ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു. പലരും പ്രണയാഭ്യർഥന നടത്തിയിരുന്നെങ്കിലും എന്തുകൊണ്ടാണ് നിക് ജോനാസിനെ തന്നെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തതെന്ന് പറയുകയാണ് പ്രിയങ്ക. ഒറ്റക്കാരണത്താലാണ് നിക്കുമായി ഡേറ്റിങ് ആരംഭിച്ചതെന്നും പ്രിയങ്ക ചോപ്ര ഒരു അഭിമുഖത്തിൽ പറഞ്ഞു. 

‘എന്റെ ജീവിതം സംഗീതമയമായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോൾ നിക്കിനോടൊപ്പമാകുമ്പോൾ ആ ആഗ്രഹം സഫലമാകുകയാണ്. 24 മണിക്കുറും സംഗീതമയമാണ്. ‘ക്ലോസ്’ എന്ന ഗാനത്തിന്റെ വിഡിയോ കണ്ടപ്പോഴാണ് നിക്കിനോടെനിക്ക് തീവ്രമായ പ്രണയം തോന്നിയത്. കാരണം ആ വിഡിയോയിൽ സംഗീതത്തോടുള്ള നിക് ജോനാസിന്റെ അഭിനിവശം വ്യക്തമായിരുന്നു. അതുകൊണ്ട് ആ ഗാനം എനിക്കേറെ പ്രിയപ്പെട്ടതാണ്.’– പ്രിയങ്ക പറഞ്ഞു. 

അതുവരെ പരിചയപ്പെട്ടവരില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു നിക് ജോനാസ് എന്നും പ്രിയങ്ക പറഞ്ഞു. ‘എന്റെ കാഴ്ചപ്പാടിനെ എന്റെ സ്വപ്നങ്ങളെ എല്ലാം എന്നെക്കാൾ  കൂടുതൽ നിക് സ്നേഹിക്കുന്നു. അങ്ങനെ ചിന്തിക്കുന്ന ഒരാളെ ആദ്യമായാണ് ഞാൻ കാണുന്നത്. ഞാന്‍ എങ്ങനെയാണോ എന്റെ സുഹൃത്തുക്കളെ പരിഗണിക്കുന്നത് അങ്ങനെ തന്നെയാണ് നിക്കും എന്റെ സുഹൃത്തുക്കളെ പരിഗണിക്കുന്നത്.ആദ്യം ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് ഒരുമിച്ചു ജീവിച്ചാൽ നന്നായിരിക്കുമെന്ന് ഇരുവരും ചിന്തിക്കുകയായിരുന്നു’– പ്രിയങ്ക കൂട്ടിച്ചേർത്തു

വിവാഹത്തിനുള്ള തീരുമാനം എടുത്തത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നായിരുന്നു നിക് ജോനാസിന്റെ പ്രതികരണം. ‘നിരവധി തവണ സംസാരിച്ചതിനു ശേഷമാണ് വിവാഹ നിശ്ചയം നടന്നത്. അതിനു ശേഷവും വിവാഹം കഴിക്കണമോ എന്നതു സംബന്ധിച്ച് ഞങ്ങൾ പലതവണ സംസാരിച്ചിരുന്നു.’– നിക് ജോനാസ് അറിയിച്ചു. 

2016 മുതലാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. 2018 ഗാല സംഗീത പരിപാടിയിലാണ് ഇരുവരും ഒരുമിച്ച് എത്തിയത്. 2018 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം.