കല്യാണം കഴിഞ്ഞിട്ട് വർഷം കുറേയായി. ഞങ്ങളിതുവരെ വഴക്കിട്ടിട്ടില്ല എന്ന് തട്ടിവിടുന്ന ദമ്പതികളുണ്ട്. അത്തരക്കാർ ഒന്നുമല്ലെങ്കിൽ നുണ പറയുന്നതാവും അതല്ലെങ്കിൽ അവർക്കെന്തോ പ്രശ്നമുണ്ട് എന്നാണ് റിലേഷൻ ഷിപ് വിദഗ്ധർ പറയുന്നത്. രണ്ടു വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നു വരുന്ന വ്യക്തികളിൽ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുന്നതിൽ അസ്വാഭാവികതയൊന്നുമില്ലെന്നും അല്ലറചില്ലറ വഴക്കുകളൊക്കെ ദാമ്പത്യ ബന്ധത്തിലെ ദൃഡത വർധിപ്പിക്കാനേ ഉപകരിക്കൂവെന്നുമാണ് അവർ പറയുന്നത്.

ദമ്പതികൾ തമ്മിൽ കലഹിക്കാനുള്ള ചില കാരണങ്ങൾ ഇവയാണ്

ആ‍ഡംബരം

പങ്കാളി അനാവശ്യമായി പണം ചെലവാക്കുന്നതിന്റെ പേരില്‍ മിക്ക കുടുംബങ്ങളിലും കലഹം സാധാരണമാണ്.  മിക്ക ഭാര്യമാരും തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കെതിരെ ഉയര്‍ത്തുന്ന പ്രധാന ആരോപണങ്ങളിലൊന്ന് ഇതാണ്. ഇനി ഭര്‍ത്താവ് ഭാര്യയുടെ മേല്‍ ചുമത്തുന്ന കുറ്റം ഇതിന്റെ തന്നെ മറ്റൊരു പതിപ്പായിരിക്കും. ഉദാഹരണത്തിന് കൂടുതല്‍ ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കി പാഴാക്കി കളയുന്നുവെന്നോ പലവ്യഞ്ജനങ്ങളും മറ്റും അശ്രദ്ധമായി കൈകാര്യം ചെയ്യുന്നുവെന്നോ ഒക്കെ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരില്‍ നിന്ന് ആരോപണങ്ങള്‍ നേരിടാറുണ്ട്. 

ഷോപ്പിംങ് മാള്‍ മുതല്‍ അടുക്കളയില്‍ വരെയുള്ള വിവിധ ആവശ്യങ്ങളുടെ പേരിലുള്ള ഇത്തരം കലഹങ്ങള്‍ പല കുടുംബങ്ങളിലും പതിവാണ്.

ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള മടി

ഇപ്പോഴത്തെ പുതിയ സാഹചര്യത്തില്‍ ദമ്പതികള്‍ രണ്ടുപേരും ജോലിക്കാരായിരിക്കും. രണ്ടുപേരും ഒരുമിച്ചു ജോലിക്കുപോകുകയും ജോലി കഴിഞ്ഞ് തിരിച്ചെത്തുകയും ചെയ്യുന്നു. ക്ലീനിങ് മുതല്‍ കുട്ടികളുടെ പഠനകാര്യം വരെ എല്ലാകാര്യങ്ങളിലും പരസ്പരം സഹകരിച്ചും സഹായിച്ചും പോകേണ്ടവരാണ് ഇവിടെ ദമ്പതികള്‍. അതിന് പകരം അടുക്കള കാര്യവും മക്കളുടെ കാര്യവും ഭാര്യയുടെ മാത്രം ഉത്തരവാദിത്തമാണെന്ന് വിധിയെഴുതി വീട്ടിലുള്ള ബാക്കിസമയം മൊബൈലിലും ഇന്റര്‍നൈറ്റിലും ചെലവഴിക്കുന്ന ഭര്‍ത്താക്കന്മാർ പലപ്പോഴും കലഹങ്ങൾക്ക് തിരികൊളുത്താറുണ്ട്.

ലൈംഗികബന്ധം നിഷേധിക്കപ്പെടുമ്പോൾ

ദമ്പതികള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിലെ പ്രധാനപ്പെട്ട ഘടകമാണ് ലൈംഗികത. എന്നാല്‍ പങ്കാളി മറ്റെയാള്‍ക്ക് ലൈംഗികത നിഷേധിക്കുകയോ  അതില്‍ താൽപ്പര്യം കാണിക്കാതിരിക്കുകയോ ചെയ്യുന്നത് ബന്ധങ്ങൾ ശിഥിലമാകാൻ കാരണമാകും. ഇതിന്റെ പേരില്‍ ഉള്ളില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന  സ്‌ട്രെ‌സ്സും ഡിപ്രഷനുമാണ് പിന്നീട് മറ്റോരോ കാരണങ്ങളുടെ പേരില്‍ കലഹമായി രൂപാന്തരപ്പെടുന്നത്.

അപക്വമായ പെരുമാറ്റം

ചെറിയ കാര്യങ്ങളില്‍ പോലും സഹിഷ്ണുത കാണിക്കാതിരിക്കുന്നതും എന്തിനും ഏതിനും ദേഷ്യപ്പെടുന്നതും കുടുംബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്താറുണ്ട്.