സുനാമിയിൽ നഷ്ടമായത് മൂന്നു കുഞ്ഞുങ്ങളെ; ഇപ്പോഴിവർക്ക് മക്കൾ 36
ഉയിർ കൊടുത്തു വളർത്തിയ മൂന്നു കുഞ്ഞുങ്ങളെയാണ് വർഷങ്ങൾക്കു മുൻപുള്ള ഒരു പിറന്നാൾ ദിനത്തിൽ പരമേശ്വരൻ എന്ന അച്ഛന് നഷ്ടപ്പെട്ടത്. 2004 ഡിസംബർ 26 ന് സുനാമിത്തിരകൾ സംഹാരതാണ്ഡവമാടി മടങ്ങിയത് ഈ അച്ഛന്റെ മൂന്ന് ഓമനക്കുഞ്ഞുങ്ങളുമായാണ്.
തമിഴ്നാട് സ്വദേശികളായ പരമേശ്വരൻ– ചൂഡാമണി ദമ്പതികളുടെ ജീവിതം മാറി മറിഞ്ഞത് ഹൃദയം നുറുക്കുന്ന ആ സംഭവത്തിനു ശേഷമാണ്. അച്ഛനെന്നും അമ്മയെന്നും കൊഞ്ചിവിളിച്ച മൂന്നു കുഞ്ഞുങ്ങളുടെ ജീവനുമായി കടൽ മടങ്ങിയപ്പോൾ 36 കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരാകാനുള്ള നിയോഗമാണ് വിധി ഇവർക്കായി കാത്തു വച്ചത്. നിസാര കാര്യങ്ങളുടെ പേരിൽ വിധിയെ പഴിക്കുന്നവർ തീർച്ചയായും ഇവരുടെ കഥയറിയണം.
ആത്മഹത്യ ചെയ്യാമെന്നു തീരുമാനിച്ചുറപ്പിച്ചപ്പോഴാണ് സുനാമിത്തിരകൾ അനാഥരാക്കിയ ഒരുപാട് കുഞ്ഞു മുഖങ്ങൾ അവർ കണ്ടത്. ആത്മഹത്യ എന്ന ചിന്തയുപേക്ഷിച്ച് ആ കുഞ്ഞുങ്ങൾക്ക് അച്ഛനമ്മമാരാകാൻ തീരുമാനിച്ച നിമിഷത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞതിങ്ങനെ:-
''സംരക്ഷിക്കാൻ അച്ഛനമ്മമാരോ, കയറിക്കിടക്കാൻ ഒരു കൂരയോയില്ലാതെ വഴിയോരത്ത് നിൽക്കുന്ന കുഞ്ഞുങ്ങളെ ഞങ്ങൾ കണ്ടു. അപ്പോൾ ഞാൻ ചിന്തിച്ചതിങ്ങനെയാണ്. എനിക്കെന്റെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടു. എന്തുകൊണ്ട് ആരോരുമില്ലാത്ത ഈ കുഞ്ഞുങ്ങൾക്ക് അഭയമൊരുക്കിക്കൂടാ''- ചൂഡാമണി പറയുന്നു. തുടക്കത്തിൽ നാലു കുഞ്ഞുങ്ങളെയാണ് ഇവർ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.
വീട് നമ്പിക്കൈ (പ്രതീക്ഷ എന്നർഥം വരുന്ന തമിഴ്‌വാക്ക്) എന്ന ഓർഫനേജായി മാറിയത് വളരെപ്പെട്ടന്നാണ്. ദിവസം ചെല്ലുന്തോറും കൂടുതൽ കുട്ടികൾ നമ്പിക്കൈയുടെ തണൽ തേടിയെത്തി. കുട്ടികളുടെയെണ്ണം 36 വരെയായി.
എക്സിക്യൂട്ടീവ് എൻജിനീയറായ പരമേശ്വരനും ഒരു ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ബ്രാഞ്ച്ഹെഡ് ആയ ചൂഡാമണിയും ഇതുവരെ 45 ഓളം കുഞ്ഞുങ്ങൾക്ക് അഭയമേകിയിട്ടുണ്ട്. ഇതിൽ 36 പേർ ഇപ്പോഴും ഇവിടെയുണ്ട്. നമ്പിക്കൈയിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി വേവ്വെറെ കെട്ടിടങ്ങളുണ്ട്. സ്വന്തം സമ്പാദ്യം കൊണ്ടാണ് നമ്പിക്കൈ തുടങ്ങിയതെങ്കിലും ഇപ്പോൾ സുഹൃത്തുക്കളും മറ്റും അവരെ സാമ്പത്തികമായി സഹായിക്കുന്നുണ്ട്. ദമ്പതികൾക്ക് സ്വന്തം രക്തത്തിൽപ്പിറന്ന രണ്ട് ആൺമക്കൾ കൂടിയുണ്ട്. നമ്പിക്കൈയിലെ മുതിർന്ന കുട്ടികൾ ഉപരിപഠനത്തിനും മൾട്ടി നാഷണൽ കമ്പനികളിൽ ജോലി ലഭിച്ചുമൊക്കെ പോയിട്ടുണ്ട്.
English Summary : Heart Touching Story Of Tamilnadu Couple