അച്ഛനായതിന്റെ ത്രില്ലിൽ ഹാരി രാജകുമാരൻ; ഭാര്യയെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും പറഞ്ഞത്
കുടുംബത്തിന്റെ സ്വകാര്യതയ്ക്കു വേണ്ടി കുഞ്ഞിന്റെ ജനനം കോട്ടേജിൽ വച്ചാകണമെന്നാണ് ഡച്ചസ് ഓഫ് സക്സസ് മേഗൻ മാർക്കിൾ ആഗ്രഹിച്ചത്. എന്നാൽ ഡ്യൂ ഡേറ്റ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും കുഞ്ഞ് പിറക്കാതെ വന്നതോടെയാണ് മേഗൻ മാർക്കിളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് 6–ാം തീയതി പുലർച്ചെ 5.26നാണ് മേഗൻ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. എലിസബത്ത് രാജ്ഞിയുടെ പേരക്കുട്ടികളുടെ മക്കളിൽ എട്ടാമത്തെ കുഞ്ഞും 7–ാം കിരീടവകാശിയുമായ കുഞ്ഞു രാജകുമാരന് എന്തു പേരാണ് ഇടാൻ പോകുന്നതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് ഹാരി രാജകുമാരൻ പറയുന്നത്. അച്ഛനായ സന്തോഷം പങ്കുവച്ച് മാധ്യമങ്ങളോടു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
മേഗന്റെ പ്രസവം ആശുപത്രിയിലായിരുന്നുവെന്ന് കൊട്ടാരത്തോട് അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് നൽകുന്നുണ്ടെങ്കിലും ഈ വിഷയത്തിൽ ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. കൊട്ടാരത്തിന്റെ പരമ്പരാഗത രീതിയനുസരിച്ച് കുഞ്ഞു പിറന്ന് മണിക്കൂറുക ൾക്കകം തന്നെ കുഞ്ഞിനെ പൊതുജനങ്ങളെ കാണിക്കുന്ന പതിവുണ്ട്. എന്നാൽ തനിക്കും ഭാര്യ മേഗനും പബ്ലിസിറ്റിയിൽ താൽപര്യമില്ലെന്നും പുതിയ കുടുംബവുമായി പൊരുത്തപ്പെട്ട്, അച്ഛനും അമ്മയും ആയതിന്റെ സന്തോഷം സമയമെടുത്ത് ആസ്വദിച്ചതിനു ശേഷം മാത്രമേ കുഞ്ഞിനെ പുറത്തു കാണിക്കൂവെന്ന് ഹാരി രാജകുമാരനും മേഗൻ മാർക്കിളും നേരത്തെ തന്നെ പറഞ്ഞിരുന്നു.
സക്സസ് റോയൽ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഹാരി രാജകുമാരനും മേഗൻമാർക്കിളിനും ആൺകുഞ്ഞു പിറന്ന വിവരം ലോകം അറിഞ്ഞത്. ഡ്യൂക്ക് ഓഫ് സക്സസിനും ഡച്ചസ് ഓഫ് സക്സസിനും ആൺകുഞ്ഞു പിറന്നുവെന്നും, അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർഥനയ്ക്കും പിന്തുണയ്ക്കും ദമ്പതികൾ നന്ദിയറിയിക്കുന്നുവെന്നുമായിരുന്നു കുറിപ്പ്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പങ്കുവയ്ക്കാമെന്ന വാചകത്തോടെയാണ് കുറിപ്പവസാനിക്കുന്നത്.
കുഞ്ഞിന്റെ ജനനവാർത്ത ലോകത്തെ അറിയിക്കാനായി മാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട ഹാരി രാജകുമാരൻ പറഞ്ഞതിങ്ങനെ.'സങ്കൽപ്പിക്കാൻ പോലും സാധിക്കാത്തത്ര അദ്ഭുദകരമായ അനുഭവമാണിത്'
ഭാര്യയെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും നല്ലവാക്കു പറയാനും അദ്ദേഹം മടിച്ചില്ല. ( കുഞ്ഞിനുവേണ്ടി ഓരോ സ്ത്രീയും ചെയ്യുന്ന കാര്യങ്ങൾ ഒരിയ്ക്കലും നമുക്കു ചെയ്യാനാവില്ല) എന്നർഥം വരുന്ന വാചകമാണ് സ്ത്രീകളെ, ലോകത്തുള്ള അമ്മമാരെ ബഹുമാനിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്. കുഞ്ഞിന്റെ പിറവിയിൽ താനും മേഗനും ത്രില്ലടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.