഹം മാറ്റിവച്ചു എന്നു വാർത്ത പ്രചരിച്ചതിനു പിന്നാലെയാണ് ആഘോഷവേളയിലെ ചിത്രങ്ങൾ ഇഷിത സമൂഹമാധ്യമങ്ങളിൽ നിന്നു നീക്കം ചെയ്തതും വാർത്തയായത്.

ഇപ്പോൾ വിവാഹിതനാകാൻ സിദ്ധാർഥ് മാനസികമായി തയാറെടുത്തിട്ടില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് സിദ്ധാർഥ് ഇഷിതയുമായി ചർച്ച നടത്തിയെന്നും ഇരുവരും ഒരുമിച്ചെടുത്ത തീരുമാനപ്രകാരമാണ് വിവാഹം മാറ്റിവച്ചതെന്നും. ഈ വിവാഹം ഇനിയൊരിക്കലും നടക്കാൻ പോകുന്നുമില്ലെന്നുമാണ് മധുചോപ്ര വിശദീകരിച്ചത്.

തന്റെ മനസ്സ് ഇതുവരെ വിവാഹത്തിനായി തയാറെടുത്തിട്ടില്ലെന്നും തനിക്കിനിയും സമയം വേണമെന്നുമാണ് സിദ്ധാർഥിന്റെ വിശദീകരണമെന്നും മധു ചോപ്ര പറയുന്നു. വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിവാഹം നിർത്തിവച്ച സിദ്ധാർഥിന്റെ പ്രവർത്തിയെ അവിശ്വസനീയതയോടെയാണ് പലരും നോക്കിക്കാണുന്നത്. സിദ്ധാർഥിന്റെ ജീവിതത്തിൽ ആദ്യമായിട്ടല്ല ഇത്തരമൊരു സംഭവമെന്നും 2015ൽ അന്നത്തെ ഗേൾഫ്രണ്ട് ആയിരുന്ന കനിക മതുറുമായി നിശ്ചയിച്ചിരുന്ന വിവാഹവും ഒരു മുന്നറിയിപ്പുമില്ലാതെ സിദ്ധാർഥ് നിർത്തിവച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.