മക്കൾക്ക് അങ്ങനെ പ്രശസ്തി ലഭിക്കുന്നതിനോട് യോജിപ്പില്ല: അജയ് ദേവ്‌ഗൺ
താരങ്ങളായ അച്ഛനമ്മമാരുടെ മക്കൾക്ക് സ്വകാര്യത നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഒരച്ഛൻ എന്ന നിലയിൽ പല തവണ ആശങ്ക പങ്കുവച്ചിട്ടുണ്ട് ബോളിവുഡ്താരം അജയ് ദേവ്‌ഗൺ. ഇക്കുറിയും അദ്ദേഹം പറയുന്നത് അച്ഛനമ്മമാർ താരങ്ങളായതിന്റെ പേരിൽ മക്കൾക്ക് ലഭിക്കുന്ന പ്രശസ്തിയോട് തനിക്ക് യോജിക്കാൻ കഴിയില്ല എന്നു തന്നെയാണ്.
കഴിഞ്ഞ കാലത്തെക്കുറിച്ചോർത്ത് സമയം പാഴാക്കാനോ ഭാവിയെക്കുറിച്ച് ചിന്തിച്ച് തല പുകയ്ക്കാനോ തനിക്ക് താൽപര്യമില്ലെന്നും ഇന്നിൽ ജീവിക്കാനാണ് തനിക്കിഷ്ടമെന്നും താരം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ താരമാണെന്ന ചിന്തയില്ലാതെ യാഥാർഥ്യ ബോധത്തോടെയാണ് തന്റെ ജീവിതമെന്നും അദ്ദേഹം പറയുന്നു. 1991 ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരം തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് പറയുന്നതിങ്ങനെ :-
'' ഭാഗ്യംകൊണ്ട് ജീവിതത്തിൽ എനിക്കധികം കഷ്ടപ്പാടുകളൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല. കഠിനാധ്വാനം ചെയ്യണം എന്ന പാഠമാണ് ഞാൻ ജീവിതത്തിൽ നിന്ന് പഠിച്ചത്. മറ്റു താരങ്ങളുമായി ചെയ്യുന്നതിൽ വിശ്വാസമില്ല. വിജയങ്ങളിൽ അമിതമായി ആഹ്ലാദിക്കുകയോ പരാജയങ്ങളിൽ തീർത്തും തളർന്നു പോവുകയോ ചെയ്യാറില്ല''.
താനും ഭാര്യ കജോളും താരങ്ങളാണെന്ന് ചിന്തിക്കാറേയില്ലെന്നും പരസ്പരം സ്പേസ് നൽകിയാണ് സന്തോഷത്തോടെ ജീവിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സെലിബ്രിറ്റി കിഡ്സിനെക്കുറിച്ച് ഹോളിവുഡ് താരം ബെൻ അഫ്ലലെക്ക് പറഞ്ഞ അഭിപ്രായത്തോട് താൻ യോജിക്കുന്നുവെന്നും താരങ്ങൾക്ക് കിട്ടുന്ന പ്രശസ്തി അവരുടെ കുഞ്ഞുങ്ങളുടെ സ്വകാര്യതയെ ഇല്ലാതാക്കുകയാണെന്നും അതിന് അവർ കൊടുക്കേണ്ടി വരുന്നത് വലിയ വിലയാണെന്നുമായിരുന്നു ബെന്നിന്റെ ആരോപണം ശരിയാണെന്നും അജയ് പറയുന്നു. പക്ഷേ യഥാർഥ ജീവിതത്തിൽ ഇത് എത്രത്തോളം സാധ്യമാകുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറയുന്നു.
'കുട്ടികളെ സംബന്ധിച്ചിടത്തോളം ചില കാര്യങ്ങളിൽ അവർക്ക് നല്ല തിരിച്ചറിവുണ്ട്. അച്ഛനമ്മമാരുടെ പോസിറ്റീവ് സ്വഭാവങ്ങൾ മാത്രമല്ല നെഗറ്റീവ് സ്വഭാവങ്ങളും പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുമെന്ന് അവർക്ക് ഉത്തമ ബോധ്യമുണ്ട്'.- അജയ് പറയുന്നു.