ഏറെ ക്ഷോഭത്തോടെ അതിലേറെ സങ്കടത്തോടെയാണ് ബോളിവുഡ് താരം അക്ഷയ് കുമാർ തന്റെ മകളുടെ അവസ്ഥയെപ്പറ്റിയും അത് തന്നിലുളവാക്കിയ വേദനയെപ്പറ്റിയും തുറന്നു പറഞ്ഞത്. അടുത്തിടെ മാധ്യമങ്ങളോടു സംവദിക്കുന്നതിനിടെയാണ് അച്ഛനെന്ന നിലയിൽ താൻ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നത്തെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞത്.

ക്ഷണിക്കപ്പെടാത്ത അതിഥികളായി സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്ന പാപ്പരാസികളോടുള്ള ഭയം കാരണം മകൾ വീടിനു പുറത്തിറങ്ങാൻ പോലും താൽപര്യം കാട്ടുന്നില്ലെന്നാണ് അക്ഷയ്‌യുടെ പരാതി. ജിമ്മിൽ, സ്കൂളിൽ, എയർപോർട്ടിൽ, സലൂണിൽ... അങ്ങനെ എവിടെ വച്ചാണെങ്കിലും ഏതു സാഹചര്യത്തിലാണെങ്കിൽ സെലിബ്രിറ്റി

കളുടെ ചിത്രങ്ങൾ പകർത്താറുണ്ട് പാപ്പരാസികൾ. പലപ്പോഴും അനുവാദം പോലും ചോദിക്കാൻ മിനക്കെടാതെയാകും താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം. താരങ്ങൾ എന്ന നിലയിൽ ഇതിനൊക്കെ വിധേയരാകാൻ ഞങ്ങൾ ബാധ്യസ്ഥരാണ് പക്ഷേ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ സ്വകാര്യത കൂടി നഷ്ടപ്പെടുകയെന്നു വന്നാൽ?. അക്ഷയ് ചോദിക്കുന്നു.

ആറു വയസ്സുകാരി മകൾ നിതാര ഇപ്പോൾ കുടുംബത്തിനൊപ്പം പുറത്തു പോകാൻ കൂട്ടാക്കാത്തതാണ് അക്ഷയ്‌യെ വിഷമിപ്പിക്കുന്നത്. ഫ്ലാഷ് ലൈറ്റുകളെ പേടിയാണെന്നും അതുകൊണ്ടാണ് തനിക്ക് പുറത്തു വരാൻ ഇഷ്ടമില്ലാത്തതെന്നുമാണ് കുഞ്ഞു നിതാര വ്യക്തമാക്കിയത്. മകൾ അങ്ങനെ പറയുന്നതു കേട്ടപ്പോൾ ഒരച്ഛനെന്ന നിലയിൽ തന്റെ ഹൃദയം തകർന്നു പോയെന്നും താരം പറയുന്നു.

മകൻ ആരവിന്റെ കാര്യവും വ്യത്യസ്തമല്ല. സിനിമ കാണാൻ അവൻ പോകാറില്ല. കാരണം പരിശീലനം കഴിഞ്ഞ് അവൻ മടങ്ങിയെത്തിയതേയുള്ളൂ. ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങളിൽ ക്ഷീണിച്ചിരിക്കുന്നു, അങ്ങനെയിരിക്കുന്നു, ഇങ്ങനെയിരിക്കുന്നു എന്നൊക്കെയുള്ള ചോദ്യങ്ങളെ നേരിടാൻ വയ്യാത്തതുകൊണ്ടാണ് അവൻ സിനിമയ്ക്കൊക്കെ വരാൻ കൂട്ടാക്കത്തത്. ഇതിന്റെ പേരിൽ എന്റെ കുഞ്ഞുങ്ങളെ കുറ്റപ്പെടുത്താനെനിക്കാവില്ല. താരങ്ങളുടെ ചിത്രങ്ങളെടുക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ ഞാൻ എതിരല്ല. പക്ഷേ അവരുടെ മക്കൾ ലൈം ലൈറ്റിൽ വരാൻ ആഗ്രഹിക്കാത്തിടത്തോളം കാലത്തോളം അവരെ വെറുതെ വിടണം. അവർ പ്രായപൂർത്തിയായി സ്വയം തീരുമാനമെടുക്കാൻ പ്രാപ്തരാകുന്നതുവരെ അവരുടെ സ്വാതന്ത്ര്യങ്ങളിലും സ്വകാര്യതയിലും ഇടിച്ചു കയറാതിരിക്കാൻ ശ്രമിക്കണം.

പൊതുവിടങ്ങളിൽ തിരിച്ചറിയപ്പെടുമ്പോഴും സൂക്ഷ്മനിരീക്ഷണത്തിന് വിധേയരാകുമ്പോഴും മറ്റും അത് ബാധിക്കുന്നത് അവരുടെ ശാരീരികവും–മാനസികവുമായ സുരക്ഷിതത്വത്തെക്കൂടിയാണ്. മറ്റുള്ളവർ വിമർശിക്കുമ്പോൾ അതിനോട് പ്രതികരിക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ സ്വന്തം തീരുമാനപ്രകാരമായിരിക്കണമെന്നാണ് ഞാൻ മക്കളെ പഠിപ്പിച്ചത്.

മകൻ ആരവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ പേരിൽ അവനെ വിമർശിക്കുന്നവരോട് അക്ഷയ് എന്ന അച്ഛൻ പറയുന്നതിങ്ങനെ :-

''കുഞ്ഞുങ്ങളെ ഇത്തരത്തിൽ ചൂഷണം ചെയ്യുന്നവർ കണ്ണാടിക്കു മുന്നിൽച്ചെന്ന് ഒരു ചോദ്യം ചോദിക്കണം. നിങ്ങളുടെ കുഞ്ഞുങ്ങളോട് ആരെങ്കിലും ഇങ്ങനെയൊക്കെ ചെയ്യുന്നത് നിങ്ങൾക്ക് സഹിക്കാൻ കഴിയുമോ?. കുഞ്ഞുങ്ങളെയും കൗമാരക്കാരക്കാരെയും പരിഹസിക്കുന്നവരുടെ പെരുമാറ്റത്തെക്കുറിച്ച് എന്തുപറയണം എന്നെനിക്കറിയില്ല. 21 വയസ്സിൽ താഴെയുള്ള കുട്ടികളെക്കുറിച്ച് അസംബന്ധങ്ങൾ പറയുന്നത് നിയമവിരുദ്ധമാണ്.

സമൂഹമാധ്യമങ്ങൾ പോലെയുള്ള പൊതുവിടങ്ങൾ മറ്റുള്ളരെ പരിഹസിക്കുന്നതിനും, വേദനിപ്പിക്കുന്നതിനും, കളിയാക്കുന്നതിനും ഉപയോഗിക്കുന്നതും യാതൊരു പേടിയുമില്ലാതെ മനസ്സിൽത്തോന്നുന്നത് വിളിച്ചു പറയുന്നതും യുവത്വത്തെ മോശമായി ബാധിക്കും. രക്ഷിതാക്കൾ എന്ന നിലയിൽ ഒരേയൊരു കാര്യമേ ചെയ്യാൻ കഴിയൂ. നല്ല തൊലിക്കട്ടിയുള്ളവരായി അവരെ വളർത്തുക. മറ്റുള്ളവരെക്കുറിച്ച് മോശമായി പറയുന്നവരോട് സഹതാപം തോന്നാൻ പഠിപ്പിക്കുക''.