വഞ്ചിച്ച ഭർത്താവിന് നഷ്ടപരിഹാരം വേണമെന്ന് കോടതി; ഭാര്യയുടെ വിചിത്ര പ്രതികാരമിങ്ങനെ
വഞ്ചിച്ച ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയതിനെത്തുടർന്ന് അയാൾക്ക് നഷ്ടപരിഹാരം നൽകേണ്ടി വന്ന ദുരവസ്ഥയ്ക്കൊപ്പം അയാളോട് വ്യത്യസ്തമായ രീതിയിൽ പ്രതികാരം ചെയ്യുക കൂടിച്ചെയ്തു ബ്രാന്റി ലീ എന്ന സ്ത്രീ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് യുഎസ് സ്വദേശിയായ വനിത തന്റെ വിചിത്രമായ പ്രതികാരകഥ പങ്കുവച്ചത്.
ബ്രാറ്റ്‌ലിയുടെ കുറിപ്പിങ്ങനെ :-
'' ഞാൻ വിവാഹം കഴിച്ച പുരുഷൻ, അയാളുടെ ഹൃദയവിശാലത കൊണ്ട് ഒരിക്കൽ എന്റെ ജീവിതത്തോട് വലിയൊരു കാര്യം ചെയ്തു. അയാളുടെ ആത്മാർഥ സുഹൃത്തിന്റെ ഭാര്യയ്ക്കൊപ്പം കിടക്ക പങ്കിട്ടു. ആ സ്ത്രീ, അവൾ എന്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. പ്രണയത്തോടെ ഞാനെന്റെ പുരുഷന്റെ കണ്ണുകളിൽ നോക്കുന്നതിനും, കൈകൾ പിടിക്കുന്നതിനും സാക്ഷിയായ അവൾ, എന്നെന്നും ഒപ്പമുണ്ടെന്ന് ഞാൻ അയാൾക്ക് വാക്കു നൽകുന്നത് കണ്ടുകൊണ്ടു നിന്ന ആ സ്ത്രീയാണ് എന്റെ ഭർത്താവിനൊപ്പം കിടക്ക പങ്കിട്ടത്. ആ വിശ്വാസ വഞ്ചന കലാശിച്ചത് എന്റെ വിവാഹമോചനത്തിലായിരുന്നു. അതിനും പുറമേ എന്തൊക്കെയോ കാരണങ്ങളാൽ ഞാൻ ഭർത്താവിന് 7500 യുഎസ് ഡോളർ ( 5,30,831 ഇന്ത്യൻ രൂപ) നൽകണമെന്ന കോടതി വിധിച്ചു.കോടതി വിധി പാലിച്ചേ പറ്റൂ. അതുകൊണ്ടു തന്നെ ഞാൻ അയാൾക്ക് പണം നൽകിയേ മതിയാകുമായിരുന്നുള്ളൂ. എങ്ങനെ നൽകും എന്ന ചിന്തയ്ക്കൊന്നും അവിടെയൊരു പ്രസക്തിയുമില്ല''.
രണ്ടു മക്കളുടെ അമ്മ കൂടിയായ സ്ത്രീ അവിടെയാണ് തന്റെ ബുദ്ധി പ്രയോഗിച്ചത്. ഭർത്താവിന് നഷ്ടപരിഹാരം നൽകാതിരിക്കാൻ യാതൊരു മാർഗവുമില്ല. എങ്ങനെയൊക്കെയോ തുക സംഘടിപ്പിച്ച് അവർ ബാങ്കിലെത്തി. ബാങ്കുദ്യോഗസ്ഥരോട് തന്റെ ജീവിതത്തിൽ അനുഭവിച്ച അപമാനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ അവർ തന്റെ മനസ്സിലെ പദ്ധതിയെപ്പറ്റിയും വെളിപ്പെടുത്തി. അവരുടെ സങ്കടം കേട്ട് മനസ്സലിഞ്ഞ ബാങ്കുദ്യോഗസ്ഥർ അവർക്കാ
വശ്യമായ സഹായങ്ങൾ നൽകാമെന്നേറ്റു.
കോടതി ഉത്തരവു പ്രകാരമുള്ള നഷ്ടപരിഹാരത്തുക ചില്ലറത്തുട്ടുകളായി നൽകിയാണ് ബാന്റി ലീ ഭർത്താവിനോട് പ്രതികാരം ചെയ്തത്. നാണയത്തുട്ടുകളടങ്ങിയ 10 പെട്ടികളാണ് ഇവർ ഭർത്താവിന് നൽകിയത്. 159 കിലോ ഭാരമുള്ള പെട്ടികളുമായായിരുന്നു ഭാര്യ നൽകിയ നഷ്ടപരിഹാരത്തുക ഏറ്റുവാങ്ങിക്കൊണ്ട് വഞ്ചകനായ ഭർത്താവ് മടങ്ങിയത്.
ബാങ്ക് ഉദ്യോഗസ്ഥരിൽ നിന്നുള്ള സഹകരണത്തെപ്പറ്റി ബ്രാന്റി ലീ പറയുന്നതിങ്ങനെ :-
'' പ്രാദേശിക ബാങ്കിൽച്ചെന്ന ശേഷം എന്റെ കഥ മുഴുവൻ ഞാൻ പറഞ്ഞു. അവിടെയുണ്ടായിരുന്ന സുന്ദരിപ്പെൺകുട്ടികൾ എന്നെ സഹായിക്കുക മാത്രമല്ല ചെയ്തത്, എന്റെ പേമെന്റ് പ്ലാൻ നടപ്പിലാക്കാൻ എനിക്ക് നല്ല പിന്തുണ നൽകുകയും ചെയ്തു''.
ഡിവോഴ്സ്ഡ് എഎഫ് എന്നെഴുതിയ ടീ ഷർട്ട് ധരിച്ചു നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് യുവതി തന്റെ പ്രതികാര കഥ പങ്കുവച്ചത്. നിരവധി പേർ യുവതിയുടെ ബുദ്ധിയെ പ്രകീർത്തിച്ച് പ്രതികരിച്ചിട്ടുണ്ട്. ഒരാൾ കുറിച്ചത് യുവതിയുടെ നഷ്ടപരിഹാരത്തുക കിട്ടിയ ശേഷമുള്ള ഭർത്താവിന്റെ മുഖഭാവം കാണാൻ ആഗ്രഹമുണ്ടെന്നാണ്.
English Summary : Woman pays cheating husband divorce bill entirely in coins