മകളെ പരിഹസിച്ചുകൊണ്ട് തരംഗമായിക്കൊണ്ടിരിക്കുന്ന ട്രോളുകൾക്ക് മറുപടിയുമായി ബോളിവുഡ്താരം അജയ് ദേവ്ഗൺ രംഗത്ത്. അജയ് ദേവ്‌ഗണിന്റെ അച്ഛൻ വീരു ദേവ്ഗൺ മരിച്ച് ദിവസങ്ങൾ കഴിയും മുൻപ് അജയ്‌യുടെ മകൾ നൈസ സലൂൺ സന്ദർശിച്ചതിനെ പരിഹിച്ചുകൊണ്ടായിരുന്നു സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ പ്രചരിച്ചത്.

തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് 16 വയസ്സുകാരിയായ തന്റെ മകൾ നിരന്തരം സൈബർ ആക്രമണത്തിന് വിധേയയാകുന്നതിനെക്കുറിച്ചും ഇപ്പോൾ പ്രചരിക്കുന്ന ട്രോളുകൾക്കു പിന്നിലെ സത്യാവസ്ഥയെക്കുറിച്ചും അജയ് വ്യക്തമാക്കിയത്.

മുത്തച്ഛന്റെ മരണശേഷം അവൾ ദിവസം മുഴുവനും നിർത്താതെ കരച്ചിലായിരുന്നു. അതുകണ്ടിരിക്കാൻ വയ്യാത്തതുകൊണ്ട് അവളുടെ മനസ്സൊന്നു മാറ്റിയെടുക്കാനായി പുറത്തൊന്നു കറങ്ങിവരൂവെന്നു പറഞ്ഞ് അവളെ പുറത്തേക്കയച്ചത് താനാണെന്ന് അയജ് ദേവ്ഗൺ പറയുന്നു.

'' അവർക്ക് ( ട്രോൾ ചെയ്യുന്നവർക്ക്) അറിയില്ലല്ലോ യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന്. ഞാൻ ഇതിനെക്കുറിച്ചൊന്നും ഒരിക്കലും സംസാരിക്കുകയില്ലായിരുന്നു. ഒരു ഉദാഹരണം പറയുകയാണെങ്കിൽ എന്റെ അച്ഛൻ മരിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും കുട്ടികൾ വല്ലാതെ അസ്വസ്ഥരായിരുന്നു. ദിവസം മുഴുവൻ നൈസ നിർത്താതെ കരച്ചിലായിരുന്നു. വീട്ടിൽ നിറയെ ആളുകളുമുണ്ടായിരുന്നു. ഒരു മരണവീട്ടിലെ അന്തരീക്ഷം എങ്ങനെയാണെന്ന് നിങ്ങൾക്കറിയാമല്ലോ.

ഞാൻ മകളെ വിളിച്ചു. വിഷമിക്കരുതെന്നു പറഞ്ഞു. അവർ കുട്ടികളല്ലേ, എനിക്കങ്ങനെ പറയേണ്ടി വന്നു. ഒന്നു പുറത്തു പോകൂ. എന്തെങ്കിലും കഴിക്കുകയോ, അല്ലെങ്കിൽ മനസ്സു ശാന്തമാക്കുന്ന എന്തെങ്കിലും കാര്യം ചെയ്യൂ എന്നൊക്കെ പറഞ്ഞു. പക്ഷേ അവൾ എന്നോടു പറഞ്ഞത് അവൾക്ക് പുറത്തു പോകേണ്ടെന്നാണ്. ദയവായി പുറത്തു പോകൂ, അപ്പോൾ നിന്റെ മൂഡ് മാറുമെന്നു പറഞ്ഞ് ഞാനാണ് അവളെ അയച്ചത്. അങ്ങനെയാണ് അവൾ കുറച്ചു നേരത്തേക്ക് പുറത്തു പോയത്. 

എങ്ങോട്ട് പോകണമെന്നൊന്നും അവൾക്കൊരു ധാരണയില്ലായിരുന്നു. അങ്ങനെയാണ് അവൾ പാർലറിൽ പോയത്. ഹെയർവാഷോ മറ്റോ ആണ് അവൾ ചെയ്തത്. അവൾ പാർലറിൽ കയറിയ ചിത്രം പകർത്തിയ ആരോ ആണ് അവളെ ട്രോളുകളിലൂടെ പരിഹസിച്ചത്. മുത്തച്ഛൻ മരിച്ചതിനു പിന്നാലെ അവൾ പാർലറിൽ പോകുന്നു എന്ന അടിക്കുറിപ്പോടെയാണ് മകളുടെ ചിത്രം പ്രചരിച്ചത്. അവർക്ക് ആരാണ് ഇതിനുള്ള അധികാരം കൊടുത്തത്. അവളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനാണ് ഞാൻ അവളെ അയച്ചത്. അങ്ങനെയാണ് അവൾ പുറത്തു പോയതും. പക്ഷേ അതാണ് ഏറ്റവും വലിയ ദുരന്തമായതും. ഇത്രയും പരിഹാസ്യമായ കാര്യങ്ങൾ ചെയ്യാൻ ആരാണ് അവർക്ക് അധികാരം കൊടുത്തത്. നിലവിളിച്ചുകൊണ്ടാണ് അവൾ തിരികെ വീട്ടിലെത്തിയത്. അവൾ വീട്ടിലെത്തുന്ന സമയംകൊണ്ട് ആ ദൃശ്യങ്ങൾ എല്ലായിടത്തും പ്രചരിച്ചു കഴിഞ്ഞിരുന്നു''. - അജയ് ദേവ്ഗൺ പറയുന്നു.

സെലിബ്രിറ്റി കിഡ്സിനെ എല്ലാവരും എപ്പോഴും മുൻവിധിയോടെ കാണുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ :-

''എല്ലായ്പ്പോഴും എവിടെവച്ചും അവരുടെ ചിത്രങ്ങൾ എടുക്കപ്പെടുന്നു. അവരുടെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന കമന്റുകളാണ് പലപ്പോഴും പലരും പറയുന്നത്. അവർ എന്തു തെറ്റാണ് ചെയ്തത്. ഒൻപതോ, പത്തോ, പതിനഞ്ചോ വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങളെയാണ് നിങ്ങൾ മുൻവിധിയോടെ അളക്കുന്നത്. നിങ്ങൾ ഞങ്ങളെ ജഡ്ജ് ചെയ്യൂ. ഞങ്ങളുടെ കുഞ്ഞുങ്ങളെ വെറുതെ വിടൂ''.

English Summary : Ajay Devgn reacts to Nysa getting trolled for salon visit after grandfather’s death