അമ്മയ്ക്ക് വരനെ തേടി മകൾ; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ
50 വയസ്സുകാരനായ വരനെത്തേടി ഒരു പെൺകുട്ടി പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം.അമ്മയ്ക്കു വേണ്ടിയാണ് മകൾ വരനെത്തേടുന്നത്. ആസ്താ വർമ എന്ന നിയമ വിദ്യാർഥിനിയായ പെൺകുട്ടിയാണ് അമ്മയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് അമ്മയ്ക്കായി വരനെ തേടുന്നത്.
അമ്മയുടെ വരനു വേണ്ട ഗുണങ്ങളെക്കുറിച്ച് യുവതി കുറിച്ചതിങ്ങനെ :-
'' 50 വയസ്സുള്ള സുന്ദരനായ വരനെ അമ്മയ്ക്കുവേണ്ടി തേടുന്നു. വെജിറ്റേറിയനായിരിക്കണം, മദ്യപിക്കരുത്, നല്ല നിലയിൽ ജീവിക്കുന്ന ആളാകണം''. പോസ്റ്റ് ട്വീറ്റ് ചെയ്ത് നിമിഷങ്ങൾക്കകം ആളുകൾ അതേറ്റെടുത്തു. അമ്മയെയും മകളെയും അഭിനന്ദനമറിയിച്ച പലരും മകളുടെ ട്വീറ്റ് റി ട്വീറ്റ് ചെയ്തിട്ടുണ്ട്. ചിലരൊക്കെ ഒരുപടി കൂടി കടന്ന് മകൾ പറഞ്ഞ ഗുണഗണങ്ങൾ തികഞ്ഞ പുരുഷന്മാരുടെ പേര് ടാഗ് ചെയ്തിട്ടുണ്ട്.
ഒക്ടോബർ 31 ന് രാത്രിയിൽ പങ്കുവയ്ക്കപ്പെട്ട ട്വീറ്റിന് അയ്യായിരത്തിലധികം പ്രതികരണങ്ങളും അമ്പതിനായിരത്തിലധികം റീ ട്വീറ്റുകളും ഇരുപത്തേഴായിരത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. മക്കൾക്ക് കല്യാണമാലോചിക്കുന്ന നിരവധി അമ്മമാരെ കണ്ടിട്ടുണ്ടെന്നും അതിൽ നിന്നൊക്കെ വ്യത്യസ്തമായി അമ്മയ്ക്ക് കല്യാണമാലോചിക്കുന്ന ഈ മകളെക്കുറിച്ചോർത്ത് അഭിമാനമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് പലരും ഈ പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്.
English Summary : Daughter searching groom for mother