അപരിചിതരെ സൂക്ഷിക്കണമെന്നും അവരുടെ പക്കൽ നിന്ന് ഒന്നും വാങ്ങിക്കഴിക്കരുതെന്നും അമ്മമാർ കുഞ്ഞുങ്ങളെ ഉപദേശിക്കാറുണ്ട്. എന്നാൽ അരികിലെത്തുന്നത് മോശം ആളുകളാണോ എന്ന് തിരിച്ചറിയാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കാൻ എത്ര അമ്മമാർക്കാവുന്നുണ്ട്. വിഷ്ണുപ്രസാദ് സംവിധാനം ചെയ്ത ദി സീക്രട്ട് എന്ന ഹ്രസ്വചിത്രം കാലികപ്രസക്തമാകുന്നത് അതുകൊണ്ടാണ്. അത് കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പേരിൽ. മുഖംമൂടിയണിഞ്ഞ് കുഞ്ഞുങ്ങളെ കുടുക്കാനെത്തിയ വില്ലനിൽ നിന്ന് ബുദ്ധിപരമായി രക്ഷപെടുന്ന ഒരു മിടുക്കിപ്പെൺകുട്ടിയുടെ കഥയാണ് ഈ ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്. അതിനവളെ പ്രാപ്തയാക്കിയത് അവളുടെ അമ്മയാണ്.

ഒരു യഥാർഥ സംഭത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിൽ പ്രിയരാജ് ഗോവിന്ദരാജ്, ധാത്രി, അഞ്ജലി, വിഷ്ണു അഗസ്ത്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അശ്രദ്ധമായി വരുത്തുന്ന കുഞ്ഞു പിഴവുകൾ പോലും അപരിചിതർക്ക് നമ്മളെ അപകടപ്പെടുത്താനുള്ള ആയുധമാകുന്നത് എങ്ങനെയെന്നു കാട്ടിത്തരുകയാണ് ഈ ഹ്രസ്വചിത്രം. വിവേക് മേനോനും രാജീഷ് രാജനും കഥയും തിരക്കഥയുമൊരുക്കിയ ഹ്രസ്വചിത്രം പലപ്പോഴും പ്രവചനാതീതമായ സന്ദർഭങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്.

'സിനിമയിലെ വില്ലനെപ്പോലെയല്ല,  കാണാൻ എന്നെപ്പോലെയോ നിന്റെ അച്ഛനെപ്പോലെയോ, മാമനെപ്പോലെയോ ഉള്ളയാളുകളും മോശം ഉദ്ദേശത്തോടെ നിന്നെ സമീപിച്ചേക്കാം എന്ന അമ്മയുടെ മുന്നറിയിപ്പാണ് ഒരു സന്ദർഭത്തിൽ ആ പെൺകുട്ടിയുടെ രക്ഷക്കെത്തുന്നത്. അങ്ങനെയാരെങ്കിലും സമീപിച്ചാൽ അവരെ തിരിച്ചറിയാനുള്ള സീക്രട്ട് കോഡും അമ്മ മകൾക്ക് പറഞ്ഞു കൊടുക്കുന്നു. ഒരു ഘട്ടത്തിൽ വിശ്വസനീയമെന്നു തോന്നിക്കുന്ന കള്ളങ്ങൾ പറഞ്ഞ് വില്ലൻ അന്തരീക്ഷം അയാൾക്കനുകൂലമാക്കുമ്പോൾ ഒരൊറ്റ ചോദ്യംകൊണ്ട് അയാളുടെ കള്ളത്തരത്തിന്റെ ചീട്ടുകൊട്ടാരം പൊളിച്ചടുക്കുന്നുണ്ട് ആ ചെറിയ പെൺകുട്ടി.

കണ്ണിൽ ചതിയൊളിപ്പിച്ച സുന്ദരവില്ലന്റെ ഭാവങ്ങളും ഒരു നിർണായക തീരുമാനമെടുക്കേണ്ടി വന്നപ്പോൾ പെൺകുട്ടിയുടെ കണ്ണിൽ മിന്നിമറഞ്ഞ ആശങ്കയും വിഹ്വലതയും അതും കടന്ന് അവൾ ആത്മവിശ്വാസത്തോടെ ബുദ്ധിപരമായി ആ സന്ദർഭത്തെ അതിജീവിക്കുന്നതുമെല്ലാം അതിസൂക്ഷ്മമായി കോർത്തിണക്കി ഹ്രസ്വചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഉണ്ണിക്കൃഷ്ണൻ പി.എം ആണ്.

ഉള്ളിൽ ചതിനിറച്ച് ചിരിക്കുന്ന മുഖത്തോടെ അരികിലെത്തുന്ന എല്ലാവരെയും വിശ്വസിക്കരുതെന്ന് ഓരോ കുഞ്ഞുങ്ങളെയും അവർക്കു മനസ്സിലാകുന്ന തരത്തിൽ പറഞ്ഞുകൊടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമിപ്പിക്കുന്ന ഈ ഹ്രസ്വചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് മൃദുലാണ്. പശ്ചാത്തലസംഗീതം നൽകിയിരിക്കുന്ത് റോബിയും സൗണ്ട് ഡിസൈൻഷെഫിൻ മായനുമാണ്.