വിവാഹശേഷം കല്യാണപ്പെണ്ണിന്റെ കൈപിടിച്ച് ഓടുന്ന ഒരു വരന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. ശുഭമുഹൂർത്തത്തിൽ വിവാഹം കഴിഞ്ഞെങ്കിലും ഗൃഹപ്രവേശത്തിനുള്ള സമയം തെറ്റാതിരിക്കാനുള്ള തത്രപ്പാടിൽ വധുവിന്റെ കൈപിടിച്ച് സ്വന്തം വീട്ടിലേക്ക് ഓടുന്ന വരനാണ് ദൃശ്യങ്ങളിൽ.

'വീട്ടിൽ കയറേണ്ട സമയം 1.30... 1:29 ആയപ്പോൾ വീടിന്റെ മുന്നിലെത്തി  ഒന്നും ആലോചിച്ചില്ല...ഒരു ഓട്ടം' എന്ന തലക്കെട്ടോടെയാണ് സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ശുഭ മുഹൂർത്തവും പൊരുത്തവും ജാതകവുമൊക്കെ നോക്കി വിവാഹച്ചടങ്ങുകൾ നിശ്ചയിക്കുമ്പോൾ പലപ്പോഴും കാര്യങ്ങളൊക്കെ സമയത്തു തന്നെ തീർക്കാൻ വധൂവരന്മാരും ബന്ധുക്കളും പെടാപ്പാടു പെടാറുണ്ട്.

സമയബദ്ധിതമായി ഇത്തരം കാര്യങ്ങൾ ചെയ്യാനുള്ള തത്രപ്പാടിൽ പലർക്കും പല അമളികളും പറ്റാറുമുണ്ട്. എന്നാൽ സമയത്തു തന്നെ വീട്ടിൽ കയറാൻ ഇവിടെ വരൻ സ്വീകരിച്ച കുറുക്കു വഴി സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തിയിരിക്കുകയാണ്.