കങ്കണയോടൊപ്പമെന്ന് ഹൃതിക്കിന്റെ സഹോദരി; നാടകീയ വിവാദത്തിന് മറുപടി
ബോളിവുഡ്താരം ഹൃതിക് റോഷന്റെ സഹോദരി സുനൈന റോഷൻ വിവാദ വാർത്തകളിൽ നിറയുമ്പോൾ ഒരു മുതിർന്ന സഹോദരിയുടെ സ്ഥാനത്തു നിന്ന് സംഭവങ്ങളുടെ സത്യാവസ്ഥയിലേക്ക് മാധ്യമ ശ്രദ്ധ ക്ഷണിക്കുകയാണ് ഹൃതിക് റോഷന്റെ മുൻ ഭാര്യ സൂസെയ്ൻ ഖാൻ. ഹൃതിക്കുമായി നിയമപരമായി വേർപിരിഞ്ഞെങ്കിലും ഹൃതിക്കിന്റെ കുടുംബത്തോടും ഹൃതിക്കിനോടും നല്ല സൗഹൃദമാണ് സൂസെയ്ൻ സൂക്ഷിക്കുന്നത്.
കങ്കണയെ താൻ എല്ലായ്പ്പോഴും പിന്തുണയ്ക്കുന്നു എന്ന് പോസ്റ്റ് ചെയ്തുകൊണ്ടാണ് സുനൈന വിവാദങ്ങൾക്ക് തിരികൊളുത്തിയത്. അതിനു പിന്നാലെ കങ്കണയുടെ സഹോദരി രംഗോലി തുടർച്ചയായ ട്വിറ്റർ സന്ദേശങ്ങളിലൂടെ ഹൃതിക് റോഷന്റെ കുടുംബത്തിൽ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും സുനൈനയെ കുടുംബാംഗങ്ങൾ ഒറ്റപ്പെടുത്തുന്നുവെന്നു പറഞ്ഞുകൊണ്ടും അതിന്റെ കാരണം വിശദീകരിച്ചത്.
സുനൈന ഒരു ഇസ്ലാംമത വിശ്വാസിയുമായി പ്രണയത്തിലാണെന്നും ഇതു മനസ്സിലാക്കിയ സുനൈനയുടെ അച്ഛൻ രാകേഷ് റോഷൻ അവളെ മർദ്ദിച്ചുവെന്നും സഹോദരൻ ഹൃതിക് റോഷനും ഈ ബന്ധത്തിനെതിരാണെന്നും സഹായമഭ്യർഥിച്ച് സുനൈന കങ്കണയെ ഫോണിൽ വിളിച്ച് കരഞ്ഞുവെന്നും ഈ വിഷയത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് കങ്കണയ്ക്കറിയില്ലെന്നുമാണ് ട്വീറ്റിലൂടെ രംഗോലി വെളിപ്പെടുത്തിയത്.
കങ്കണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുനൈന പങ്കുവച്ച ട്വീറ്റും സുനൈനയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചുകൊണ്ട് കങ്കണയുടെ സഹോദരി രംഗോലി പങ്കുവച്ച ട്വീറ്റും ചർച്ചയായതോടെയാണ് സംഭവങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് ഹൃതിക് റോഷന്റെ മനുൻഭാര്യ സൂസൈയ്ൻ ഖാൻ രംഗത്തു വന്നത്.
ട്വിറ്റർ സന്ദേശത്തിലൂടെയാണ് സൂസൈയെൻ ഖാൻ റോഷൻ കുടുംബത്തിലെ നിലവിലെ അവസ്ഥയെക്കുറിച്ച് വിശദീകരിച്ചത്. ''സുനൈന വളരെ സ്നേഹമുള്ള, കരുതലുള്ള പെൺകുട്ടിയാണ്. അവളിപ്പോൾ വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. ഹൃതിക്കിന്റെയും സുനൈനയുടെയും അച്ഛൻ രാകേഷ് റോഷന്റെ ആരോഗ്യ സ്ഥിതി അൽപ്പം മോശമാണ്. ഇതുകൊണ്ടൊക്കെ അമ്മ പിങ്കിയുടെ മനസ്സും കലുഷിതമാണ്. അതുകൊണ്ട് കഠിനമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന ഈ സമയത്ത് ആ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കി ദയവായി അൽപം മാന്യത കാണിക്കൂ. എല്ലാ കുടുംബങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കുറേക്കാലം ആ കുടുംബത്തിന്റെ ഭാഗമായിരുന്നതുകൊണ്ടാണ് ഞാനിതു പറയുന്നത്''.
ആഴ്ചകൾക്ക് മുൻപ് സുനൈന റോഷന്റെ ആരോഗ്യത്തെക്കുറിച്ച് ചില വാർത്തകൾ വന്നിരുന്നു. സുനൈനയുടെ ആരോഗ്യം മോശമാണെന്നും രോഗം ഗുരുതരമായതിനാൽ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമായിരുന്നു വാർത്ത. സുനൈനയ്ക്ക് ബൈപോളാർ ഡിസോർഡർ എന്ന അവസ്ഥയാണെന്ന തരത്തിലാണ് വാർത്തകൾ പുറത്തു വന്നത്.
അത്തരം വാർത്തകൾ പ്രചരിച്ചതിനു തൊട്ടുപിന്നാലെയാണ് രംഗോലി തുടർച്ചയായ ട്വീറ്റുകളിലൂടെ സുനൈനയെപ്പറ്റിയും അവൾ സഹായമഭ്യർഥിച്ച് തന്റെ സഹോദരി കങ്കണയെ സമീപിച്ചതിനെപ്പറ്റിയും വെളിപ്പെടുത്തിയത്. സുനൈനയ്ക്ക് ബൈപോളാർ ആണെന്ന റൂമർ പരത്തിയത് ഹൃതിക് റോഷന്റെ പബ്ലിക് റിലേഷൻ വിഭാഗത്തിന്റെ തന്ത്രമാണെന്നും രംഗോലി ആരോപിക്കുന്നു.