കുടുംബത്തിലെ പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് കങ്കണയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ഹൃതിക് റോഷന്റെ സഹോദരിയെ വിമർശിച്ചും ഉപദേശിച്ചും ട്വീറ്റ് ചെയ്യുകയാണ് ഹൃതിക് റോഷന്റെ ആരാധകരിപ്പോൾ. ഇസ്ലാം മതവിശ്വാസിയായ യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ തന്റെ വീട്ടിൽ കലഹം നടക്കുകയാണെന്നും വീട് ഒരു നരകമായിരിക്കുകയാണെന്നും ഹൃതിക്കിന്റെ സഹോദരി വെളിപ്പെടുത്തിയിരുന്നു.

പ്രണയത്തിൽ നിന്ന് പിന്മാ‍റണമെന്നാവശ്യപ്പെട്ട് അച്ഛൻ രാകേഷ് റോഷൻ തന്നെ മർദ്ദിച്ചുവെന്നും സഹോദരൻ ഹൃതിക് തന്നെ സാമ്പത്തികമായി സഹായിക്കുന്നതിൽ നിന്നും പിന്മാറി എന്നൊക്കെയായിരുന്നു കുടുംബത്തിലുള്ളവരെക്കുറിച്ച് സുനൈന ഉയർത്തിയ ആരോപണങ്ങൾ. ഹൃതിക് റോഷന്റെ സഹോദരി സുനൈന റോഷൻ സഹായമഭ്യർഥിച്ച് കങ്കണയെ വിളിച്ചിരുന്നുവെന്നും ഇക്കാര്യത്തിൽ എന്തു ചെയ്യണമെന്ന് അറിയില്ലെന്നും സുനൈനയുടെ സുരക്ഷയുടെ കാര്യത്തിൽ ആശയങ്കയുണ്ടെന്നും കുറിച്ചുകൊണ്ട് കങ്കണയുടെ സഹോദരി രംഗോലി പങ്കുവച്ച ട്വീറ്റ് പരമ്പരകളിലൂടെയാണ് റോഷൻ കുടുംബം കടന്നുപോകുന്ന പ്രശ്നങ്ങളെക്കുറിച്ച് പുറംലോകമറിഞ്ഞത്.

കങ്കണയ്ക്കു പിന്തുണ പ്രഖ്യാപിച്ച് സുനൈന പങ്കുവച്ച ട്വീറ്റിനെ ന്യായീകരിച്ചുകൊണ്ടും ഹൃതിക് റോഷന്റെ കുടുംബത്തിലുള്ളവരുടെ നിലവിലെ മാനസികാവസ്ഥയെക്കുറിച്ച് വിശദീകരിച്ചുകൊണ്ടും കുടുംബത്തെ വെറുതെ വിടണമെന്ന് അഭ്യർഥിച്ചുകൊണ്ടും ഹൃതിക് റോഷന്റെ മുൻഭാര്യ സുസൈൻ സമൂഹമാധ്യമങ്ങളിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.

വെളിപ്പെടുത്തലുകളും വിശദീകരണങ്ങളും തുടർക്കഥയായപ്പോഴാണ് ഹൃതിക് റോഷന്റെ സഹോദരിയെ വിമർശിച്ച് നിരവധിപേർ ട്വീറ്റ് ചെയ്യാൻ തുടങ്ങിയത്. പ്രായപൂർത്തിയായ യുവതി എന്തുകൊണ്ടാണ് ജീവിതച്ചിലവിനായി ഇപ്പോഴും കുടുംബത്തെ ആശ്രയിക്കുന്നതെന്നാണ് അവരുടെ ചോദ്യം. കുടുംബത്തിലുള്ളവരെക്കുറിച്ച് കുറ്റം പറഞ്ഞു നടക്കാതെ അധ്വാനിച്ചു ജീവിക്കൂവെന്ന് സുനൈനയെ ഉപദേശിച്ചുകൊണ്ടാണ് പലരും ട്വീറ്റ് ചെയ്തത്.

മറ്റൊരു മതത്തിൽ വിശ്വസിക്കുന്ന ഒരു മാധ്യമപ്രവർത്തകനെ താൻ പ്രണയിക്കുന്നുണ്ടെന്നും. അച്ഛനും സഹോദരനുമുൾപ്പടെയുള്ളവർക്ക് ആ ബന്ധത്തിന് താൽപ്പര്യമില്ലാത്തതിനാൽ അവർ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയാണെന്നും വെളിപ്പെടുത്തിക്കൊണ്ട് സുനൈന പറഞ്ഞതിങ്ങനെ:-

''നരകത്തിലാണ് ഞാനിപ്പോൾ ജീവിക്കുന്നത്. എന്റെ പ്രണയബന്ധം ഇഷ്ടമില്ലാത്തതിനാൽ അച്ഛൻ എന്നെ തല്ലി. എനിക്ക് നൽകാമെന്നേറ്റ സാമ്പത്തിക സഹായത്തിൽ അവർ വെട്ടിക്കുറവു നടത്തി. എനിക്കായി ഒരു അപാർട്മെന്റ് വാങ്ങി നൽകാമെന്ന് സഹോദരൻ വാക്കു നൽകിയതാണ്. അദ്ദേഹം ആ വാക്ക് തെറ്റിച്ചു. ഞാൻ പ്രണയിക്കുന്ന ആൾക്ക് തീവ്രവാദബന്ധമുണ്ടെന്ന് ആരോപിച്ചാണ് അവർ എന്നെ നിരുൽസാഹപ്പെടുത്തുന്നത്. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിനെങ്ങനെ ഒരു മാധ്യമപ്രവർത്തകനായി ജോലി ചെയ്യാൻ കഴിയും. ഇതിനകം തന്നെ അദ്ദേഹം അഴികൾക്കുള്ളിൽ ആകുമായിരുന്നില്ലേ?. ഫെയ്സ്ബുക്കിലൂടെയാണ് ഞങ്ങൾ പരിചയപ്പെട്ടത്. ആദ്യമൊന്നും അദ്ദേഹത്തെക്കുറിച്ച് വീട്ടിൽ പറയാൻ ഞാൻ താൽപര്യം കാണിച്ചിരുന്നില്ല. ഇപ്പോൾ ഞങ്ങളുടെ പ്രണയമറിഞ്ഞ് വീട്ടിൽ ഇത്രയും പ്രശ്നമായ സ്ഥിതിക്ക് എനിക്ക് അദ്ദേഹത്തോടൊപ്പം ആയിരിക്കാനാണ് താൽപര്യം. വിവാഹത്തെക്കുറിച്ചൊന്നും എനിക്കിപ്പോൾ ഒന്നും പറയാനാകില്ല''.

'' മുംബൈയിൽ എവിടെ വേണമെങ്കിലും എന്റെ പേരിൽ ഫ്ലാറ്റ് വാങ്ങിത്തരാമെന്ന് മുൻപ് ഹൃതിക് എനിക്ക് വാക്ക് തന്നതാണ്. പക്ഷേ ഇതുവരെ ആ വാക്ക് പാലിച്ചില്ല. ഒടുവിൽ ഞാൻ തന്നെ എനിക്കായി ഒരു അപാർട്മെന്റ് കണ്ടെത്തി. 2.50 ലക്ഷം രൂപയാണ് അതിന്റെ മാസവാടക. ഹൃതിക്കിനോട് ഇക്കാര്യം പറഞ്ഞപ്പോൾ അത് വളരെ കൂടിപ്പോയി എന്നു പറ‍ഞ്ഞു. ഹൃതിക്കിനെപ്പോലെയുള്ള ഒരാൾക്ക് മാസം രണ്ടരലക്ഷം രൂപ ചിലവഴിക്കുന്നത് ഒരു പ്രശ്നമാണോ?. ഞാൻ അങ്ങനെ കരുതുന്നില്ല. ഹൃതിക് വാക്കു പാലിക്കാത്തയാളാണ്. എല്ലാവരുെ ചേർന്നെന്നെ മാനസികമായി പീഡിപ്പിക്കുകയാണ്.''

രണ്ടു ദിവസം മുൻപ് അച്ഛനമ്മമാരോട് കുറേ പണം ചോദിച്ചിരുന്നുവെന്നും. താൻ ആവശ്യപ്പെട്ട പണം നൽകാതെ വെറും 50000 രൂപ മാത്രമാണ് ഒരു മാസത്തെ ചിലവിന് അവർ നൽകിയതെന്നും സുനൈന പരാതി പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് അവർ തനിക്ക് കൂടുതൽ പണം തരാത്തതെന്നും താൻ അവരുടെ മകളല്ലേയെന്നും റോഷൻ കുടുംബത്തിലെ അംഗമെന്ന നിലയിൽ കൂടുതൽ പണം ലഭിക്കാൻ തനിക്ക് അർഹതയില്ലെയെന്നും സുനൈന ചോദിക്കുന്നു.

സുനൈനയുടെ ഈ പ്രസ്താവനയാണ് ആളുകളെ ചൊടിപ്പിച്ചത്. ജീവിതച്ചെലവിനു വേണ്ടി മാതാപിതാക്കളെ ആശ്രയിക്കുന്ന സുനൈന എന്തിനാണ് ഇത്രയും ഭീമമായ വാടകയുള്ള അപാർട്ട്മെന്റ് എടുത്തതെന്നും അത് ഹൃതിക് റോഷൻ നൽകണമെന്നു നിർബന്ധം പിടിക്കുന്നതെന്നുമാണ് അവരുടെ ചോദ്യം.

എന്നാൽ സുനൈനയെ ചോദ്യം ചെയ്തുകൊണ്ടുള്ള അത്തരം ട്വീറ്റുകൾക്കും കങ്കണയുടെ സഹോദരി രംഗോലിയാണ് മറുപടി പറഞ്ഞത്. കൗമാരപ്രായത്തിൽ തന്നെ സുനൈനയെ വിവാഹം കഴിപ്പിച്ചതുകൊണ്ട് അവർക്ക് ഡിഗ്രിയൊന്നും നേടാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ട് കുടുംബത്തെ സാമ്പത്തികമായി ആശ്രയിക്കാതെ അവർക്ക് ജീവിക്കാൻ കഴിയില്ലെന്നുമാണ് രംഗോലി ട്വീറ്റ് ചെയ്തത്.

സുനൈനയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് അധികം വാർത്തകൾ പുറത്തു വന്നിട്ടില്ല. അവർ രണ്ടു വട്ടം വിവാഹം കഴിച്ചിട്ടുണ്ടെന്ന് ഊഹാപോഹങ്ങളുണ്ട്. രണ്ടാമത്തെ വിവാഹബന്ധം നിയമപരമായി വേർപിരിഞ്ഞോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സുനൈന ബൈപോളാർ എന്ന അവസ്ഥയിലാണെന്നും അടുത്തിടെ രോഗം കലശലായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കുടുംബം പുറത്തുവിട്ട ഈ വാർത്തയെ സുനൈന നിഷേധിച്ചിരുന്നു.

സുനൈനയ്ക്ക് ബൈപോളാർ ആണെന്ന വാർത്തപരത്തിയത് ഹൃതിക് റോഷന്റെ സംഘത്തിലുള്ള പബ്ലിക് റിലേഷൻ ഉദ്യോഗസ്ഥരാണെന്നാണ് രംഗോലിയുടെ വെളിപ്പെടുത്തൽ. സുനൈനയ്ക്ക് ബൈപോളാർ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ലെങ്കിലും അവർ മുൻപ് കാൻസർ ബാധിതയായിരുന്നെന്നും അതിനെ അവർ അതിജീവിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. സുനൈനയുടെയും ഹൃതിക്കിന്റെയും അച്ഛൻ ഇപ്പോൾ കാൻസറിനെ അതിജീവിക്കാനുള്ള ചികിൽസയിലാണ്.