കഴിഞ്ഞ കുറച്ചു ദിവസമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഗ്രാമിയിലെ വസ്ത്രധാരണം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ധാരാളം വിമർശനങ്ങൾ വന്നിരുന്നു. മാത്രമല്ല, നിരവധി ട്രോളുകളും ഇതേതുടർന്ന് ഉണ്ടായി. തനിക്ക് അനുയോജ്യമായ വസ്ത്രമാണ് എപ്പോഴും ധരിക്കാറുള്ളതെന്നായിരുന്നു വിമർശനങ്ങൾക്ക് പ്രിയങ്ക ചോപ്രയുടെ മറുപടി. ഇപ്പോൾ വിമർശനങ്ങൾക്കുള്ള മറുപടിയുമായി എത്തുകയാണ് പ്രിയങ്കയുടെ മാതാവ് മധു ചോപ്ര.

‘പ്രിയങ്കയ്ക്ക് ഭംഗിയുള്ള ശരീരമുണ്ട്. പരിഹസിക്കുന്നവർ അവരുടെ കംപ്യുട്ടറുകൾക്കു പിന്നിൽ മറഞ്ഞിരിക്കുന്നതാണ്. മാത്രമല്ല, അവർക്ക് പലതും മറച്ചു വയ്ക്കാനും കാണും.’– മധു  ചോപ്ര പറഞ്ഞു. വസ്ത്രം ഡിസൈൻ ചെയ്ത പ്രശസ്ത  ഡിസൈനർമാരായ റാൽഫ്, റൂസോ എന്നിവരും സമൂഹമാധ്യമങ്ങളിൽ വിമർശിക്കപ്പെട്ടു. ‘ഇങ്ങനെ ഒരു സംഭവം ഉണ്ടായതിൽ എനിക്ക് സന്തോഷമാണ്. കാരണം അവളെ കൂടുതൽ കരുത്തയാക്കാൻ ഈ പരിഹാസങ്ങൾക്ക് സാധിക്കും. പ്രിയങ്ക അവളുടെ ഇഷ്ടപ്രകാരമാണ് ജീവിക്കുന്നത്. മറ്റുള്ളവരെ അവൾ ഉപദ്രവിക്കാറില്ല. അത് അവളുടെ ശരീരമാണ്. അവൾ സുന്ദരിയുമാണ്.’– മധു ചോപ്ര വ്യക്തമാക്കി.

തന്നെ കാണിച്ച് അനുവാദം വാങ്ങിയ ശേഷമാണ് പ്രിയങ്ക ഈ ഉടുപ്പ് ധരിച്ച് ഗ്രാമിയുടെ റെഡ് കാർപ്പെറ്റില്‍ എത്തിയതെന്നും മധു ചോപ്ര പറഞ്ഞു. ‘ഈ വസ്ത്രം ധരിക്കുന്നതിനു മുൻപ് അവൾ എന്നെ കാണിച്ചിരുന്നു. വസ്ത്രം കണ്ടപ്പോൾ ഒരു പൊതുവേദിയിൽ ധരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ ആദ്യം കരുതി. പക്ഷേ, അവൾക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. വേറെ ജോലിയൊന്നും ഇല്ലാത്തവരാണ് ട്രോളുകളുമായി എത്തുന്നത്. അവർ കംപ്യൂട്ടറുകൾക്കു പിന്നിൽ ഒളിച്ചിരിക്കുന്നവരാണ്. ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ അവർക്ക് കഴിയില്ല. ’– മധു ചോപ്ര പറഞ്ഞു.

English Summary: Priyanka Chopra's mother Madhu Chopra defends her Grammys dress, says actress has beautiful body