തെറ്റിദ്ധാരണകളും സംശയങ്ങളും ആശയവിനിമയത്തിലെ അപാകതകളുമെല്ലാം ദാമ്പത്യ ജീവിതത്തിൽ വില്ലന്മാരാകാറുണ്ട്. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും പരസ്പര വിശ്വാസവും സന്തോഷവും നിറയ്ക്കാൻ പലരും പല ഉപദേശങ്ങളും നൽകാറുണ്ട്. ദാമ്പത്യജീവിതത്തിൽ അനുഷ്ഠിച്ചു പോരേണ്ട ചില കാര്യങ്ങളെക്കുറിച്ച് പൊതുവെ ചില വിശ്വാസങ്ങളുണ്ട്. അവയിൽ ചിലതിതാണ്.

വിവാഹജീവിതത്തില്‍ കുട്ടികള്‍ അത്യാവശ്യം

ദമ്പതികള്‍ തമ്മിലുള്ള പരസ്പരബന്ധം ഊട്ടിയുറപ്പിക്കാന്‍ കുട്ടികള്‍ അനിവാര്യമാണെന്ന ചിന്ത പണ്ടുമുതൽക്കേയുണ്ട്. എല്ലാ ദമ്പതികള്‍ക്കും കുഞ്ഞുങ്ങള്‍ ജനിക്കാറില്ല. കുട്ടികള്‍ ഇല്ലെങ്കിലും സന്തോഷത്തോടും ഒരേ മനസ്സോടും കൂടി ജീവിച്ചുപോരുന്ന ഒരുപാട് ദമ്പതികളുമുണ്ട് നമുക്ക് ചുറ്റും. അപ്പോള്‍ കുട്ടികള്‍ കുടുംബജീവിതത്തില്‍ അത്യാവശ്യമാണെന്ന് നാം വിധിയെഴുതാന്‍ പാടില്ല. കുട്ടികളില്ലാത്ത ദമ്പതികളെ വേദനിപ്പിക്കുന്നതിനോ അപമാനിക്കുന്നതിനോ തുല്യമായിരിക്കും അത്.

ആരോഗ്യകരമായ സെക്‌സ്

പങ്കാളികള്‍ തമ്മിലുള്ള നല്ല സെക്‌സ് കുടുംബജീവിതത്തിന്റെ വിജയത്തിന് അടിസ്ഥാനമാണെന്ന ധാരണയും പരക്കെയുണ്ട്. പരസ്പരമുള്ള സ്‌നേഹം ശക്തിപ്പെടുത്താന്‍ അത് സഹായിക്കുമത്രെ. എന്നാല്‍ ദമ്പതികള്‍ തമ്മിലുണ്ടാകേണ്ടത് സ്‌നേഹവും താൽപര്യവുമാണ്. അതാണ് ദമ്പതികളെ കൂടുതല്‍ അടുപ്പിക്കുന്നത്. സെക്‌സ് ഒരു പോഷകഘടകം മാത്രമാണ്.  ശരീരം തളര്‍ന്നുപോയിട്ടും സന്തോഷത്തോടെ കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന പലരെയും നമുക്ക് പരിചയമില്ലേ. അവരെ ചേര്‍ത്തുനിര്‍ത്തുന്നതും ഒരുമിച്ചുകൊണ്ടുപോകുന്നതും സെക്‌സ് അല്ല സ്‌നേഹവും താൽപ്പര്യവും മാത്രമാണ് എന്നതാണ് സത്യം.

രഹസ്യങ്ങള്‍ പാടില്ല

സുതാര്യമായിരിക്കണം ബന്ധങ്ങള്‍ എന്നതാണ് മറ്റൊരു കാര്യം. ശരിയാണ് സുതാര്യത നല്ലൊരു ഗുണമാണ്. എന്നാല്‍ അത് വേണമെന്ന്  നിര്‍ബന്ധം പിടിക്കരുത് വിവാഹത്തിന് മുമ്പുണ്ടായിരുന്ന പ്രണയബന്ധങ്ങളെല്ലാം ജീവിതപങ്കാളിയോട് തുറന്നുപറയണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. പരസ്പരമുള്ള വിശ്വാസമനുസരിച്ച് അത്തരം കാര്യങ്ങൾ തുറന്നു പറയണോ വേണ്ടയോ എന്നു തീരുമാനിക്കാം.

തര്‍ക്കങ്ങള്‍ ഒഴിവാക്കണം

രണ്ടു വ്യക്തികള്‍ ഒരുമിച്ചുജീവിക്കുമ്പോള്‍ അവിടെ തര്‍ക്കങ്ങള്‍ ഉണ്ടാവുക സ്വഭാവികമാണ്. അതൊരിക്കലും ഒഴിവാക്കാവുന്ന കാര്യങ്ങളല്ല. പക്ഷേ അടുത്തകാലം വരെ മനശ്ശാസ്ത്രവിദഗ്ദര്‍ പറഞ്ഞിരുന്നതല്ല ഇപ്പോള്‍ പറയുന്നത്. പങ്കാളിയുമായി ആരോഗ്യപരമായ വാഗ്വാദങ്ങള്‍ നല്ലതാണ് എന്നും അത് പരസ്പരമുള്ള ആശയങ്ങള്‍ മനസ്സിലാക്കാന്‍ വളരെ സഹായകമാണ് എന്നുമാണ് അവര്‍ പറയുന്നത്.

മറ്റെയാള്‍ക്ക് വേണ്ടി ജീവിക്കുക

കുടുംബജീവിതത്തിന്റെ വിജയത്തിന് ത്യാഗവും സമര്‍പ്പണവും അത്യാവശ്യമാണെന്ന  നാം പലപ്പോഴും പറയുന്നതും പ്രസംഗിക്കുന്നതുമായ കാര്യമാണ്. എന്നാല്‍ അവിടെയും മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. ചെയ്യാനുള്ളത് നന്നായി ചെയ്യുക തന്നെ വേണം. ഇരുവര്‍ക്കും പെരുമാറാന്‍ പൊതുവായ ഇടം അത്യാവശ്യമാണ്. എന്നാല്‍ അമിതമായ ആശ്രിതത്വം ആവശ്യമില്ല.