ബച്ചൻ കുടുംബത്തിലെ ഒരു സുന്ദരചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ബോളിവുഡ് താരം അഭിഷേക് ബച്ചനും ഭാര്യയും മുൻ ലോകസുന്ദരിയും അഭിനേത്രിയുമായ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയും അനന്തരവൾ നവ്യ നവേലിയും മറ്റു രണ്ടു കുടുംബംഗങ്ങളുമുള്ള ചിത്രമാണ് ഇക്കുറി ആരാധകരുടെ മനസ്സു കീഴടക്കിയത്.

ബച്ചൻ കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ അമിതാബ് ബച്ചന്റെയും ജയാബച്ചന്റെയും അസാന്നിധ്യവും ചർച്ചയാകുന്നുണ്ടെങ്കിലും ആരാധകരുടെ കണ്ണുടക്കിയിരിക്കുന്നത് ബച്ചൻ കുടുംബത്തിലെ ഇളമുറക്കാരികളായ രണ്ട് സുന്ദരിപ്പെൺകുട്ടികളിലാണ്. കുടുംബാംഗങ്ങൾക്കൊപ്പമുള്ള അത്താഴവിരുന്നിന്റെ ചിത്രത്തിലാണ് സ്വതവേയുള്ള ക്യൂട്ട് പുഞ്ചിരികൊണ്ട് കുഞ്ഞ് ആരാധ്യ ഹൃദയം കീഴടക്കുന്നത്.

ഡെനിം ജാക്കറ്റണിഞ്ഞ് അഴിഞ്ഞുലഞ്ഞ മുടിയുമായാണ് അമ്മാവനും കുടുംബത്തിനൊപ്പം നിന്ന് സന്തോഷവതിയായി നവ്യ നവേലി ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. കറുപ്പു നിറമുള്ള വസ്ത്രങ്ങളണിഞ്ഞ മറ്റൊരു ചിത്രവും ഐശ്വര്യയും അഭിഷേകും പങ്കുവച്ചിട്ടുണ്ട്. ന്യൂയോർക്കിലാണ് ഐശ്വര്യയും അഭിഷേകും ഇപ്പോഴുള്ളത്. ന്യൂയോർക്കിൽ പഠിക്കുന്ന അനന്തരവളെ കാണാനെത്തിയപ്പോൾ  എടുത്ത ചിത്രമാണിത്.

അനുരാഗ് ബസുവിന്റെ അടുത്ത ചിത്രത്തിലാണ് അഭിഷേക് ബച്ചൻ ഇനി അഭിനയിക്കാൻ പോകുന്നത്. ഡാർക്ക് കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ രാജ് കുമാർ റാവു, സന ഷെയ്ഖ്, ആദിത്യ റോയ് കപൂർ, സന്യ മൽഹോത്ര, പങ്കജ് ത്രിപാഠി എന്നിവരും അഭിനയിക്കും. സംവിധായകൻ മണിരത്നത്തിന്റെ അടുത്ത ചിത്രത്തിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ഐശ്വര്യ. അടുത്തിടെ നടന്ന ഒരു  അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹം ഇതേക്കുറിച്ച് ഔദ്യോഗികമായി അനൗൺസ് ചെയ്തിട്ടില്ലെന്നും ഐശ്വര്യ പറഞ്ഞു. തന്റെ ഗുരുവിനൊപ്പം ജോലിചെയ്യുന്ന സന്തോഷവും ത്രില്ലുമെല്ലാം തനിക്കിപ്പോഴുണ്ടെന്നും സ്കൂളിലേക്കു തിരികെ വന്ന ഒരു കുട്ടിയെപ്പോലെ സന്തോഷവതിയാണ് താനെന്നും ഐശ്വര്യ തുറന്നു പറഞ്ഞു.