പിതാവിനെ അവസാനമായി ഒരു നോക്കു കാണാൻ കഴിയാത്തതിന്റെ വേദനയിലാണ് പ്രശസ്ത ബോളിവുഡ് താരം ഋഷി കപൂറിന്റെ മകൾ ഋധിമ കപൂർ സാഹ്നി. ലോക്ഡൗണ്‍ കാരണം പിതാവിന്റെ സംസ്കാര ചടങ്ങിൽ പോലും പങ്കെടുക്കാൻ ഋധിമയ്ക്ക് സാധിച്ചിരുന്നില്ല. തുടർന്ന് ഡൽഹിയില്‍ നിന്നും കാർ മാർഗം ഋധിമ മുംബൈയലെത്തിയതും വാർത്തകളിൽ  ഇടംനേടിയിരുന്നു. ഇപ്പോൾ പിതാവിനെ കുറിച്ചുള്ള കുട്ടിക്കാലത്തെ ഓർമകൾ നിറമിഴികളോടെ ആരാധകരുമായി പങ്കുവയ്ക്കുകയാണ് ഋധിമ.

‘ഇതിഹാസങ്ങൾ എല്ലാകാലത്തും ജീവിക്കും. മിസ് യൂ...’ എന്ന കുറിപ്പോടെയാണ് ഋധിമ പിതാവിനൊപ്പമുള്ള ഓർമചിത്രം പങ്കുവച്ചത്. സഹോദരനും നടനുമായ രൺബീർ കപൂറിനും  പിതാവ് ഋഷി കപൂറിനും  ഒപ്പമുള്ള നിരവധി ചിത്രങ്ങൾ ഋധിമ പങ്കുവച്ചു. ഋഷി കപൂർ അമ്മ കൃഷ രാജ് കപൂറിനൊപ്പമുള്ള ഒരു ചിത്രവും   ഋധിമ പങ്കുവച്ചവയിൽ ഉൾപ്പെടുന്നു. 

ഏപ്രിൽ 30ന് രാവിലെ മുംബൈയിലായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. തലേന്ന് രാത്രി തന്നെ ഡൽഹിയില്‍ നിന്നും മുംബൈയിലെത്താനുള്ള പ്രത്യേക അനുമതി നേടിയിരുന്നു. നിലവിൽ ജ്വല്ലറി ഡിസൈനറാണ് ഋധിമ. കുടുംബത്തിനുണ്ടായ വലിയ നഷ്ടത്തെ കുറിച്ച് കഴിഞ്ഞ ദിവസം  ഋഷി കപൂറിന്റെ ഭാര്യ  നീതു കപൂറും പോസ്റ്റ് ചെയ്തിരുന്നു. അർബുദബാധയെ തുടർന്നായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. 2018 മുതല്‍ ന്യൂയോർക്കിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പതിനൊന്നു മാസത്തെ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ സപ്റ്റംബറിലാണ് അദ്ദേഹം മുംബൈയിൽ മടങ്ങിയെത്തിയത്. 

English Summary: Missing Rishi Kapoor, Riddhima Is Revisiting Childhood Memories Because "Legends Live Forever"