വരന് താലികെട്ടി വധു, അബദ്ധമറിയാതെ ആഘോഷം; ഒടുവിൽ സംഭവിച്ചത്
ഒരു കോമഡിപ്പടം കണ്ട് വീട്ടിലേക്കു മടങ്ങുന്ന ഫീൽ ആയിരുന്നു ആ കല്യാണച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ അതിഥികൾക്ക്. എന്തിന് വരനും വധുവും പൂജാരിയും പോലും ഒരു പക്ഷേ അതേ വികാരത്തോടെയാകും തിരികെ വീട്ടിലേക്ക് മടങ്ങിയിരിക്കുക.
ആകാംക്ഷയും ആവേശവും മൂത്ത് വരന്റെ കഴുത്തിൽ താലികെട്ടുന്ന വധുവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഇതിലേറെ രസം കല്യാണത്തിന് കാർമികത്വം വഹിക്കാനെത്തിയ പൂജാരിയോ അതിഥികളോ പോലും ആദ്യത്തെ കുറച്ച് നിമിഷങ്ങളിൽ വധുവിന് സംഭവിച്ച അബദ്ധം തിരിച്ചറിഞ്ഞില്ല.
വധുവിനെ മാത്രം കുറ്റം പറയാൻ കഴിയില്ല. കാരണം പൂജാരിയുടെ നിർദേശമനുസരിച്ചാണ് അവള്‍ വരന്റെ കഴുത്തിൽ താലി ചാർത്തിയത്. വധു വരന്റെ കഴുത്തിൽ താലി ചാർത്തിയ ശേഷം വരന്റെയും വധുവിന്റെയും നേർക്ക് പൂവെറിഞ്ഞും കുരവയിട്ടും ബന്ധുക്കൾ ചടങ്ങ് കൊഴിപ്പിച്ചു.
എന്നാൽ ചടങ്ങു കഴിഞ്ഞതോടെ പറ്റിയ അബദ്ധം പൂജാരി തിരിച്ചറിയുകയും വരന്റെ കഴുത്തിൽ കെട്ടിയ താലി അഴിപ്പിക്കുകയും പിന്നീട് വരനെക്കൊണ്ട് വധുവിന്റെ കഴുത്തിൽ താലികെട്ടിക്കുകയും ചെയ്തു. നവദമ്പതികൾക്ക് പറ്റിയ അബദ്ധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണിപ്പോൾ.