ചൈനയിലെ ഗാഷോ എന്ന പ്രവിശ്യയില്‍നിന്നു പുറത്തുവന്ന വാര്‍ത്ത അക്ഷരാര്‍ഥത്തില്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. സംഭവം ദാരിദ്ര്യമാണ്. സ്വയം ഭക്ഷണം കുറച്ച് സഹോദരനെ ചികിത്സിക്കാന്‍ ശ്രമിച്ച് മൃതപ്രായയായ യുവതിയുടെ കഥയാണ് ചൈനീസ് ഭരണാധികാരികളുടെയും ലോകത്തിന്റെയും ശ്രദ്ധയില്‍പെട്ടതും ദാരിദ്ര്യം എത്രമാത്രം ഭീകരമായ അവസ്ഥയാണെന്ന് ബോധ്യപ്പെടുത്തിയതും. 

വു ഹുയാന്‍ എന്ന യുവതിയാണ് കരളലിയിക്കുന്ന അനുഭവത്തിലൂടെ ആയിരക്കണക്കിനു പേരില്‍ സഹതാപം നിറച്ചതും അവരെ കാരുണ്യം നിറഞ്ഞ മനസ്സുമുള്ളവരാക്കി മാറ്റിയതും. കഴിഞ്ഞ 5 വര്‍ഷമായി വു ഹുയാന്‍ ഓരോ ദിവസവും ജീവിക്കുന്നത് വെറും 20 പൈസ ( 2 യുവാന്‍) മാത്രം ചെലവഴിച്ചാണ്. അതായത് ദിവസം ഒന്നുകില്‍ ഒരു ബണ്‍ മാത്രം. അല്ലെങ്കില്‍ വളരെക്കുറച്ചു ചോറ്. ഇത്ര കുറച്ചു ഭക്ഷണം മാത്രം കഴിച്ച് വു ഹുയാന്‍ വീട്ടിലിരിക്കുകയാണെന്നു കരുതരുത്. രണ്ട് വ്യത്യസ്ത ജോലികള്‍ ചെയ്യുന്നുണ്ട്. പുറമെ സര്‍വകലാശാല പഠനവും.

വു ഹുയാന്റെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചുപോയതാണ്. ആകെയുള്ളത് ഒരു സഹോദരനാണ്. അയാള്‍ക്കാണെങ്കില്‍ മാനസിക ദൗര്‍ബല്യവും. സഹോദരന്റെ ഭക്ഷണത്തിനും ചികിത്സയ്ക്കും വേണ്ടിവരുന്ന തുക സ്വരൂപിക്കാന്‍വേണ്ടിയാണ് വു ഹായന്‍ ഭക്ഷണം കഴിയുന്നത്ര കുറച്ചതും എല്ലു മുറിയെ പണിയെടുത്തതും. 

മാസം 300 യുവാന്‍ വു ഹുയാന് സര്‍ക്കാരില്‍നിന്നു കിട്ടും. ആ തുക ഏതാണ്ടു പൂര്‍ണമായിത്തന്നെ സഹോദരന്റെ ചികിത്സയ്ക്കു ചെലവാക്കുകയാണ് ചെയ്യുന്നത്. ജോലി ചെയ്യുന്നതില്‍നിന്ന് മാസം ലഭിക്കുന്നത് 600 യുവാന്‍. 

വു ഹുയാന്റെ ദയനീയാവസ്ഥ പുറത്തുവന്നത് അനാരോഗ്യത്തെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയിലാക്കി യപ്പോഴാണ്. 24 വയസ്സുണ്ടെങ്കിലും 1.35 മീറ്റര്‍ മാത്രമാണ് ആ യുവതിയുടെ പൊക്കം. ഭാരം ആരെയും അതിശയിപ്പിക്കും. വെറും 21.5 കിലോ. ഹൃദയം ഇപ്പോള്‍ തന്നെ ദുര്‍ബലം. തലമുടി കൊഴിഞ്ഞുകഴിഞ്ഞു. ബോധം ഇടയ്ക്കിടെ നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ട്. തനിച്ച് ഏതാനും വാര നടക്കാന്‍പോലുമുള്ള ആരോഗ്യം ഈ 24 വയസ്സുകാരിക്ക് ഇല്ല. സ്വയം മരുന്നെടുത്ത് കഴിക്കാനുള്ള ആരോഗ്യവുമില്ല. 

സംഭവം പുറത്തായതോടെ സമൂഹമാധ്യമങ്ങളില്‍ വഴി അനേകം പേര്‍ യുവതിക്കും സഹോദരിക്കും സംഭാവനകള്‍ നല്‍കാന്‍ സന്നദ്ധരായി. 4,70,000 യുവാന്‍ വളരെപ്പെട്ടെന്നുതന്നെ ഇങ്ങനെ സ്വരൂപിച്ചു. അതോടെ സംഭവത്തില്‍ സര്‍ക്കാരും ഇടപെട്ടു. സഹോദരങ്ങള്‍ക്ക് അടിയന്തര സഹായമായി 20,000 യുവാൻ നല്‍കുമെന്ന പ്രഖ്യാപനവും വന്നു. 

ദുര്‍ബലയെങ്കിലും ദൃഢനിശ്ചയമുള്ള ഈ യുവതിയുടെ കാര്യത്തില്‍ ഇനി ഭരണാധികാരികള്‍ നിരന്തരമായി ശ്രദ്ധ പതിപ്പിക്കും. ഇവര്‍ക്ക് വേണ്ട ഭക്ഷണവും ചികിത്സാ സൗകര്യവും നല്‍കും- പ്രവിശ്യാ ഭരണാധികാരികള്‍ അറിയിച്ചു. മറ്റു സര്‍ക്കാര്‍ വകുപ്പുകളുമായി ആലോചിച്ചും സഹകരിച്ചും സഹോദരങ്ങള്‍ക്ക് എല്ലാ സൗകര്യവും ഉടന്‍തന്നെ നല്‍കാനാണ് ഭരണതലത്തില്‍ എടുത്തിരിക്കുന്ന തീരുമാനം. 

വു ഹുയാന്റെ കഥ ഒറ്റപ്പെട്ടതല്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ പറയുന്നത്. ചൈനയിലെ ഗ്രാമങ്ങളില്‍ ദാരിദ്ര്യം രൂക്ഷമാണ്. സമയത്തിനു ഭക്ഷണം കഴിക്കാനില്ലാത്തവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ഗാഷോ പ്രവിശ്യയാകട്ടെ ദാരിദ്ര്യത്തിനു കുപ്രസിദ്ധവും. 

English Summary : he plight of a Chinese woman who starved