മകന് പാലിക്കാൻ എട്ടു നിയമങ്ങൾ; ഈ അമ്മയെ ലോകം അഭിനന്ദിക്കാൻ കാരണം
പെൺമക്കൾക്ക് ഉപദേശം നൽകുമ്പോൾ പോലും അമ്മമാർ തുറന്നു പറയാൻ മടിക്കുന്ന ചില കാര്യങ്ങളുണ്ട്. എന്നാൽ അത്തരം മറച്ചു വയ്ക്കലുകളൊന്നുമില്ലാതെ മകന് വേണ്ട ഉപദേശങ്ങൾ നൽകുന്ന അമ്മയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. മകന്റെ സ്വാതന്ത്ര്യങ്ങളിൽ അനാവശ്യമായി കൈകടത്താതെ അവനോടു പറയേണ്ട കാര്യങ്ങൾ വ്യക്തമായും എന്നാൽ കൃത്യമായും പറയുകയാണ് ഈ അമ്മ.
സ്കോട്ട്ലന്റ് സ്വദേശികളാണ് അമ്മയും മകനും. ലിസ എന്ന അമ്മ ഫിൻലെ ബ്രോക്കി എന്ന കൗമാരക്കാരനായ മകന് നൽകിയ ഉപദേശങ്ങൾ കേട്ട് മനസ്സു നിറഞ്ഞ് അമ്മയെ അഭിനന്ദിക്കുകയാണ് ആളുകൾ. സുഹൃത്തുക്കൾക്കൊപ്പം യാത്രപോകാൻ തയാറെടുത്ത മകനാണ് അമ്മ ഉപദേശം നൽകിയത്.
അമ്മ മകനെ ഉപദേശിക്കുകയല്ലെന്നും മറിച്ച് മുൻപ് ആ 18കാരൻ ചെയ്ത അബദ്ധങ്ങളെ ഓർമ്മിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ചിലർ പറയുന്നുണ്ട്. തനിക്കു സംഭവിച്ച അബദ്ധങ്ങളെ ഹാസ്യത്തിൽ പൊതിഞ്ഞ് അമ്മ ഓർമ്മപ്പെടുത്തിയപ്പോൾ അതുവായിച്ച് ചിരിയടക്കാനാകാതെ ആ മകൻ തന്നെയാണ് അമ്മയുടെ കുറിപ്പ് ട്വിറ്ററിലൂടെ പങ്കുവച്ചത്.
1. മദ്യപിച്ചിട്ട് എയർപോർട്ടിലേക്ക് പോകരുത്. അങ്ങനെ സംഭവിച്ചാൽ അധികൃതർ നിന്നെ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല.
2. രാത്രികാലങ്ങളിൽ തിരിച്ചറിയൽ രേഖയായി ഒരിക്കലും നിന്റെ പാസ്പോർട്ട് ഉപയോഗിക്കരുത്. കഴിഞ്ഞമാസം 2 പൊവിഷനുകൾ, 3 താക്കോലുകൾ, ബാങ്ക് കാർഡ്, പണം, പഴ്സ് തുടങ്ങി ഒരുപാടു സാധനങ്ങൾ നീ നഷ്ടപ്പെടുത്തി. നിന്നെ വിശ്വസിക്കാൻ പറ്റില്ല.
3. ഭക്ഷണം കഴിക്കാൻ ചെലവാകുന്ന പണത്തെ മദ്യം വാങ്ങാൻ ചിലവാകുന്ന പണവുമായി താരതമ്യം ചെയ്യാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കണം.
4. ബോട്ട് പാർട്ടി, പൂൾ പാർട്ടി എന്നിങ്ങനെയുള്ള ആഘോഷങ്ങളിൽ നിന്ന് ദയവായി മാറിനിൽക്കണം. വെറുതെ തടാകത്തിനു സമീപത്തുകൂടി വെറുതെ നടന്ന നീ വീട്ടിലേക്ക് മടങ്ങി വന്നത് നഗ്നനായിട്ടായിരുന്നു. പ്രവർത്തന രഹിതമായ നിന്റെ ഫോണും കൈയിലുണ്ടായിരുന്നു.
5. കഴിവതും ടാറ്റു ചെയ്യാതിരിക്കാ്‍ ശ്രമിക്കണം. ആഗ്രഹം അടക്കാൻ പറ്റുന്നില്ലെങ്കിൽ മാത്രം നിന്റെ പിൻഭാഗത്ത് ചെയ്താൽ മതി. പിന്നീട് ടാറ്റു ചെയ്യേണ്ടിയിരുന്നില്ല എന്ന് നിനക്കു തോന്നിയാലും അതു ദിവസവും കാണുന്ന ബുദ്ധിമുട്ടെങ്കിലും ഒഴിവാക്കാം.
6. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് ഒരിക്കലും ശ്രമിക്കരുത്. ഒരു രാത്രിയിലെ അത്തരം അനുഭവങ്ങൾ ചിലപ്പോൾ ജീവിതം മുഴുവൻ വലയ്ക്കുന്ന ലൈംഗികരോഗങ്ങൾക്ക് കാരണമായേക്കാം.
7. മദ്യപിച്ച ശേഷം എന്നെ വിളിക്കരുത്. നിന്നെയോർത്ത് ഞാൻ വല്ലാതെ വിഷമിക്കും.
8. നിങ്ങൾ സുഹൃത്തുക്കൾ തമ്മിൽ പരസ്പരം ശ്രദ്ധിക്കണം. എന്തെങ്കിലും പ്രശ്നമുണ്ടെന്നു തോന്നിയാൽ എന്നെ വിളിക്കാൻ മടിക്കരുത്. നിങ്ങൾക്കിടയിൽ കുറച്ചെങ്കിലും ബോധമുള്ള ഒരാളെ കണ്ടെത്താൻ ഞാൻ ശ്രമിച്ചിരുന്നു. പക്ഷേ അത് സാധിക്കാതെ ബുദ്ധിമുട്ടുകയാണ് ഞാനിപ്പോൾ.
എന്റെ ജീവനേക്കാളും ജീവിതത്തേക്കാളുമേറെ ഞാൻ നിന്നെ സ്നേഹിക്കുന്നു. അതുകൊണ്ട് സന്തോഷത്തോടെ ആഘോഷത്തോടെ യാത്രചെയ്ത് വീട്ടിലേക്ക് സുരക്ഷിതനായി മടങ്ങിവരുക.