ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഏറെക്കാലമായി പരുക്കുമൂലം ഇന്ത്യന്‍ ടീമില്‍നിന്നു വിട്ടുനില്‍ക്കു കയാണെങ്കിലും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. പുതുവര്‍ഷത്തില്‍ പ്രണയബന്ധം സ്ഥിരീകരിച്ചുകൊണ്ടാണ് പാണ്ഡ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വിരാമമിട്ടുകൊണ്ടാണ് കാമുകിയുമൊത്തുള്ള ചിത്രങ്ങള്‍ പാണ്ഡ്യ പങ്കുവച്ചത്. മുന്‍പ് കരണ്‍ ജോഹറുമൊത്തു‍ള്ള ഒരു ടോക് ഷോയില്‍ ഹാര്‍ദിക് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. അതിന്റെ പേരില്‍ ശിക്ഷാനടപടിയായി ടീമില്‍നിന്നു പുറത്താക്കുകപോലും ചെയ്തിരുന്നു. 

തനിക്ക് അനേകം കാമുകിമാരുണ്ടെന്നും ഒരേ സമയം പലരുമായും സന്ദേശങ്ങള്‍ കൈമാറുണ്ട് എന്നൊക്കെ യായാരുന്നു ഹാര്‍ദിക് പറഞ്ഞത്. യുവക്രിക്കറ്റ് താരം എന്ന നിലയില്‍ പരാമര്‍ശങ്ങള്‍ പുതുതലമുറയെ വഴിതെറ്റിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ഹാര്‍ദികിനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ശിക്ഷിച്ചത്. ഇപ്പോള്‍, എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ഹാര്‍ദിക് പ്രഖ്യാപിക്കുന്നു: ഇവളാണ് എന്റെ കാമുകി, ജീവിതസഖി, എല്ലാമെല്ലാം,എന്റെ ജീവന്റെ ജീവന്‍. 

സെര്‍ബിയന്‍ സുന്ദരിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ തീപ്പൊരി താരമായ ഹാര്‍ദിക്കിന്റെ മനം കവര്‍ന്നിരിക്കുന്നത്. നടാഷ സ്റ്റാന്‍കോവിച്ച്. ഇരുവരും ഒരുമിച്ചിരിക്കുന്നതും ചുംബിക്കുന്നതുമായ ചിത്രങ്ങള്‍ ഹാര്‍ദിക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. നടിയും മോഡലും നര്‍ത്തകിയുമായ നടാഷ സെര്‍ബിയയിലാണ് ജനിച്ചത്. 1992 മാര്‍ച്ച് നാലിന്. എട്ടുവര്‍ഷം മുമ്പാണ് മുംബൈയില്‍ എത്തുന്നത്. പ്രകാശ് ഝാ സംവിധാനം ചെയ്ത സത്യഗ്രഹയായിരുന്നു ആദ്യ ചിത്രം. 

സത്യഗ്രഹയിലെ പാട്ടിനൊത്ത് ചുവടുവച്ചാണ് നടാഷ ബോളിവുഡിന്റെ ഹൃദയം കവര്‍ന്നതും. പിന്നീടും ചെറു രംഗങ്ങളിലും നൃത്ത സീനുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സംഗീത ആല്‍ബങ്ങളാണ് നാടാഷയെ പ്രശസ്തയാക്കിയത്. മികച്ച നര്‍ത്തകിയും മോഡലും കൂടിയാണ് നടാഷ. 2020 ലെ ആദ്യ ദിവസം തങ്ങള്‍ എന്‍ഗേജ്ഡ് ആയി എന്ന അടിക്കുറിപ്പോടെയാണ് ഹാര്‍ദിക് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഹാര്‍ദിക്കിനെ ആദ്യം അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് സഹതാരം കുല്‍ദീപ് യാദവാണ്. പിന്നാലെ മറ്റു താരങ്ങളും ആരാധകരും പ്രണയത്തിന് ആശംസകളുമായി സന്ദേശങ്ങള്‍ ചൊരിഞ്ഞു. 

വെടിക്കെട്ടോടെ വര്‍ഷം തുടങ്ങുന്നു എന്നാണു പ്രണയബന്ധം പ്രഖ്യാപിച്ചുകൊണ്ട് ഹാര്‍ദിക് എഴുതിയിരിക്കുന്നത്. പരുക്കിനുശേഷം ന്യൂസിലന്‍ഡിനെതിരെയാണ് ഹാര്‍ദിക് ഇനി കളത്തിലിറങ്ങാന്‍ പോകുന്നത്. ഇന്ത്യ എ ടീമിന്റെ ഭാഗമായി കളിച്ച് മൽസരക്ഷമത വീണ്ടെടുത്തശേഷം സീനിയര്‍ ടീമില്‍ എത്താമെന്നാണു പ്രതീക്ഷ. 

English Summary : Nataša Stanković's Love Story

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT