സൗഹൃദങ്ങൾ ദാമ്പത്യത്തിൽ വില്ലനാകുമ്പോൾ; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
ഇവിടൊരാളുണ്ട്. ഓഫീസിൽ നിന്നു വരുന്നതു തന്നെ മുഖവും കുത്തിവീർപ്പിച്ച്. പിന്നെ ഞാനെങ്ങനെ ഒന്നു ചെന്നു മിണ്ടും. ആ സോഫിയുടെ ഭർത്താവിനെ കണ്ടുപഠിക്കണം എന്തുകെയറിങ്ങാ അയാൾ അവൾക്കു കൊടുക്കുന്നത്. മിക്കവാറും ഇത്തരത്തിലുള്ള നിസ്സാര പ്രസ്താവനകളാണ് ദാമ്പത്യബന്ധത്തിന്റെ അടിവേരുകൾ ഇളക്കുന്നത്. പരസ്പരം സ്നേഹിച്ചും സഹകരിച്ചും മുന്നോട്ടു പോകണമെങ്കിൽ ചെറിയ ചില വിട്ടുവീഴ്ചകൾ ദാമ്പത്യബന്ധത്തിൽ അത്യാവശ്യമാണ്. ദാമ്പത്യബന്ധം ഊഷ്മളമാക്കാൻ ഭാര്യമാർക്കു ചെയ്യാവുന്ന ചെറിയ ടിപ്സുകൾ
1. താരതമ്യം അരുത്
ഭർത്താവു തന്നെ തീരെ പരിഗണിക്കുന്നില്ല എന്ന തോന്നലുണ്ടാവുമ്പോൾ ഭാര്യമാർ പയറ്റുന്ന ആദ്യത്തെ അടവാണ് താരതമ്യം. സുഹൃത്തുക്കളുടെ ഭർത്താക്കന്മാരുടെ വീരസാഹസിക കഥകളെടുത്തിട്ടലക്കി യായിരിക്കും ഭർത്താവിനെ വെല്ലുവിളിക്കുക. ഈ പ്രവണത തീർത്തും ശരിയല്ല. കാരണം ഓരോരുത്തരുടെ സ്വഭാവവും ജീവിതരീതിയും തികച്ചും വ്യത്യസ്തമായിരിക്കും. മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് ഒരു സ്ത്രീയ്ക്കും പുരുഷനുമിഷ്ടമല്ല.
അതുകൊണ്ട് തനിച്ചു സംസാരിക്കാൻ പറ്റിയ സമയം കണ്ടെത്തി ശാന്തമായി തന്നെ അവഗണിക്കുന്നതിനു പിന്നിലുള്ള കാരണങ്ങൾ ചോദിച്ചു മനസ്സിലാക്കാം. ചിലപ്പോൾ അവഗണിക്കുന്നു എന്നതൊക്കെ വെറും തോന്നലാണെന്നു മനസ്സിലാക്കാൻ മനസ്സു തുറന്നുള്ള ആ സംസാരം സഹായിക്കും. അതുമല്ലെങ്കിൽ അവഗണിക്കുന്നതിനു പിന്നിലെ യഥാർഥ കാരണം മനസ്സു തുറന്നുള്ള ആശയവിനിമയത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും.
2. എല്ലാഭാരങ്ങളും ഒറ്റയ്ക്കു ചുമക്കാൻ നിർബന്ധിക്കരുത്
ഓഫിസിലെ പ്രശ്നങ്ങൾ, കുടുംബത്തിനുള്ളിലെ പ്രശ്നങ്ങൾ കുട്ടികളെക്കുറിച്ചുള്ള പരാതികൾ തുടങ്ങി എല്ലാ പരാതികളുടെയും കെട്ട് ഭർത്താവിന്റെ മുന്നിലഴിക്കുന്ന ഭാര്യമാരുണ്ട്. ഓഫിസ് വിട്ട് വരുന്നത് ഇത്തരം പ്രശ്നങ്ങളുടെ നടുവിലേക്കാണെങ്കിൽ ആർക്കാണ് മടുത്തുപോവാത്തത്. എല്ലാക്കാര്യങ്ങളിലും ഭർത്താവിനോട് അഭിപ്രായം ചോദിക്കുന്നത് നല്ലതുതന്നെ. എല്ലാപ്രശ്നങ്ങൾക്കും ഒറ്റയ്ക്കു പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിലും നിസ്സാരപ്രശ്നങ്ങൾ സ്വയം കൈകാര്യം ചെയ്യുക. കൈയിൽ നിൽക്കില്ല എന്നുറപ്പുള്ള വിഷയങ്ങളിൽ മാത്രം ഭർത്താവിനോട് കൂടിയാലോചിച്ച് തീരുമാനമെടുക്കുക. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ പരസ്പരം പങ്കുവെയ്ക്കുക.
3. ഭർത്താവ് ഒരു മനുഷ്യനാണ് അതിമാനുഷികനായ ഹീറോയല്ല
വികാരങ്ങളും വിചാരങ്ങളും ദേഷ്യവും സങ്കടവും മാറിമാറിത്തോന്നുന്ന ഒരു മനസ്സിന്റെ ഉടമയാണ് ഭർത്താവ് എന്നു തിരിച്ചറിയാതെ പോകുന്നതാണ് പല ദാമ്പത്യബന്ധങ്ങളും ഉലയാനുള്ള പ്രധാന കാരണം. സിനിമയിലെ നായകനെപ്പോലെ കട്ടഹീറോയിസം കാണിക്കുന്ന പുരുഷന്മാരായിരിക്കും പലപെൺകുട്ടികളുടെയും മനസ്സിലെ ഭർതൃസങ്കൽപ്പം. അതിതീവ്രമായി പ്രണയിക്കുന്ന, പ്രണയത്തിനുവേണ്ടി എന്തുസാഹസവും കാട്ടാൻ മടിക്കാത്ത അതിമാനുഷകരെ മനസ്സിൽ പ്രതിഷ്ഠിച്ചവർക്ക് ഒരിക്കലും യഥാർഥ ജീവിതത്തിലെ പങ്കാളികളോട് ഒരിക്കലും പൊരുത്തപ്പെടാൻ പറ്റില്ല. സിനിമയും ജീവിതവും രണ്ടാണെന്ന തിരിച്ചറിവും ദൗർബല്യങ്ങൾ മനുഷ്യസഹജമാണെന്നും മനസ്സിലാക്കിയാൽ ഒരുപരിധിവരെയുള്ള പ്രശ്നങ്ങളെ ദാമ്പത്യജീവിതത്തിൽ നിന്നും അകറ്റിനിർത്താം.
4.ഭർത്താവിന്റെ എല്ലാസ്ത്രീസുഹൃത്തുക്കളും അയാളുടെ ഗേൾഫ്രണ്ട് ആകണമെന്നില്ല
ചില സൗഹൃദബന്ധങ്ങളാണ് പല ദാമ്പത്യബന്ധങ്ങളിലും വില്ലൻവേഷം അണിയാറുള്ളത്. സുഹൃത്തുക്കളുടെ അമിതമായ സ്വാതന്ത്രവും അതിരുവിട്ടുള്ള പെരുമാറ്റങ്ങളും പലപ്പോഴും പങ്കാളികളുടെ മനസ്സിനെ മുറിപ്പെടുത്താറുണ്ട്. ദാമ്പത്യബന്ധത്തിൽ ഇടങ്കോലിടാൻ ശ്രമിക്കുന്ന മൂന്നാമത്തെയാളിനെ തീർച്ചയായും മാറ്റിനിർത്തണം. എന്നാൽ നിഷ്കളങ്കമായ സൗഹൃദങ്ങൾ പരസ്പരം നഷ്ടപ്പെടുത്താനും പാടില്ല. പങ്കാളികളുടെ അടുത്ത സുഹൃത്തുക്കളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുക. അപ്പോൾ അവരെ രഹസ്യമായി നിരീക്ഷിക്കേണ്ടി വരില്ല. തുറന്ന സൗഹൃദമുണ്ടെങ്കിൽ പരിധിവിട്ടൊന്നും ചെയ്യാൻ അവർ ശ്രമിക്കില്ല. ഭർത്താവിന്റെ എല്ലാ സുഹൃത്തുക്കളും അയാളുടെ ഗേൾഫ്രണ്ട് ആണെന്ന മുൻധാരണയോടെ പെരുമാറുന്നതും ശരിയല്ല.
5. നിങ്ങൾ മാത്രമല്ല ഭർത്താവിന്റെ ലോകം
പൊസസ്സീവ്നെസ് മൂത്ത് ഭ്രാന്തെടുത്ത് ഭർത്താവിന്റെ സ്വൈര്യംകെടുത്തുന്ന ഭാര്യമാരും കുറവല്ല. കുടുംബത്തോടും സമൂഹത്തോടും നിരവധി കടമകൾ നിറവേറ്റാനുള്ള വ്യക്തിയാണ് അദ്ദേഹം എന്നു മറക്കരുത്. നിങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ വരുന്നതിനും മുൻപും ശേഷവും അദ്ദേഹത്തിന്റെ ചുമലിൽ നിരവധി ചുമതലകളുണ്ട്. ഒരു ഭർത്താവായി എന്നു കരുതി ആ ചുമതലകളിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ല. അതുപോലെ തന്നെ ഭർത്താവിന്റെ എല്ലാ നിർദേശങ്ങളെയും കണ്ണടച്ചു വിമർശിക്കുന്നതും നല്ലതല്ല. അദ്ദേഹത്തിന്റെ വാദങ്ങളിൽ കഴമ്പുണ്ടോയെന്നു പരിശോധിച്ചതിനു ശേഷം മാത്രം ഉചിതമായ ഒരു തീരുമാനം എടുക്കുന്നതായിരിക്കും നല്ലത്.