‘ഇതിൽ എനിക്കിനി ഒന്നും മറയ്ക്കാനില്ല’, ഡേറ്റിങ്ങിൽ തുറന്നു പറച്ചിലുമായി ആമിറിന്റെ മകൾ
മിഷാൽ കൃപലാനിയുമായുള്ള ഡേറ്റിങ്ങ് വിഷയത്തിൽ തുറന്നു പറച്ചിലുമായി ആമിർ ഖാന്റെ മകൾ ഐറ ഖാൻ. വിഷയത്തിൽ തനിക്കിനി ഒന്നും മറയ്ക്കാനില്ലെന്ന് ഐറ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിഷാൽ കൃപലാനിയുമായുള്ള ബന്ധത്തിൽ മുൻപ് ഐറ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ: ‘ഒന്നും തുറന്നു പറയാൻ ഞാനിപ്പോൾ ആഗ്രഹിക്കുന്നില്ല. എന്താണോ എനിക്ക് തോന്നുന്നത് അത് ഞാനപ്പോൾ എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യും. സത്യസന്ധമായി തന്നെയാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഞാൻ ഉപയോഗിക്കുന്നത്. അവിടെ പറയുന്ന കാര്യങ്ങളും സത്യമായിരിക്കും.’
മിഷാൽ കൃപലാനിയുമായുള്ള ഡേറ്റിങ്ങിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അത് തികച്ചും ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നായിരുന്നു ഐറയുടെ മറുപടി. ‘നമുക്ക് തുറന്നു പറയാൻ തോന്നുമ്പോൾ നമ്മൾ കാര്യങ്ങൾ തുറന്നു പറയുക. തുറന്നു പറയാൻ ഇഷ്ടമില്ലെങ്കിൽ പറയരുത്. ചിലകാര്യങ്ങൾ ഞാൻ തുറന്നു പറയാൻ ആഗ്രഹിക്കുന്നില്ല. അതുപോലെ തന്നെ ചിലത് മറച്ചു വയ്ക്കാനും ആഗ്രഹിക്കുന്നില്ല.’– ഐറ പറഞ്ഞു
നിങ്ങൾ ആരെങ്കിലുമായി ഡേറ്റിങ്ങിലാണോ എന്ന് സോഷ്യൽ മീഡിയയിൽ ആരാധകന്റെ ചോദ്യത്തിന് ഒരു ചിത്രം മിഷാൽ കൃപലാനിയെ ടാഗ് ചെയ്തായിരുന്നു ഐറയുടെ മറുപടി. ഇരുവരും ഒരുമിച്ചുള്ള വിഡിയോകളും ചിത്രങ്ങളും ഐറ നേരത്തെ പങ്കുവച്ചിരുന്നു. ആമിറിന് ആദ്യഭാര്യ റീനദത്തിയില് രണ്ടുമക്കളാണുള്ളത്. അതിൽ ഇളയവളാണ് ഐറ.
English Summary: "If you feel like being open about it, you should be open about it, and if you don't, then don't," said Ira Khan