ആരാധകരെ കണ്ണീരിലാഴ്ത്തിയാണ് ബോളിവുഡിലെ നിത്യഹരിതനായകൻ ഋഷി കപൂർ ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ വിയോഗത്തിനു രണ്ടു ദിവസം പിന്നിടുമ്പോൾ ഹൃദയത്തെ തൊടുന്ന ഓർമ പങ്കുവയ്ക്കുകയാണ് ഭാര്യ നീതു കപൂർ. സോഷ്യൽ മീഡിയയിലൂടെയാണ് നീതു ഭർത്താവിന്റെ ഓർമ ആരാധകരുമായി പങ്കുവയ്ക്കുന്നത്. 

കയ്യിൽ ഡ്രിങ്ക്സുമായി പുഞ്ചിരിയോടെ ഇരിക്കുന്ന ഋഷി കപൂറിന്റെ ചിത്രവും നീതു പങ്കുവച്ചു.‘നമ്മുടെ കഥ അവസാനിച്ചു’ എന്ന കുറിപ്പോടെയാണ് ചിത്രം. അർബുദത്തെ തുടർന്ന് വ്യാഴാഴ്ച മുംബൈയിലെ ആശുപത്രിയിലായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. രണ്ട് വർഷത്തോളം ന്യൂയോർക്കിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ സപ്റ്റംബറിലാണ് ഋഷി കപൂർ മുംബൈയിൽ തിരിച്ചെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ സംസ്കാരചടങ്ങുകൾ. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 

1980ലായിരുന്നു ഋഷി കപൂറും നീതുവും തമ്മിലുള്ള വിവാഹം. നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ നീതു തന്നെയാണ് ഇൻസ്റ്റഗ്രാമിൽ  പങ്കുവച്ച കുറിപ്പിലൂടെ ഋഷി കപൂറിന്റെ മരണവാർത്ത ആരാധകരെ അറിയിച്ചത്. 2019ൽ പുറത്തിറങ്ങിയ ദ് ബോഡിയായിരുന്നു ഋഷി കപൂറിന്റെ അവസാന ചിത്രം. 

English Summary: "End Of Our Story": Neetu Kapoor's Farewell Note For Rishi Kapoor. It's Okay To Cry