ഹൃദയം കവർന്ന അമ്മച്ചിത്രം; ഇരട്ടക്കുഞ്ഞുങ്ങളുമായി ഇറോം ശർമിള
ഏറെയിഷ്ടത്തോടെയാണ് രാജ്യം ആ അമ്മച്ചിത്രം ഹൃദയത്തിലേറ്റു വാങ്ങിയത്. ഇരട്ടപ്പെൺകുഞ്ഞുങ്ങളിൽഒരാളെ കൈയിലെടുത്തും മറ്റേയാളെ മടിയിലിരുത്തിയും അമ്മ ദിനങ്ങളാഘോഷിക്കുന്ന ഉരുക്കു വനിതയുടെ ചിത്രം. സമൂഹമാധ്യമങ്ങളിൽ പ്രൊഫൈൽ ചിത്രങ്ങളായും കവർചിത്രമായും ആളുകൾ ആഘോഷിക്കുകയാണ് മണിപ്പൂരിലെ സമരവനിതയുടെ അമ്മയാഹ്ലാദം.
തെളിഞ്ഞ മുഖത്തോടെ ചുണ്ടിൽ വിടരാൻ കൊതിച്ചു നിൽക്കുന്ന ചിരിയോടെ അമ്മക്കരുതലോടെ തന്റെ പൊന്നോമനകളെ അഭിമാനത്തോടെ ലോകത്തിന് കാട്ടിത്തരുന്ന ആ അമ്മയുടെ മുഖമാണ് ഇന്ന് പല മാധ്യമങ്ങളിലും നിറഞ്ഞു നിന്നത്. ഏറെയിഷ്ടത്തോടെയാണ് രാജ്യം ആ അമ്മച്ചിത്രം ഹൃദയത്തോടു ചേർത്തു പിടിച്ചതും.
ലോകം മാതൃദിനം ആഘോഷിച്ച മേയ് 12നാണ് ഇറോം ശർമിള ഇരട്ടപ്പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ജീവിതത്തിന്റെ വസന്തവും യൗവനവും സ്വന്തം ജനതയ്ക്കുവേണ്ടി സമർപ്പിച്ച് ഒടുവിൽ ജീവിതത്തിന്റെ മധ്യത്തിൽ പ്രണയം കണ്ടെത്തിയ ഇറോം അമ്മയായത് അവരുടെ 46–ാം വയസ്സിലാണ്.
ബെംഗളൂരുവിലെ ക്ലൗഡ് നയന്‍ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 9.21 നാണ് ഇറോം സിസേറിയനിലൂടെ ഇരട്ടപ്പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഒരു നിമിഷത്തിന്റെ വ്യത്യാസത്തിൽപ്പിറന്ന പെൺകുഞ്ഞുങ്ങൾക്ക് നിക്സ് സഖി, ഓട്ടം ടാര എന്നിങ്ങനെയാണ് പേരു നൽകിയിരിക്കുന്നത്.
ശസ്ത്രക്രിയയുടെ അസ്വസ്ഥതയിലും കുഞ്ഞുങ്ങളെ വാൽസല്യത്തോടെ ചേർത്തുപിടിച്ച് തെളിഞ്ഞു ചിരിക്കാൻ ശ്രമിക്കുന്ന ഇറോമിന്റെ ചിത്രമാണ് ആശുപത്രി അധികൃതർ പുറത്തുവിട്ടത്.മണിപ്പൂരിലെ പ്രത്യേക സൈനികാവകാശ നിയമത്തിനെതിരായ പോരാട്ടമാണ് ഇറോം ശർമിളയെ ശ്രദ്ധേയയാക്കിയത്. സൈന്യത്തിന് ആരെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാമെന്ന നിയമനത്തിനെതിരെ അവർ പോരാടിയത് 16 വർഷമാണ്.
16 വർഷം നീണ്ട നിരാഹാര സമരം, സമരം ഫലം കാണാതെ വിവാഹിതയാകില്ലെന്നും വീട്ടിലേക്കു മടങ്ങില്ലെന്നുമുള്ള ശപഥങ്ങൾ. പക്ഷേ രാജ്യം വാഴുന്നവർ വ്യാജവാഗ്ദാനങ്ങൾ മാത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ശർമിള സഹനസമരത്തിൽ നിന്നും പിന്മാറി. പിന്നീട് തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ തയാറെടുക്കുകയും. മൽസരത്തിൽ പരാജയപ്പെടുകയും ചെയ്തു.
സമരപാതയിലും ശർമ്മിള ജീവിതത്തിലെടുത്ത കടുത്ത തീരുമാനങ്ങളിലും ഒപ്പം നിൽക്കാൻ ഡെസ്മണ്ട് കുടിഞ്ഞോ എത്തിയതോടെ ശർമ്മിളയുടെ ജീവിതം കൂടുതൽ തിളങ്ങി. സ്വന്തം വീട്ടുകാരാൽ പോലും ഉപേക്ഷിക്കപ്പെട്ടപ്പോൾ അവർക്ക് തണലായത് അയാളുടെ പ്രണയമായിരുന്നു. അങ്ങനെ 2017 ൽ ഡെസ്മണ്ട് കുടിഞ്ഞോയും ശർമ്മിളയും വിവാഹിതരായി. 2019 ലെ മാതൃദിനം അവരെ രണ്ടു സുന്ദരിപ്പെൺകുഞ്ഞു ങ്ങളുടെ അമ്മയുമാക്കി.