ഇന്ത്യക്കാരെ ലജ്ജിപ്പിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ വെർച്വൽ ലോകം ചർച്ച ചെയ്യുന്നത്. വിനോദസഞ്ചാരത്തിനെത്തി താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച ഇന്ത്യൻ കുടുംബത്തിന്റെ വിഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഇന്തൊനേഷ്യയിലെ ബാലിയിൽ നടന്ന ഒരു സംഭവത്തിന്റെ വിഡിയോയാണ് ഇന്ത്യക്കാർക്ക് മുഴുവൻ നാണക്കേടുണ്ടാക്കിക്കൊണ്ട് പരക്കെ പങ്കുവയ്ക്കപ്പെടുന്നത്. 2 മിനിറ്റ് 20 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളുടെ തുടക്കത്തിൽ ഹോട്ടൽ ജീവനക്കാരൻ സഞ്ചാരികളുടെ ബാഗുകൾ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് കാണാൻ സാധിക്കുന്നത്. 

ഹോട്ടലിലെ സുരക്ഷാ ജീവനക്കാരോടൊപ്പം ബാഗ് പരിശോധിക്കാനെത്തിയ ഹോട്ടൽ ജീവനക്കാരനോട് കുടുംബം വാഗ്‌വാദത്തിലേർപ്പെടുന്നതും. അതിനെ വകവെയ്ക്കാതെ ഹോട്ടൽ ജീവനക്കാരൻ കുടുംബത്തിന്റെ ബാഗുകൾ പരിശോധിക്കുകയും ചെയ്യുന്നു. പരിശോധിച്ച ബാഗുകളിൽ നിന്നും ഹോട്ടൽ മുറിയിലുണ്ടായിരുന്ന ടൗവലുകൾ, ഇലക്ട്രോണിക് സാധനങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ അയാൾ പുറത്തെടുത്തു. അതോടെ വിനോദ സഞ്ചാരത്തിനു വന്ന ആ കുടുംബം ചുവടുമാറ്റി.

'' ഞങ്ങൾ മാപ്പു ചോദിക്കുന്നു. ഇതൊരു ഫാമിലി ടൂർ ആണ്. ഇതിന്റെയൊക്കെ പണം ഞങ്ങൾ നിങ്ങൾക്കു നൽകാം. ഞങ്ങളെ പോകാൻ അനുവദിക്കണം. ഇല്ലെങ്കിൽ ഞങ്ങൾക്ക് ഫ്ലൈറ്റ് മിസ് ആകും'' എന്നൊക്കെ വിനോദ സഞ്ചാര സംഘത്തിലെ ഒരു സ്ത്രീ പറയുന്നുണ്ട്.

ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരും ബാഗുകളിൽ നിന്ന് സാധനങ്ങളോരോന്നായി പുറത്തെടുക്കാൻ തുടങ്ങിയതോടെ ഞാൻ പണം തരാം എന്ന് വിനോദസഞ്ചാര സംഘത്തിലെ ഒരാൾ ഹോട്ടൽ ജീവനക്കാരനോടു പറയുന്നു. '' എനിക്കറിയാം നിങ്ങളുടെ കൈയിൽ ഒരുപാട് പണമുണ്ടെന്ന്, പക്ഷേ ഇത് മാന്യതയല്ല'' എന്നാണ് ഹോട്ടൽ ജീവനക്കാരൻ നൽകിയ മറുപടി.

ഹേമന്ത് എന്ന ട്വിറ്റർ ഉപയോക്താവാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. '' ഇന്ത്യയ്ക്ക് വലിയൊരു നാണക്കേടായിപ്പോയി. ഇന്ത്യൻപാസ്പോർട്ട് കൈയിലുള്ള ഓരോരുത്തരും ഓർക്കേണ്ട ഒരു കാര്യമുണ്ട്. നമ്മളോരോരുത്തരും ഇന്ത്യയുടെ അംബാസിഡർമാരാണെന്ന് അതുകൊണ്ട് അക്കാര്യം മനസ്സിൽ വച്ച് പെരുമാറുക. നമ്മുടെ വിശ്വാസ്യതയെ കാർന്നു തിന്നുന്ന ഇത്തരക്കാരുടെ പാസ്പോർട്ട് റദ്ദാക്കാൻ ഇന്ത്യ തയാറാകണം''. എന്ന അടിക്കുറിപ്പോടെയാണ് ഹേമന്ത് ദൃശ്യങ്ങൾ പങ്കുവച്ചത്.